പെൻഷൻ കൺസോർഷ്യം: സഹകരണ സംഘങ്ങളുമായുള്ള കരാർ ഒക്ടോബർ 31 വരെ.
കെ.എസ്.ആർ.ടി.സി യിൽ നിന്ന് വിരമിച്ചവർക്ക് ഉള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് സഹകരണ സംഘങ്ങൾ വഴി ഏർപ്പെടുത്തിയ കൺസോർഷ്യം ഒക്ടോബർ 31 വരെ നീട്ടി. ഇതോടെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പെൻഷൻ വിതരണം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിലൂടെ തന്നെയാകും. കഴിഞ്ഞവർഷം ഫെബ്രുവരി മുതൽ ജൂലൈ വരെ ആറുമാസത്തേക്ക് ആണ് ആദ്യം സഹകരണസംഘങ്ങളുമായി ചേർന്ന് പെൻഷൻ കൺസോർഷ്യം നിശ്ചയിച്ചത്.
കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാത്തതിനാൽ കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ വീണ്ടും കരാർ തുടരുകയായിരുന്നു. ഈ കാലാവധിയും പൂർത്തിയായ സാഹചര്യത്തിലാണ് സഹകരണ സംഘങ്ങളുമായി ചേർന്ന് പെൻഷൻ പദ്ധതിക്ക് വീണ്ടും പുതിയ കരാർ ഉണ്ടാക്കിയത്. നേരത്തെ പെൻഷൻ വിതരണം ചെയ്ത ഇനത്തിൽ നൽകാനുള്ള 61.31 കോടി രൂപ വൈകാതെ സഹകരണസംഘങ്ങൾക്ക് തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു.