വളര്‍ച്ചയില്‍കണ്ണും നട്ട് രാജ്യം

moonamvazhi

 

– കിരണ്‍ വാസു

കോവിഡ് വ്യാപനത്തിന്റെ ആഘാതത്തില്‍ ആടിയുലഞ്ഞതാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ. വ്യാപാരമേഖലകള്‍ നിലച്ചുപോയ ഘട്ടം. ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ പലതും തകര്‍ന്നു. ചിലതു നഷ്ടത്തിലേക്കു കൂപ്പുകുത്തി. ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞു. സമ്പദ് വ്യവസ്ഥ പൂര്‍വസ്ഥിതിയിലേക്കു തിരിച്ചുവരുന്നത് എപ്പോഴാകുമെന്ന് ഉറപ്പിക്കാന്‍പോലും പറ്റാത്ത സ്ഥിതിയാണ് ഒരു ഘട്ടത്തിലുണ്ടായിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത് ഈ ഘട്ടത്തിലാണ്. ഭക്ഷ്യോല്‍പ്പാദനം, സംസ്‌കരണം, വിപണനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി. കാര്‍ഷിക അനുബന്ധ മേഖലകളില്‍ സംരംഭങ്ങള്‍ക്കു പ്രോത്സാഹനം നല്‍കി. ഇതില്‍ത്തന്നെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള സംരംഭങ്ങള്‍ക്കായിരുന്നു പ്രാധാന്യം. ബാങ്കുകളോട് കൂടുതല്‍ വായ്പ അനുവദിക്കാന്‍ നിര്‍ദേശം നല്‍കി. തിരിച്ചടവിനു കാലപരിധി കൂട്ടി. പലിശയിളവും സബ്‌സിഡിയും നല്‍കി. കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ ആഘാതം സാമ്പത്തിക മേഖലയില്‍ കുറയ്ക്കാന്‍ ഈ നടപടികളെല്ലാം സഹായിച്ചുവെന്നതു വസ്തുതയാണ്. എന്നാല്‍, ഇവകൊണ്ടുമാത്രം വീണ്ടെടുക്കാവുന്നതാണു സാമ്പത്തിക വളര്‍ച്ചയെന്ന ധാരണ റിസര്‍വ് ബാങ്കിനുപോലും ഉണ്ടായിരുന്നില്ല.

അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയിലേക്കു കൂടുതല്‍ പണമെത്തിക്കുകയും അവര്‍ക്കു വരുമാനം ഉറപ്പാക്കുകയും ചെയ്തുകൊണ്ടുള്ള പദ്ധതി ആസൂത്രണമാണ് ഉത്തേജന പാക്കേജിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. 25,000 കോടി രൂപ ഗ്രാമീണ മേഖലയില്‍ ചെലവഴിക്കാന്‍ റിസര്‍വ് ബാങ്ക് നബാര്‍ഡിനോട് നിര്‍ദേശിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഗ്രാമീണ്‍ ബാങ്കുകളും സഹകരണ ബാങ്കുകളും വഴിയാണ് ഈ പണം ജനങ്ങളിലെത്തിക്കാന്‍, പ്രത്യേകിച്ച് കാര്‍ഷിക മേഖലയിലെത്തിക്കാന്‍, തീരുമാനിച്ചത്. കേരളത്തിനു 2500 കോടി രൂപയാണ് ഇങ്ങനെ ലഭിച്ചത്. സംസ്ഥാന സഹകരണ ബാങ്കുവഴി 1500 കോടിയും ഗ്രാമീണ്‍ ബാങ്കുവഴി 1000 കോടിയും കാര്‍ഷിക അനുബന്ധ മേഖലകളില്‍ സ്‌പെഷല്‍ ലിക്യുഡിറ്റി ഫണ്ട് എന്ന പേരില്‍ കുറഞ്ഞ പലിശയ്ക്കു വായ്പയായി നല്‍കി. ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക് ഒട്ടേറെ ഇളവുകളും സഹായങ്ങളും നല്‍കി. ഇതിനൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍കൂടി ശക്തമാക്കിയപ്പോള്‍ സാമ്പത്തിക മേഖലയില്‍നിന്നു ശുഭസൂചനകള്‍ പ്രകടമായിത്തുടങ്ങി. രണ്ടാം തരംഗം കേരളത്തെ പിടിച്ചുകുലുക്കിയെങ്കിലും രാജ്യത്താകെ വലിയ ആഘാതമുണ്ടാക്കി എന്നു പറയാനായിട്ടില്ല.

