നെല്ല് സംഭരണ സഹകരണ സംഘത്തിന് പണം കണ്ടെത്താന്‍ പ്രത്യേക സമിതി

[mbzauthor]

നെല്ല് സംഭരിക്കുന്നതിനും സംസ്‌കരിച്ച് വിപണനം നടത്തുന്നതിനും ലക്ഷ്യമിട്ട് രൂപീകരിച്ച സഹകരണ സംഘത്തിന് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. കേരള പാഡി പ്രൊക്വയര്‍മെന്റ് പ്രോസസിങ് ആന്‍ഡ് മാര്‍ക്കറ്റി കോഓപ്പറേറ്റീവ് സൊസൈറ്റി (കാപ്കോസ്)ക്ക് വേണ്ടിയാണിത്. സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ വിളിച്ചുചേര്‍ത്ത യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സഹകരണ സംഘം രജിസ്ട്രാര്‍ ചെയര്‍മാനും എന്‍.സി.ഡി.സി. റീജിയണല്‍ ഡയറക്ടര്‍, കേരളബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, കാപ്കോസ് പ്രതിനിധി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. നബാര്‍ഡിന്റെ പ്രതിനിധിയായി ഒരാളെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതൊക്കെ വഴികളിലൂടെ സംഘത്തിന്റെ പ്രവര്‍ത്തന മൂലധനം സ്വരൂപിക്കാനാകുമെന്നതാണ് ഈ സമിതി പരിശോധിക്കുക. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍, ദേശീയ സഹകരണ ഏജന്‍സികളുടെ സ്‌കീമുകള്‍, നബാര്‍ഡ്-എന്‍.സി.ഡി.സി. എന്നിവയുടെ സഹായം എന്നിങ്ങനെ വിവിധ മാര്‍ഗങ്ങള്‍ ഇക്കാര്യത്തില്‍ തേടാനാണ് ശ്രമിക്കുന്നത്.

നെല്ല് സംഭരണം സര്‍ക്കാരിന് ഏറെ തലവേദനയുണ്ടാക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്ത് സംഭരിക്കുന്ന നെല്ല് മുഴുവന്‍ സംഭരിച്ച്, സംസ്‌കരിച്ച് അരിയാക്കി വിപണിയിലെത്തിക്കുക എന്നതാണ് നെല്ല് സഹകരണ സംഘത്തിലൂടെ സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലാണ്. അതിനാല്‍, പാലക്കാട് ജില്ലമാത്രം പ്രവര്‍ത്തനപരിധിയാക്കി പാപ്‌കോസ് എന്ന പേരില്‍ ഒരു സഹകരണ സംഘം തുടങ്ങിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ സഹകരണ സംഘങ്ങളില്‍നിന്ന് ഓഹരി സ്വീകരിച്ചാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനം. പുതിയ റൈസ് മില്ല് സ്ഥാപിക്കാനുള്ള നടപടികളിലേക്ക് പാപ്‌കോസ് കടന്നിട്ടുണ്ട്.

പാലക്കാട് ഒഴികെയുള്ള ജില്ലകളാണ് കാപ്‌കോസിന്റെ പ്രവര്‍ത്തന പരിധി. സംസ്ഥാനത്താകെ നെല്ല് സംഭരണവും സംസ്‌കരണ കേന്ദ്രങ്ങളും സ്ഥാപിക്കാനുള്ള ലക്ഷ്യവുമായാണ് കാപ്‌കോസ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിന് വലിയ തോതില്‍ പ്രവര്‍ത്തന മൂലധനം അനിവാര്യമാണ്. കാര്‍ഷിക അടിസ്ഥാന സൗകര്യ നിധി പോലുള്ള നബാര്‍ഡിന്റെ സഹായപദ്ധതി പരമാവധി ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം. ഇതിനൊപ്പം, എന്‍.സി.ഡി.സി. പോലുള്ള കേന്ദ്ര ധനകാര്യ ഏജന്‍സികളും സഹകരണ സംഘങ്ങള്‍ക്ക് ഒട്ടേറെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ട്. ഇത് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താനാകുമെന്ന പരിശോധിക്കാനാണ് പ്രത്യേകം സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.

[mbzshare]

Leave a Reply

Your email address will not be published.