റിസ്‌ക്ഫണ്ടിന്റെ നിയമാവലിയില്‍ മാറ്റം; സഹായം ലഭ്യമാക്കുന്നതിനുള്ള സമയപരിധി നീട്ടി

[mbzauthor]

സഹകരണ റിസ്‌ക്ഫണ്ടിന്റെ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള സമയപരിധി നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനായി റിസ്‌കഫ്ണ്ട് നിയമാവലിയുടെ വ്യവസ്ഥയില്‍ മാറ്റം വരുത്തുകയും ചെയ്തു. നിയമാവലിയുടെ രണ്ട് വ്യവസ്ഥകളിലാണ് ഭേദഗതി കൊണ്ടുവന്നത്. വായ്പകാര്‍ക്ക് പരമാവധി ധനസഹായം അനുവദിക്കുന്നതിനും ബോര്‍ഡിലേക്കുള്ള ഫണ്ട് വര്‍ദ്ധിപ്പിക്കുന്നതിനുമായി റിസ്‌ക് ഫണ്ട് നിയമാവലിയില്‍ 2022ഒക്ടോബര്‍ 11ന് ഭേദഗതി കൊണ്ടുവരുന്നിരുന്നു. ഇതുപ്രകാരം അപേക്ഷിക്കേണ്ട സമയപരിധി കഴിഞ്ഞതിനാലാണ് വീണ്ടും ഭേദഗതി കൊണ്ടുവരേണ്ടിവന്നത്.

റിസ്‌ക് ഫണ്ട് പ്രകാരം വായ്പക്കാര്‍ക്ക് മൂന്നുലക്ഷം രൂപവരെ ആനുകൂല്യം നല്‍കുന്നതാണ് നേരത്തെ നടത്തിയ ഭേദഗതി വ്യവസ്ഥ ചെയ്തത്. ഇത്രയും തുക ആനുകൂല്യമായി ലഭിക്കുന്നതിന് ബോര്‍ഡിലേക്ക് അടക്കേണ്ട വിഹിതത്തിലും മാറ്റം വരുത്തിയിരുന്നു. വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള വിഹിതം ബോര്‍ഡിലേക്ക് അടച്ചാല്‍ മാത്രമാണ് നിലവിലെ വായ്പക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുക. അധികതുക അടയ്ക്കാന്‍ 2023 ഏപ്രില്‍ ഒമ്പതുവരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍, ഭൂരിഭാഗം വായ്പക്കാരും അധിക തുക ബോര്‍ഡിലേക്ക് അടച്ച് മൂന്നുലക്ഷം രൂപയുടെ ആനുകൂല്യത്തിന് അര്‍ഹത നേടിയിരുന്നില്ല.

ഈ പ്രശ്‌നം സഹകാരികളും വായ്പക്കാരും ബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇത് പരിഗണിച്ച് അധിക തുക അടയ്ക്കാനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കി. ഇങ്ങനെ സമയപരിധി നീട്ടുന്നതിന് ബോര്‍ഡ് നിയമാവലിയുടെ ഖണ്ഡിക 5, 7(1) എന്നിവ ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം അനിവാര്യമാണെന്ന ശുപാര്‍ശ സഹകരണ സംഘം രജിസ്ട്രാറും നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ നടപടി.

വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള വിഹിതം ഉത്തരവിറങ്ങി ആറുമാസത്തിനുള്ളില്‍ അടച്ച് വായ്പയ്ക്ക് മൂന്നുലക്ഷം രൂപവരെ സഹായം-എന്നാണ് ഖണ്ഡിക അഞ്ചിലുണ്ടായിരുന്ന വ്യവസ്ഥ. ഇത് 2023 ഏപ്രില്‍ ഒന്നുമുതല്‍ എട്ടുമാസത്തിനുള്ളില്‍ അടച്ച വായ്പയ്ക്ക് എന്നാക്കിയാണ് ഭേദഗതി ചെയ്തത്. ഇതനുസരിച്ച് ഡിസംബര്‍വരെ അധികവിഹിതം അടയ്ക്കാന്‍ സമയം ലഭിക്കും.

[mbzshare]

Leave a Reply

Your email address will not be published.