മൂന്നാം തരംഗ ഭീഷണി

ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ ഭീഷണിയുടെ ഘട്ടമാണ്. പക്ഷേ, സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണെന്നാണു പുറത്തുവരുന്ന വിവരം. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക്തന്നെ ശുഭപ്രതീക്ഷ പങ്കുവെക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 10.5 ശതമാനം വളര്‍ച്ച നേടുമെന്നാണു റിസര്‍വ് ബാങ്കിന്റെ നിഗമനം. മാസങ്ങള്‍ക്കു മുമ്പ് ധനനയ അവലോകനത്തില്‍ ആര്‍.ബി.ഐ. ഈ വളര്‍ച്ചനിരക്ക് മുന്നോട്ടുവെച്ചിരുന്നു. തുടര്‍ന്ന് സമ്പദ്‌രംഗത്ത് രണ്ടാം തരംഗം പിടിമുറുക്കിയതോടെ വളര്‍ച്ച 9.5 ശതമാനമാകുമെന്നു റിസര്‍വ് ബാങ്ക് തിരുത്തി. നിലവില്‍ വളര്‍ച്ചാ അനുമാനത്തില്‍ മാറ്റം വരാനുള്ള ഒരു സാധ്യതയും കാണുന്നില്ലെന്നാണു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തകാന്തദാസ് പറയുന്നത്.

രണ്ടാം തരംഗത്തെ മറികടന്നുള്ള സാമ്പത്തിക പുരോഗതി പല രംഗങ്ങളിലും ആര്‍.ബി.ഐ. നിരീക്ഷിക്കുന്നുണ്ട്. 2021 – 22 സാമ്പത്തിക വര്‍ഷം രാജ്യത്തെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ച രണ്ടക്കം കടക്കുമെന്ന പ്രതീക്ഷയാണു നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് കുമാറും പങ്കുവെക്കുന്നത്. കോവിഡിന്റെ ആദ്യത്തെ രണ്ട് തരംഗങ്ങളില്‍നിന്ന് അതിജീവനത്തിന്റെ പാഠം പഠിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കു സാധിച്ചുവെന്നും അദ്ദേഹം വിലയിരുത്തുന്നു. വിദേശ നിക്ഷേപത്തിലുണ്ടായ വര്‍ധനവാണു സമ്പദ്‌വ്യവസ്ഥയിലെ വളര്‍ച്ചയുടെ അടയാളമായി കണക്കാക്കുന്ന പ്രധാന ഘടകം. മാത്രവുമല്ല, സ്റ്റാര്‍ട്ടപ്പ് രംഗത്തു നല്ല മുന്നേറ്റവുമുണ്ടായി. ഐ.പി.ഒ. ലിസ്റ്റ് ചെയ്യാന്‍ സ്റ്റാര്‍ട്ടപ്പുകളുടെ നിരതന്നെയുണ്ടായി. ഇതെല്ലാമാണു സമ്പദ്ഘടനയുടെ വീണ്ടെടുക്കല്‍ സൂചകങ്ങളായി രാജീവ് കുമാര്‍ ചൂണ്ടിക്കാട്ടുന്നത്.

