പ്രാഥമിക സഹകരണ മേഖലയെ തകർക്കരുതെന്ന് എംപ്ലോയീസ് ഫ്രണ്ട്.
സംസ്ഥാനത്തെ പ്രാഥമിക സഹകരണ മേഖലയെ തകർക്കരുതെന്നും ഏത് പ്രതിസന്ധി സംസ്ഥാനത്ത് ഉണ്ടായാലും സർക്കാർ കറവപ്പശു ആക്കുന്നത് സഹകരണമേഖലയെ ആണെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കുറ്റപ്പെടുത്തി. സാധാരണക്കാരന്റെ സാമ്പത്തിക സ്രോതസ്സായ കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കോവിഡ്-19 ഏറ്റവും കൂടുതൽ ബാധിച്ചത് സഹകരണമേഖലയെ ആണ്. കാലാകാലങ്ങളിൽ സർക്കാർ പ്രഖ്യാപിക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയും മോറട്ടോറിയവും സ്ഥാപനങ്ങളെ നഷ്ടങ്ങളിലേക്ക് നയിക്കുകയും വായ്പ തിരിച്ചടവിൽ ഗണ്യമായ കുറവാണ് ഉണ്ടാക്കുന്നത്.
സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കുകയും കെ.എസ്.എഫ്.ഇ, ട്രഷറി നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിക്കുകയും ചെയ്തത് മൂലം പ്രാഥമിക സഹകരണ സംഘങ്ങളിലേക്ക് പുതിയ നിക്ഷേപം വരുന്നില്ല എന്ന് മാത്രമല്ല നിലവിലുള്ള നിക്ഷേപം പിൻവലിച്ചു പോവുകയും ചെയ്യുന്നതിലൂടെ പ്രാഥമിക സഹകരണ മേഖലയുടെ നിലനിൽപ്പുതന്നെ ഭീഷണിയിൽ ആയിരിക്കുകയാണ് എന്ന് സംഘടന കുറ്റപ്പെടുത്തി. നിക്ഷേപങ്ങളിൽ വളരെ വലിയ കുറവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതുമൂലം വായ്പ കൊടുക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ട്. ഇപ്പോഴത്തെ സർക്കാർ നടപടി സ്വകാര്യ ധനകാര്യമേഖലയെ സഹായിക്കുന്നതാണ്. ഈ നടപടികൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ സംഘടനയുടെ സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചതായി സംസ്ഥാന പ്രസിഡണ്ട് ജോഷ്വാ മാത്യുവും സെക്രട്ടറി അശോകൻ കുറങ്ങപള്ളിയും പറഞ്ഞു.