രേഖയില്ലാതെ ക്ഷീരസംഘം ജീവനക്കാര്‍; പെന്‍ഷന്‍ ബോര്‍ഡില്‍ അംഗമല്ല, സര്‍വീസ് ബുക്കുമില്ല
* അദാലത്ത് നടത്തി പ്രശ്‌നപരിഹാരത്തിന് ജീവനക്കാരുടെ സംഘടന
* പെന്‍ഷനും ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള സഹായവും നഷ്ടമാകുന്ന സ്ഥിതി
സംസ്ഥാനത്തെ ക്ഷീരസഹകരണ സംഘങ്ങളിലെ ജീവനക്കാരില്‍ ഒട്ടേറേപ്പേര്‍ ഔദ്യോഗിക രേഖകള്‍ക്ക് പുറത്ത്. എല്ലാ സഹകരണ സംഘങ്ങളിലെയും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലുള്ളതിന് സമാനമായി സര്‍വീസ് ബുക്ക് സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, ക്ഷീര സംഘങ്ങളിലെ പലജീവനക്കാര്‍ക്കും കൃത്യമായ സര്‍വീസ് ബുക്കുകളും രേഖകളുമില്ല.
സഹകരണ ജീവനക്കാര്‍ക്ക് അവരുടെ ശമ്പളത്തില്‍നിന്ന് നീക്കിവെക്കുന്ന വിഹിതം ഉപയോഗിച്ച് നല്‍കുന്ന പെന്‍ഷന്‍ പദ്ധതിയാണ് നിലവിലുള്ളത്. ഇത് തുലോം തുച്ഛമാണ്. എന്നാല്‍, ഈ പെന്‍ഷന്‍ പദ്ധതിയില്‍പോലും പല ക്ഷീരസംഘങ്ങളിലെ ജീവനക്കാരും അംഗങ്ങളല്ല. ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡിലും അംഗത്വമെടുത്തിട്ടില്ല. സര്‍വീസ് കാര്യങ്ങളില്‍ വേണ്ടത്ര അവബോധമില്ലാത്തതാണ് ഇത്തരം കാര്യങ്ങളുണ്ടാകാന്‍ കാരണമെന്നതാണ് സംഘടനാനേതാക്കള്‍ പറയുന്നത്. വിരമിക്കുമ്പോള്‍ അര്‍ഹമായ പെന്‍ഷന്‍പോലും കിട്ടാത്ത സ്ഥിതിയാണ് ഇതുണ്ടാക്കുക.
ക്ഷീരസംഘം ജീവനക്കാരുടെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ഈ മേഖലയിലെ ജീവനക്കാരുടെ സംഘടനയായ ആള്‍ കേരള ഡെയറി കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ മുന്നിട്ടിറങ്ങുകയാണ്. ഇതുവരെയും ക്ഷേമനിധിയില്‍ അംഗത്വമെടുക്കാത്തവര്‍ക്ക് വേണ്ടി സ്‌പോട്ട് അഡ്മിഷന്‍, പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ക്കല്‍, സര്‍വീസ് ബുക്ക് പൂര്‍ത്തീകരിക്കല്‍ എന്നിവയാണ് ചെയ്യുന്നത്. ഇതിനായി ഓരോ ജില്ലയിലും പ്രത്യേകം അദാലത്ത് സംഘടിപ്പിക്കുകയാണ്.
തൃശൂര്‍ ജില്ലാകമ്മിറ്റി ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഒരുക്കിയ അദാലത്തില്‍ ഒട്ടേറെ ജീവനക്കാര്‍ക്ക് പരിഹാരം ലഭ്യമായി. 27 ക്ഷീര സംഘങ്ങളിലെ ജീവനക്കരെ ക്ഷേമനിധിയില്‍ ചേര്‍ത്തു. ക്ഷേമനിധി ബോര്‍ഡിന്റെ തൃശ്ശൂര്‍ റീജിയണല്‍ മാനേജര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
മുന്‍ ക്ഷീരസംഘം സെക്രട്ടറിമാരായിരുന്ന സിന്ധു പിരാരൂര്‍, ജലജ എന്നിവരുടെ നേതൃത്വത്തിലാണ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം നല്‍കുന്നതിനുള്ള സഹായം ചെയ്തത്. റിട്ട. ജോയിന്റ് ഡയറക്ടര്‍ രഘു, ക്ഷീരസംഘം മുന്‍ ജീവനക്കരായ സുജാത, സന്ധ്യ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വീസ് ബുക്ക് പൂര്‍ത്തീകരിച്ചു. പൂര്‍ത്തീകരിക്കുവാന്‍ കഴിയതിരുന്നവരുടേത് സംഘങ്ങളില്‍ പോയി അതിനുള്ള സഹായം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.