കോവിഡ് രണ്ടാം തരംഗം ശക്തിപ്രാപിച്ചതോടെ സമ്പദ്‌രംഗത്ത് അതിന്റെ ആഘാതം രൂക്ഷമാകുമെന്നു പല റേറ്റിങ് ഏജന്‍സികളും ചൂണ്ടിക്കാട്ടിയിരുന്നു. വളര്‍ച്ചയുടെ തോത് പ്രതീക്ഷിച്ചത്ര എത്തില്ലെന്നു മാത്രമല്ല അതിന്റെ റേറ്റ് ഏജന്‍സികള്‍ കുറയ്ക്കുകയും ചെയ്തു. കോവിഡിനു മുമ്പുള്ള വളര്‍ച്ചയിലേക്കു സമ്പദ്ഘടന വീണ്ടെടുക്കാന്‍ വൈകുമെന്ന വിലയിരുത്തലാണു റേറ്റിങ് ഏജന്‍സികള്‍ക്കുള്ളത്. ഈ വിഭാഗത്തിലെ പ്രധാന ഏജന്‍സിയായ ഇക്രയുടെ വിലയിരുത്തലില്‍ രണ്ടാം തരംഗത്തിനു ശേഷമുള്ള ഇളവുകളുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗം ശക്തമാവുകയും ആദ്യപാദ വളര്‍ച്ചയില്‍ മുന്നേറ്റം ഉണ്ടാവുകയും ചെയ്യുമെങ്കിലും അതു കോവിഡിനു മുമ്പുള്ള വളര്‍ച്ചയിലെത്താന്‍ സമയം വേണ്ടിവരുമെന്നു വ്യക്തമാക്കുന്നു. 2021 – 22 ലെ മൊത്തം ജി.ഡി.പി. വളര്‍ച്ച 2019 – 20 നേക്കാള്‍ കുറവായിരിക്കുമെന്നും വിലയിരുത്തുന്നുണ്ട്. എന്നാല്‍, അത്ര ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണു ആര്‍.ബി.ഐ. വ്യക്തമാക്കുന്നത്. സാമ്പത്തിക വളര്‍ച്ച ഉണ്ടാകുന്നതിനു പല ഘടകങ്ങളുണ്ട്. രാജ്യത്തേക്കു കൂടുതല്‍ വിദേശ നിക്ഷേപമെത്തുന്നത് അതില്‍ പ്രധാനമാണ്. ഈ കോവിഡ് സാഹചര്യത്തില്‍ പല കമ്പനികളും രാജ്യത്തെത്തിയിട്ടുണ്ട്. രാജ്യത്തെ പ്രധാന ബിസിനസ് ഹൗസുകളിലും കൂടുതല്‍ നിക്ഷേപമെത്തി. സാമ്പത്തിക പുരോഗതിയില്‍ അതു വലിയ മുതല്‍ക്കൂട്ടാകുമെന്നും കണക്കാക്കുന്നു. കോവിഡ് പ്രഭാവം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ നെഗറ്റീവ് വളര്‍ച്ചയില്‍ എത്തിച്ച കാലത്തുനിന്നു തിരികെയുള്ള വീണ്ടെടുക്കലാണ് ഉണ്ടാകുന്നത്. അതില്‍ രാജ്യത്തെ കേന്ദ്ര ബാങ്കും നീതി ആയോഗുമെല്ലാം ശുഭപ്രതീക്ഷയിലാണ്. വ്യാവസായിക, ഉല്‍പ്പാദന രംഗങ്ങളില്‍ പ്രകടമാകുന്ന മുന്നേറ്റവും രാജ്യത്തേക്ക് എത്തുന്ന അധിക വിദേശ നിക്ഷേപവുമെല്ലാം ആ ശുഭപ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. എന്നാല്‍, മൂന്നാം തരംഗം ഉയര്‍ത്തുന്ന വെല്ലുവിളികളെ രാജ്യം എത്രമാത്രം സമര്‍ഥമായി മറികടക്കുന്നുവെന്നതാവും ഇവിടെ നിര്‍ണായകമാവുക.

