പ്രാഥമിക ബാങ്കുകളും ചിന്തിക്കുന്നു; ഇനി എന്തിന് സെയില്‍ ഓഫീസര്‍

Deepthi Vipin lal

വകുപ്പുതല ഓഡിറ്റര്‍മാരെ പുറത്താക്കുന്ന നിലപാട് കേരളബാങ്ക് സ്വീകരിച്ചതോടെ, ഇനി എന്തിന് സെയില്‍ ഓഫീസര്‍ എന്ന് പ്രാഥമിക ബാങ്കുകളും ചിന്തിക്കുന്നു. കുടിശ്ശിക നിവാരണത്തിനായാണ് സെയില്‍ ഓഫീസര്‍മാരായി വകുപ്പ് ഉദ്യോഗസ്ഥരെ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഉയര്‍ന്ന തുക സര്‍ക്കാരിലേക്ക് അടച്ച് നിയമിക്കുന്നത്. കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ഒരു നോട്ടീസുപോലും അയക്കാനാകാതായിട്ട് മൂന്നുവര്‍ഷത്തോളമായി. ഈ ഘട്ടത്തില്‍ ബാങ്കുകള്‍ക്ക് ബാധ്യതയാകുന്ന സെയില്‍ ഓഫീസര്‍മാരെ നിലനിര്‍ത്തേണ്ടതുണ്ടോയെന്നതാണ് ചോദ്യം. കേരളബാങ്കിന്റെ നിലപാടിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുമ്പോള്‍ മറ്റുസഹകരണ സ്ഥാപനങ്ങള്‍ക്കും അത് ബാധകമാക്കുന്നതില്‍ നയപരമായ വിയോജിപ്പ് പുലര്‍ത്തേണ്ടതില്ലല്ലോയെന്നതാണ് ചോദ്യം.

കേരളബാങ്ക് സഹകരണ മേഖലയ്ക്ക് കരുത്താകുമെന്നതായിരുന്നു, അതിന്റെ രൂപീകരണത്തിനായി ഉന്നയിച്ച വാദം. അത് അംഗീകരിക്കുകയാണെങ്കില്‍ അവര്‍ സ്വീകരിക്കുന്ന നിലപാട് സഹകരണ മേഖലയ്ക്കാകെ മാതൃകയാക്കാവുന്നതുമാകണമെന്ന് സഹകാരികളില്‍ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. 430 സെയില്‍ ഓഫീസര്‍മാരാണ് സംസ്ഥാനത്ത് വകുപ്പ് ഉദ്യോഗസ്ഥരായിട്ടുള്ളത്. ഇവര്‍ തിരിച്ചുവന്നാല്‍ വകുപ്പില്‍ നിര്‍വഹിക്കാനുള്ള ചുമതലയില്ല. കേരളബാങ്കില്‍നിന്നും അര്‍ബന്‍ ബാങ്കുകളില്‍നിന്നുമായി 130 പേരാണ് പുറത്തുപോകല്‍ ഭീഷണി നേരിടുന്നത്. കേരളബാങ്കിന്റെ നിലപാട് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പ്രാഥമിക ബാങ്കുകളുടെ ചോദ്യത്തിനും ഉത്തരം നല്‍കേണ്ടതുണ്ടാകും.

ആവര്‍ത്തിച്ചുവരുന്ന മൊറട്ടോറിയവും കുടിശ്ശിക നിവാരണവും പ്രാഥമിക ബാങ്കുകളില്‍ സെയില്‍ ഓഫീസര്‍മാരുടെ ആവശ്യം തന്നെ ഇല്ലാതായിരിക്കുകയാണ്. ജപ്തി നടപടികള്‍ക്ക് വിലക്കുണ്ട്. നിര്‍ബന്ധിത തിരിച്ചടവ് നടപടികളും സ്വീകരിക്കാനാകുന്നില്ല. ഈ ഘട്ടത്തില്‍ പ്രാഥമിക ബാങ്കുകള്‍ക്ക് സെയില്‍ഓഫീസര്‍ തസ്തിക തന്നെ ബാധ്യതയാണ്. ബാങ്കിന്റെ സാമ്പത്തിക ലാഭമാണ് മുഖ്യമെന്ന കേരളബാങ്കിന്റെ വാദം അംഗീകരിച്ചാല്‍ പ്രാഥമിക ബാങ്കുകള്‍ക്കും സെയില്‍ ഓഫീസര്‍മാരെ ഒഴിവാക്കാവുന്നതേയുള്ളൂ. മാത്രവുമല്ല, സര്‍വീസില്‍നിന്ന് വിരമിച്ചവരെ കുറഞ്ഞ ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന കേരളബാങ്ക് സമീപനം, പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും മാതൃകയാക്കാവുന്നതാണ്. സാമ്പത്തിക ബാധ്യത മൂന്നിലൊന്നായി കുറയുമെന്ന നേട്ടവും ഇതിനുണ്ട്. ഇതെല്ലാമാണ് കേരളബാങ്കിന്റെ പുതിയ കരാര്‍ ഓഡിറ്റര്‍മാരെ നിയമിക്കുന്നതിനെ ചോദ്യം ചെയ്ത് സഹകാരികള്‍ ഉന്നയിക്കുന്നത്.

സഹകരണ സംഘങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതും, അതേസമയം സ്വയംഭരണ സ്ഥാപനങ്ങളുമാണ്. സമൂഹത്തിന്റെ ഉന്നതി ലക്ഷ്യമിട്ടും സര്‍ക്കാരിന്റെ പൊതുനയം അനുസരിച്ചുമാണ് അവ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും, സംഘത്തിലെ അവരുടെ നിയമവും അംഗീകരിക്കപ്പെടുന്നത്. ഇത് നിലനിര്‍ത്തേണ്ടത് അനിവാര്യവുമാണ്. എന്നാല്‍, ഇപ്പോള്‍ കേരളബാങ്ക് സ്വീകരിക്കുന്ന നിലപാടുകള്‍ ഈ പൊതുസഹകരണ നയത്തില്‍നിന്ന് വ്യതിചലനമാണെന്നാണ് സഹകാരികളും ജീവനക്കാരുടെ സംഘനടകളും പറയുന്നത്. പലിശയ്ക്ക് പലിശ ചുമത്തുന്ന വായ്പ നയം, കരാര്‍ നിയമനം, വായ്പവിതരണത്തിലെ നിബന്ധനകള്‍, പ്രാഥമിക സംഘങ്ങളുടെ നിക്ഷേപത്തിന് പലിശകുറയ്ക്കുന്ന രീതി, പ്രാഥമിക ബാങ്കുകളുമായി മത്സരിക്കുന്ന വായ്പ പദ്ധതികള്‍ എന്നിവയെല്ലാം സഹകരണ വായ്പ ശൃംഖലയെ മാത്രമല്ല, സഹകരണ മേഖലയ്ക്കുതന്നെ ദോഷമാകുന്നതാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published.