മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമഭേദഗതിബില്‍: പാര്‍ലമെന്ററിസമിതിയില്‍ പത്ത് രാജ്യസഭാംഗങ്ങളും

moonamvazhi

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘം നിയമ ( ഭേദഗതി ) ബില്‍- 2022 പരിശോധിക്കുന്നതിനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയിലേക്കു പത്തു രാജ്യസഭാംഗങ്ങളെക്കൂടി കേന്ദ്രസര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. 31 അംഗ സംയുക്ത പാര്‍ലമെന്ററിസമിതിയിലെ 21 ലോക്‌സഭാംഗങ്ങളുടെ പേരുകള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളടങ്ങിയ സമിതിയില്‍ കേരളത്തില്‍ നിന്നു ഒരാളേയുള്ളു. കോണ്‍ഗ്രസ്സിലെ കൊടിക്കുന്നില്‍ സുരേഷാണ് ഈ അംഗം.

ഘനശ്യാം തിവാരി, സുരേന്ദ്രസിങ് നഗര്‍, ധനഞ്ജയ ഭീംറാവു മഹാദിക്, രാംചന്ദര്‍ ജാന്‍ഗ്ര, രജനി അശോക്‌റാവു പാട്ടീല്‍, സുഖേന്ദു ശേഖര്‍ റായ്, എന്‍.ആര്‍. ഇളങ്കോ, വിക്രംജിത് സിങ് സാഹ്നി, സുജീത് കുമാര്‍, എസ്. നിരഞ്ജന്‍ റെഡ്ഡി എന്നിവരാണു രാജ്യസഭയില്‍ നിന്നു സമിതിയിലേക്കു നോമിനേറ്റ് ചെയ്യപ്പെട്ടവര്‍. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ഭേദഗതിബില്‍ കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനക്കു വിട്ടത്.

2023 ലെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിലെ ആദ്യത്തെ ആഴ്ചയുടെ അവസാനദിവസം സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്ന ഭേദഗതിബില്‍ സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇതു സഹകരണവിരുദ്ധമാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഡിസംബര്‍ ഏഴിനാണു ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

അതിനിടെ, സഹകരണ വിദ്യാഭ്യാസഫണ്ട് ദേശീയ സഹകരണ യൂണിയന്റെ ( NCUI ) പക്കല്‍ത്തന്നെ നിലനിര്‍ത്തണമെന്ന ആവശ്യവുമായി NCUI പ്രസിഡന്റും ഇഫ്‌കോ ചെയര്‍മാനുമായ ദിലീപ് സംഘാനി മുന്നോട്ടുവന്നു. ഇക്കാര്യം സഹകാരികള്‍ സംയുക്ത പാര്‍ലമെന്ററി സമിതിയംഗങ്ങളെ ബോധ്യപ്പെടുത്തണമെന്നു സംഘാനി ആവശ്യപ്പെട്ടു. NCUI യുടെ കാഴ്ചപ്പാടിനോട് സംയുക്ത പാര്‍ലമെന്ററി സമിതി യോജിക്കുമെന്നാണു അദ്ദേഹത്തിന്റെ പ്രതീക്ഷ.

മുന്‍കാലത്തെപ്പോലെ സഹകരണ വിദ്യാഭ്യാസഫണ്ട് NCUI യുടെ പക്കല്‍ത്തന്നെ നിലനിര്‍ത്തണം. ഇല്ലെങ്കില്‍ അതു സംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങളുടെ സ്വയംഭരണാവകാശത്തെ ബാധിക്കും. സഹകരണവിദ്യാഭ്യാസത്തിലും പരിശീലനത്തിലും ശ്രദ്ധയൂന്നുന്ന NCUI സഹകരണപ്രസ്ഥാനത്തിന്റെ ഒരു അപക്‌സ് സ്ഥാപനമാണ് – സംഘാനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News