പണമൊഴുക്കാന്‍ വായ്പ

ഗ്രാമീണ – ചെറുകിട സംരംഭ മേഖലയിലേക്കു കൂടുതല്‍ പണമെത്തിക്കാനുള്ള ശ്രമം സമ്പദ്‌വ്യവസ്ഥയെ സഹായിച്ചുവെന്നാണു വിലയിരുത്തുന്നത്. കോവിഡ് ദുരിത കാലത്ത് ആത്മനിര്‍ഭര്‍ ഭാരത് പാക്കേജില്‍ കേന്ദ്രം നടപ്പാക്കിയ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റി സ്‌കീം വഴി സംസ്ഥാനത്തു ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങള്‍ 6,000 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. രാജ്യത്തു മൊത്തം വായ്പയുടെ വിതരണം മൂന്നു ലക്ഷം കോടി രൂപയ്ക്കു മുകളില്‍ എത്തിയിട്ടുണ്ടെന്നും കണക്കാക്കുന്നു. എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റി സ്‌കീമില്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ നിന്നു 5967.67 കോടി രൂപയുടെ വായ്പകളാണു നല്‍കിയിട്ടുള്ളത്. 1,17,560 പേര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചതായാണു കണക്കാക്കുന്നത്. പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ വാണിജ്യ ബാങ്കുകള്‍, ഗ്രാമീണ ബാങ്ക്, ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഈ പദ്ധതി വഴി വായ്പ നല്‍കുന്നുണ്ട്. 2021 മാര്‍ച്ച് 31 വരെ 2360.04 കോടി രൂപയുടെ വായ്പകള്‍ പൊതുമേഖലാ ബാങ്കുകള്‍ വഴി നല്‍കിയിട്ടുണ്ട്. മറ്റു സ്വകാര്യ വാണിജ്യ ബാങ്കുകളിലൂടെ 3582.26 കോടി രൂപയും ഗ്രാമീണ്‍ ബാങ്ക് വഴി 26 കോടിയോളം രൂപയും വായ്പയായി നല്‍കി.

2019 – 20 സാമ്പത്തിക വര്‍ഷം 250 കോടി രൂപ വരെ വിറ്റുവരവുള്ള സംരംഭങ്ങള്‍ക്ക് ഈ സ്‌കീമില്‍ വായ്പയ്ക്ക് അര്‍ഹതയുണ്ടായിരുന്നു. 2020 ഫെബ്രുവരി 29 നു മുമ്പു മുദ്രാ വായ്പ എടുത്തവര്‍ക്കും വായ്പയ്ക്കായി അപേക്ഷിക്കാം. പുതുതായി ഈടുകളായി ഒന്നുംതന്നെ ആവശ്യമില്ലെന്ന പ്രത്യേകതയുമുണ്ട്. വായ്പകള്‍ക്കു 100 ശതമാനം സര്‍ക്കാര്‍ ഗാരന്റിയും ലഭിക്കുന്നു. പദ്ധതികള്‍ക്കു ലഭിച്ച വലിയ സ്വീകാര്യത മുന്‍നിര്‍ത്തി വായ്പക്കുള്ള ക്ലോസിങ് തീയതി നീട്ടിനല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഒട്ടേറെ സംരംഭങ്ങള്‍ക്കു പ്രവര്‍ത്തനത്തിനാവശ്യമായ മൂലധനം ഉറപ്പാക്കുക എന്ന വലിയ ലക്ഷ്യമാണ് എമര്‍ജന്‍സി ക്രെഡിറ്റ് സ്‌കീം വഴി നിറവേറ്റപ്പെടുന്നത്. കൂടുതല്‍ സംരംഭകര്‍ക്ക് ഈ പ്രതിസന്ധിയില്‍നിന്നു കരകയറി അവരുടെ വായ്പകള്‍ യഥാസമയം തിരിച്ചടയ്ക്കാന്‍ ഇതിലൂടെ സാധിച്ചു. ഉല്‍പ്പാദനക്ഷമത വീണ്ടെടുക്കാനായി. സാമ്പത്തിക ആഘാതത്തിന്റെ കെടുതിയില്‍പ്പെട്ടുപോകാതെ വിപണിയില്‍ പിടിച്ചുനല്‍ക്കാനായി. വായ്പകള്‍ അധികബാധ്യത ആവാതിരിക്കുക എന്നതു പ്രധാനമാണ്. എങ്കില്‍ മാത്രമേ പദ്ധതി ഉദ്ദേശിച്ച ഫലപ്രാപ്തിയിലേക്ക് എത്തുകയുള്ളൂ. വായ്പ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുകയെന്നതാണു മുഖ്യം. ബാങ്കുകള്‍ക്ക് അവയുടെ ആരോഗ്യകരമായ നിലനില്‍പ്പിനും ഇതൊക്കെ അത്യാവശ്യം തന്നെയാണ്.

