പുതിയ നിയമം വരുന്നു; മലപ്പുറം ജില്ലാ ബാങ്കിന് രണ്ട് വര്‍ഷം ആയുസ്
കേരള ബാങ്കിന്റെ ഭാഗമായി മാറാതെ ഇപ്പോഴും ഒറ്റയ്ക്ക് നില്ക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ഭാവി എങ്ങനെയാണെന്നും ബില്ലില്‍ പറയുന്നുണ്ട്. പൊതുയോഗം ലയനം അംഗീകരിച്ചുള്ള പ്രമേയം പാസാക്കിയില്ലെങ്കില്‍, ഭേദഗതി നിയമം നിലവില്‍വന്ന് രണ്ടു വര്‍ഷം വരെയോ രജിസ്ട്രാര്‍ ലയന നടപടി പൂര്‍ത്തിയാക്കുന്നതുവരെയോ ഏതാണ് ആദ്യം നടക്കുന്നത് അതുവരെ തുടരുന്ന സംഘം എന്നാണ് ബില്ലില്‍ വിശദീകരിച്ചിട്ടുള്ളത്. നേരത്തെ ഇറക്കിയ ഓര്‍ഡിനന്‍സ് അനുസരിച്ചാണെങ്കില്‍ ഭേദഗതി പ്രാബല്യത്തില്‍ വരുന്നത് 2020 ജനുവരി 15 മുതലാണ്. ഇതു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് മലപ്പുറം ജില്ലാ ബാങ്കിന് പ്രവര്‍ത്തിക്കാന്‍ അനുമതി കണക്കാക്കുക. അതായത്, 2022 ജനുവരി 15വരെയാണ് മലപ്പുറം ജില്ലാ ബാങ്കിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ആയുസ്. അതിനുള്ളില്‍ രജിസ്ട്രാര്‍ ലയന നടപടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ഇത് എങ്ങനെ വേണമെന്ന് ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിരുന്നു. രണ്ടു തവണ പൊതുയോഗത്തില്‍ ലയനപ്രമേയം കൊണ്ടുവന്നെങ്കിലും അത് പരാജയപ്പെട്ടതാണ്. അതിനാല്‍, ഇനി പ്രമേയം അംഗീകരിക്കാനായി പൊതുയോഗം വിളിച്ചുചേര്ക്കാനിടയില്ല. പകരം വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ലയനത്തിനുള്ള നിര്‍ദ്ദേശമടങ്ങിയ പ്രമേയം മലപ്പുറം ജില്ലാ ബാങ്കിന്റെ എല്ലാ എ ക്ലാസ് അംഗങ്ങള്‍ക്കും രജിസ്ട്രേഡ് തപാലില്‍ അയച്ചുകൊടുക്കും. അംഗങ്ങള്‍ക്ക് അവരുടെ എതിര്‍പ്പും നിര്‍ദ്ദേശങ്ങളും അറിയിക്കാനാണിത്. ഇതിനൊപ്പം ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ നല്ല പ്രചാരമുള്ള രണ്ട് പത്രങ്ങളില്‍ പരസ്യം നല്‍കും. ഇടപാടുകാരെ അറിയിക്കാനാണിത്. അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ അറിയിക്കാന്‍ 15 ദിവസം നല്‍കും. ലയനത്തെ എതിര്‍ക്കുകയാണെങ്കില്‍ അവര്‍ക്ക് ബാങ്കുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ 30 ദിവസത്തെ സമയം നല്‍കും. ഇതിനൊക്കെ ശേഷമായിരിക്കും സഹകരണ സംഘം രജിസ്ട്രാര്‍ ലയന ഉത്തരവിറക്കുക. ലയന ഉത്തരവിറങ്ങുന്നതോടെ ജില്ലാ ബാങ്കിന്റെ മുഴുവന്‍ ആസ്തി ബാധ്യതകളും കരാറുകളും കേരള ബാങ്കിന്റെ പേരിലേക്ക് മാറിയതായി കണക്കാക്കും.
ReplyReply allForward
|