മൊറട്ടോറിയം പിഴച്ചോ? വായ്പതിരിച്ചുപിടിക്കല്‍ വിലക്കിയ നടപടി സഹകരണ ബാങ്കുകളെ കുഴക്കുന്നു

[mbzauthor]

കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി സഹകരണ ബാങ്കുകളെ കുഴക്കുന്നു. പ്രളയബാധിതര്‍ക്കാണ് മൊറട്ടോറിയം ബാധകമെങ്കിലും ഇതില്ലാത്തവരുടെ വായ്പകള്‍പോലും തിരിച്ചുപിടിക്കാനാകാത്ത സ്ഥിതിയിലാണ് ബാങ്കുകള്‍. വായ്പ തിരിച്ചുപിടിക്കാനുള്ള കോഴിക്കോട് ജില്ലാസഹകരണ ബാങ്കിന്റെ നടപടി വിവാദമായത് സര്‍ക്കാര്‍ ഉത്തരവിന്റെ അവ്യക്തതയിലാണ്.

കര്‍ഷകരുടെ വായ്പകള്‍ക്ക് ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുകൊണ്ടാണ് റവന്യൂവകുപ്പിന്റെ ഉത്തരവ്. കര്‍ഷകരെടുത്ത ഏത് വായ്പകള്‍ക്കാണ് ഇളവ് ബാധകമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്താകെ എല്ലാവര്‍ക്കും ബാധകമാകുന്ന വിധമാണ് ഈ ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഉത്തരവിന് വ്യക്തത വരുത്ത് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലറിക്കിയിരുന്നു. പ്രളയബാധിതരായ കര്‍ഷകരെടുത്ത കാര്‍ഷിക വായ്പകള്‍ക്കാണ് മൊറട്ടോറിയം ബാധകമെന്നാണ് രജിസ്ട്രാറുടെ സര്‍ക്കുലറില്‍ വിശദീകരിച്ചത്.

ഇതനുസരിച്ചുള്ള നടപടിയാണ് കോഴിക്കോട് ജില്ലാസഹകരണ ബാങ്ക് സ്വീകരിച്ചത്. ആറുവര്‍ഷം മുമ്പ് വായ്പയെടുത്തയാള്‍ക്ക് പ്രളയത്തിന്റെ ആനുകൂല്യം നല്‍കണമെന്നുന്നയിച്ചായിരുന്നു വിവാദം. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈവിവാദം ഉയര്‍ത്തിയതും. പ്രളയം ബാധിച്ചതിനാല്‍ തിരിച്ചടവ് മുടങ്ങിയവര്‍ക്കാണ് വായ്പ ഇളവ് നല്‍കേണ്ടതെന്ന കാര്യമാണ് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി അംഗീകരിച്ചത്. സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലറിന്റെ അന്തസത്തയും ഇതാണ്.

സര്‍ക്കാര്‍ ഉത്തരവിലും സര്‍ക്കുലര്‍ നടപ്പാക്കുന്നതിലും വ്യക്തത വരുത്തിയില്ലെങ്കില്‍ ഒരുവര്‍ഷത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം താളം തെറ്റും. അതിന്റെ സൂചനയാണ് കോഴിക്കോട് ജില്ലാസഹകരണ ബാങ്കിന്റെ കാര്യത്തിലുണ്ടായത്. പ്രളയം ബാധിക്കാത്തവരുടെ വായ്പപോലും തിരിച്ചുപിടിക്കാനായില്ലെങ്കില്‍ ബാങ്കുകളുടെ കിട്ടാകടം കൂടും. ഇത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ പോലും താളംതെറ്റിക്കുന്ന സ്ഥിതിയാകും. ഇക്കാര്യത്തില്‍ സര്‍ക്കാരിടപെടല്‍ അനിവാര്യമാകുകയാണ്.

[mbzshare]

Leave a Reply

Your email address will not be published.