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് ലഭിച്ചതോടെ രാജ്യത്തെ ബിസിനസ് സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുന്ന സൂചനകളാണ് ഇപ്പോഴുള്ളത്. വ്യാപാര മേഖലയിലും ഉണര്‍വുണ്ടായിട്ടുണ്ട്. ഉല്‍പ്പാദന മേഖല പഴയ രീതിയിലേക്ക് എത്തിത്തുടങ്ങി. വ്യാവസായിക രംഗവും മുന്നേറ്റം കാണിക്കുന്നുണ്ട്. ജനങ്ങളുടെ വരുമാനം ഉറപ്പാക്കാനാകുന്ന വിധത്തില്‍ ജോലി ഉറപ്പാക്കാന്‍ സംരംഭങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഇതു പണപ്പെരുപ്പത്തെ തടഞ്ഞു. ഈ അനുകൂല കാലാവസ്ഥയില്‍ സമ്പദ്ഘടനയുടെ നട്ടെല്ല് തന്നെയായ ഇടത്തരം – ചെറുകിട വ്യവസായങ്ങള്‍ക്കും പുനരുജ്ജീവനത്തിന് അവസരം കൈവരുന്നത് ശുഭോതര്‍ക്കമാണ്. അതാണു വായ്പാ വ്യവസ്ഥകള്‍ ഉദാരമാക്കിയതിലൂടെയും കൂടുതല്‍ പണമെത്തിക്കാന്‍ സ്‌കീം കൊണ്ടുവന്നതിലൂടെയും സംഭവിച്ചത്. സംരംഭങ്ങള്‍ക്കു മൂലധന പര്യാപ്തത ഉറപ്പാക്കുന്നതില്‍ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റി പദ്ധതിക്കു വലിയ പങ്കു വഹിക്കാനായിട്ടുണ്ട്.

