പ്രാദേശിക തലങ്ങളിൽ ശീതീകരിച്ച ഗോഡൗണുകൾ കർഷകർക്കായി സഹകരണസംഘങ്ങൾ ഒരുക്കണം.

[mbzauthor]

പ്രാദേശിക തലങ്ങളിൽ ശീതീകരിച്ച ഗോഡൗണുകൾ കർഷകർക്കായി സഹകരണസംഘങ്ങൾ ഒരുക്കുന്നതുവഴി ഉല്പന്നങ്ങൾക്ക് ന്യായവില ലഭിക്കാൻ ഉപകരിക്കും.
കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോക്ക് ഡൗണിന്ശേഷം.ഡോ.എം.രാമനുണ്ണിയുടെ ലേഖനം-5

സംസ്ഥാന സർക്കാർ കാർഷികമേഖലയിൽ നടത്തുന്ന ശക്തവും സമയബന്ധിതവുമായ ഇടപെടലിലൂടെ നമ്മുടെ സംസ്ഥാനത്ത് പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും ഉത്പാദനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുന്നതിന് സാധിക്കുന്നുണ്ട്. എന്നാൽ പച്ചക്കറികളും പഴവർഗങ്ങളും ചില സീസണിൽ മാത്രമാണ് ഉണ്ടാക്കാൻ കഴിയുന്നത് . ഇത്തരത്തിൽ സീസണൽ ആയ ഉൽപ്പന്നങ്ങൾ സീസൺ കഴിഞ്ഞശേഷം നല്ല വില ലഭിക്കുമെങ്കിലും സൂക്ഷിച്ചുവെക്കാൻ സംവിധാനങ്ങൾ ഇല്ല എന്ന പ്രശ്നം കർഷകരെ ഇത്തരം കൃഷിയിൽ നിന്നും പിന്തിരിപ്പിക്കുന്നതിന് കാരണമാകാറുണ്ട് .സീസണിൽ ധാരാളമായി ഉത്പാദനം നടക്കുന്നതിനാൽ അക്കാലയളവിൽ വിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെടാറുണ്ട്. ഇതുമൂലം കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാറില്ല എന്നത് വസ്തുതയാണ്.

പ്രാദേശിക തലങ്ങളിൽ ശീതീകരണ സംവിധാനങ്ങൾ സ്ഥാപിച്ച് ഓഫ് സീസണിൽ കേടുപാടുകൾ കൂടാതെ വിൽക്കാൻ കഴിയുകയെന്നത് കർഷകർക്ക് ഏറെ സഹായകരമാകും.
സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ ശീതീകരണ സംവിധാനങ്ങൾ ആരംഭിക്കാവുന്നതാണ്.ഓരോ പ്രദേശത്തെയും സാധ്യതകൾ അനുസരിച്ച് ഇവയുടെ സംഭരണശേഷി ക്രമീകരിക്കാവുന്നതാണ് .പച്ചക്കറികൾ കൂടാതെ പഴ വർഗങ്ങളും ഇത്തരത്തിൽ ആരംഭിക്കുന്ന ശീതീകരണ കേന്ദ്രത്തിൽ സൂക്ഷിക്കുന്നതിന് അവസരം ഒരുക്കാം. കർഷകരിൽ നിന്നും ഉൽപ്പന്നം സൂക്ഷിക്കുന്നതിന് വാടക ഈടാക്കാവുന്നതാണ്. ഇതുവഴി പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെ വിപണി വിപുലീകരിക്കാൻ സാധിക്കുന്നു . പച്ചക്കറി, പഴവർഗങ്ങൾ എന്നിവയ്ക്ക് ഓഫ് സീസണിൽ നല്ല വില ലഭിക്കുമെന്നതിനാൽ കർഷകർക്ക് വാടക നൽകാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല .കൂടാതെ ഇവ സൂക്ഷിക്കുന്നത് ഉത്പാദന കേന്ദ്രത്തിന് സമീപത്തുതന്നെ ആയതിനാൽ പ്രത്യേക ട്രാൻസ്പോർട്ടേഷൻ ചെലവ് വഹിക്കേണ്ടി വരില്ല.

പഴവർഗങ്ങളുടെ കാര്യത്തിൽ ഇന്ന് നേരിടുന്ന പ്രശ്നം കൃത്യമായി പഴുപ്പിക്കുന്നതിനു സൗകര്യം ഇല്ല എന്നതാണ് .പലപ്പോഴും കച്ചവടക്കാർ പാകമാകാത്ത പഴങ്ങൾക്ക് മുകളിൽ കാൽസ്യം കാർബൈഡ് എന്ന രാസവസ്തു വിതറി വെള്ളം തളിച്ച് പഴുപ്പിക്കാറുണ്ട് . ഇത്തരത്തിൽ പഴുക്കുന്ന പഴങ്ങൾക്ക് ശരിയായ മധുരവും സ്വാദും ഉണ്ടാകാറില്ല . തന്നെയുമല്ല ഇത്തരം രാസവസ്തുക്കൾ മനുഷ്യന് കാൻസർ അടക്കമുള്ള രോഗങ്ങൾ ഉണ്ടാക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട് .ഈ സാഹചര്യത്തിൽ പഴവർഗങ്ങൾ പഴുപ്പിക്കുന്നതിനു സഹായിക്കുന്ന എത്തിലീൻ ചേംബർ കൾ ക്രമീകരിക്കുന്നതും കർഷകർക്ക് സഹായകരമാകും. പച്ചക്കറികളും പഴവർഗങ്ങളും കൃഷി ചെയ്യുന്ന കർഷകർക്ക് സഹായകരമായ ഇത്തരം സംവിധാനങ്ങൾ ലഭ്യമാക്കാൻ സഹകരണ ബാങ്കുകൾക്ക് നേതൃത്വം നൽകാവുന്നതാണ് .
ഇതിനാവശ്യമായ ധനസഹായം നാഷണൽ ഹോർട്ടികൾച്ചർ ബോർഡ് ,നബാർഡ് എന്നിവിടങ്ങളിൽനിന്നും ലഭിക്കുന്നതാണ്.

[mbzshare]

Leave a Reply

Your email address will not be published.