ഇ-കൊമേഴ്‌സിന്റെ ലോകം

കോവിഡ് അവസരമാക്കണമെന്നതു വ്യവസായ – വാണിജ്യ ലോകം പൊതുവെ ഉയര്‍ത്തിയ അതിജീവന മുദ്രാവാക്യമാണ്. എന്നാല്‍, അതുകൊണ്ടുമാത്രം പിടിച്ചുനില്‍ക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ഇനി തിരിച്ചുവരാനാവാത്തവിധം തകര്‍ന്നുപോയ സംരംഭങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. പുതിയ സംരംഭങ്ങള്‍ ഉയര്‍ന്നുവന്നിട്ടുമുണ്ട്. ഇ – കൊമേഴ്‌സിന്റെ പുതിയൊരു ലോകംതന്നെ തുറന്നുവെന്നതാണു കോവിഡ് തീര്‍ത്ത മറ്റൊരു മാറ്റം. പ്രാദേശികമായിപ്പോലും ഇ – കൊമേഴ്‌സ് ശൃംഖലകള്‍ രൂപപ്പെട്ടു. നാട്ടിന്‍പുറങ്ങളില്‍പ്പോലും അതു സജീവമായി. ചെറുകിട വ്യാപാരികള്‍ ഈ ശൃംഖലയുടെ ഭാഗമായി. ഗ്രാമീണര്‍പോലും ഓണ്‍ലൈന്‍ വിപണിയുടെ ഉപഭോക്താക്കളായി. ചെറുതും വലതുമായ കമ്പനികള്‍ ഇ – കൊമേഴ്‌സ് രംഗത്തേക്കു കടന്നുവന്നു. ഉല്‍പ്പാദനക്കമ്പനികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈന്‍ വിപണി സൃഷ്ടിച്ചു. വലിയ കുതിച്ചുചാട്ടമാണ് ഈ രംഗത്തുണ്ടായത്. ഇതു ലോകത്താകെയുണ്ടായ മാറ്റമാണ്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ മറ്റേതൊരു രംഗത്തുമുണ്ടായ മാന്ദ്യം ഇ – കൊമേഴ്‌സ് മേഖലയിലുമുണ്ടായിരുന്നു. പിന്നീട് സാഹചര്യങ്ങളുടെ ആവശ്യകത എന്ന നിലയില്‍ ഈ രംഗം വളര്‍ച്ച വീണ്ടെടുത്തു. വമ്പന്‍ ഓണ്‍ലൈന്‍ വ്യാപാരക്കമ്പനികള്‍ക്കൊപ്പം പുത്തന്‍ തലമുറ സ്റ്റാര്‍ട്ടപ്പുകളും നേടിയെടുത്തതു വലിയ വിജയമാണ്. കോവിഡിന്റെ വ്യാപനഭീതി കുറയുന്ന കാലത്തും ഈ വിജയക്കുതിപ്പില്‍ മാറ്റമുണ്ടാവില്ലെന്ന പഠനങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അടുത്ത വര്‍ഷം ഇന്ത്യന്‍ ഇ – കൊമേഴ്‌സ് രംഗം 84 ശതമാനം വളര്‍ച്ച നേടുമെന്നാണു കണക്കാക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഇ – കൊമേഴ്‌സ് രംഗത്തെ മൊത്തം നിക്ഷേപം 11,100 കോടി ഡോളര്‍ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ അഞ്ച് ഇ – കൊമേഴ്‌സ് ആപ്പുകളിലൂടെ മാത്രം ഇന്ത്യയില്‍ വിറ്റുപോയതു 60 ദശലക്ഷം ഡോളറിനു തുല്യമായ ഉല്‍പ്പന്നങ്ങളാണ്. 2020 വര്‍ഷാന്ത്യത്തോടെ രാജ്യത്ത് ഇ – കൊമേഴ്‌സ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 2021 ജുലായില്‍ ഇ – കൊമേഴ്‌സ് ആപ്പുകള്‍ക്കു 80 ദശലക്ഷം ഡൗണ്‍ലോഡുകളുണ്ടായെന്നാണു കണക്ക്. ദൈനംദിന സജീവ ഉപഭോക്താക്കളുടെ എണ്ണവും ഉയര്‍ന്നിരിക്കുന്നു. ഒക്ടോബറില്‍ പ്രമുഖ ഇ – കൊമേഴ്‌സ് കമ്പനികളായ ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ കമ്പനികളടക്കം സംഘടിപ്പിച്ച ഓഫര്‍ വില്‍പ്പന വഴി 32,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തു വിറ്റഴിഞ്ഞു. 64 ശതമാനം വിപണിവിഹിതം നേടിയത് ഫ്‌ളിപ്പ്കാര്‍ട്ടാണ്. ആമസോണ്‍, ടാറ്റ ക്ലിക്ക്, റിലയന്‍സ്, ജിയോമാര്‍ട്ട് തുടങ്ങിയ വമ്പന്മാര്‍ മുന്‍നിരയിലുണ്ട്. ജനസംഖ്യയില്‍ യുവാക്കള്‍ക്കുള്ള ആധിക്യം, സാങ്കേതിക മേഖലയുടെ വളര്‍ച്ച, വിപണിയുടെ വിപുലീകരണം, മൊബൈല്‍ ഫോണ്‍ ദൈനംദിന ഇടപാടുകളുടെ ഭാഗമായത്, ഫിനാന്‍ഷ്യല്‍ ടെക്‌നോളജിയുടെ മുന്നേറ്റം എന്നിങ്ങനെ ഇ – കൊമേഴ്‌സ് വിപണിക്കനുകൂലമായി മാറിയ ഒട്ടേറെ ഘടകങ്ങളുണ്ട്. വന്‍കിട കമ്പനികളും സ്റ്റാര്‍ട്ട് അപ്പുകളും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഒക്കെച്ചേര്‍ന്ന് ഇന്ത്യന്‍ ഇ – കൊമേഴ്‌സ് വിപണിയുടെ ആഴവും പരപ്പും പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു.

Leave a Reply

Your email address will not be published.