നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മൂവാറ്റുപുഴ അർബൻ ബാങ്കിന് ഒരു അംഗീകാരം കൂടി.

adminmoonam

തൊടുപുഴയാറിന്റെയും കോതയാറിന്റെയും കാളിയാറിന്റെയും സംഗമഭൂമിയായ മൂവാറ്റുപുഴയിൽ, ത്രിവേണി സംഗമത്തിന് സമീപത്തായി മൂവാറ്റുപുഴ ക്കാരുടെ സാമ്പത്തിക സഹകരണ സാമൂഹിക മേഖലകളിൽ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി നിലകൊള്ളുന്ന മുവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ഇപ്പോൾ ഒരു അംഗീകാരം കൂടി കരസ്ഥമാക്കിയിരിക്കുകയാണ്.
2017- 18 വർഷത്തെ മികച്ച പ്രവർത്തനത്തിനാണ് സംസ്ഥാന സഹകരണ വകുപ്പിന്റെ ഒന്നാം സ്ഥാനം നേടിയത്. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽനിന്നും ബാങ്ക് ഭരണസമിതി അംഗങ്ങളായ സി.കെ. സോമൻ,സാബു ജോസഫ്, ജനറൽ മാനേജർ കെ. എസ്.സുഷമ എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചപ്പോൾ ബാങ്കിനെ സംബന്ധിച്ചും മൂവാറ്റുപുഴ ക്കാരെ സംബന്ധിച്ചും അത് അഭിമാനത്തിന്റെയും അതിലേറെ വിശ്വാസത്തിന്റെയും അംഗീകാരമായിരുന്നു. 2017 18 സാമ്പത്തിക വർഷത്തിൽ എറണാകുളം ജില്ലയിലെ മികച്ച അർബൻ ബാങ്ക് ആയി മുവാറ്റുപുഴ അർബൻ സഹകരണ ബാങ്കിനെ തിരഞ്ഞെടുത്തിരുന്നു. ജനങ്ങൾ നൽകിയ വിശ്വാസവും അംഗീകാരവും ആണ് 97 വർഷത്തിൽ എത്തിയ ബാങ്കിന്റെ അടിത്തറയെന്ന് പറയാൻ ഭരണസമിതിക്ക് ഒരു മടിയുമില്ല.

1923 ൽ മൂവാറ്റുപുഴ പരസ്പര സഹായ സംഘം എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ബാങ്ക് 2017 18 കാലയളവിൽ 780 കോടി രൂപയുടെ ബിസിനസ് ചെയ്യാൻ തക്ക വളർച്ച നേടിയത് ജനങ്ങൾ നല്കിയ പിന്തുണ ഒന്നുമാത്രമാണ്. ഈ കാലയളവിൽ നിക്ഷേപം 468 കോടി രൂപയും വായ്പാ ബാക്കി നിൽപ്പ് 312 കോടിയുമാണ്. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളും കുന്നത്തുനാട് താലൂക്കിലെ 10 പഞ്ചായത്തുകളും പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും ചേർന്നതാണ് ബാങ്കിന്റെ പ്രവർത്തനപരിധി. ഏകദേശം കാൽ ലക്ഷത്തിനു മുകളിലുള്ള മെമ്പർമാരാണ് ബാങ്കിന്റെ പിന്തുണയും ശക്തിയും.

നോട്ട് നിരോധനത്തെ തുടർന്ന് 2017 18 സാമ്പത്തിക വർഷം ഈ മേഖലയിൽ ഉണ്ടായ തിരിച്ചടിയുടെ സമയത്തും ബാങ്ക് 130 കോടി രൂപയുടെ ബിസിനസ് കൂടുതലായി നടത്തി എന്നത് ചെറിയ കാര്യമല്ല. ഒപ്പം നിഷ്ക്രിയ ആസ്തിയിലും കുറവു വരുത്താൻ കഴിഞ്ഞു. ബാങ്കിന്റെ അംഗീകൃത ഓഹരി മൂലധനം 25 കോടി രൂപ ഉണ്ട്. ബാങ്കിന്റെ മൂലധന അടിത്തറ റിസർവ്ബാങ്ക് നിർദ്ദേശിച്ച 9 ശതമാനത്തിൽ നിന്നും 11 ശതമാനം ആയി വർദ്ധിപ്പിക്കാനും തുടർച്ചയായി എ ഗ്രേഡ് ബാങ്ക് ആയി നിലനിർത്താനും ഭരണസമിതിക്കും ജീവനക്കാർക്കും ആയി.

സർഫാസി, നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതി, ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തുടങ്ങിയവയിലൂടെ 2017-18 കാലയളവിൽ 39 ലക്ഷം രൂപയോളം പലിശ ഇളവു നൽകാൻ ബാങ്കിന് സാധിച്ചു. തന്നെയുമല്ല വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശയുടെ 7 ശതമാനം തുക റിബേറ്റായി നൽകിയതും വായ്പക്കാർക്ക് ഗുണകരമായി.

പൊതുമേഖലാ ബാങ്കുകൾ അടക്കം അനാവശ്യ ചാർജുകൾ ഈടാക്കുന്ന ഈ കാലഘട്ടത്തിൽ മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ എടിഎം കാർഡ് ഉപയോഗിച്ച് എല്ലാ ബാങ്കുകളുടെയും എടിഎം കൗണ്ടറുകളിൽ നിന്നും മറ്റ് ചാർജുകൾ ഒന്നും ഇല്ലാതെ ഇടപാടു നടത്താമെന്നത് ജനങ്ങളെ ബാങ്കുമായി കൂടുതൽ അടുപ്പിച്ചു. എത്ര തവണ എടിഎം ഇടപാട് നടത്തിയാലും ചാർജ് ഇല്ല എന്നതും ശ്രദ്ധേയമാണ്. ആർ.ടി.ജി.എസ് , എൻ. ഇ. എഫ്.ടി. സേവനങ്ങൾ സി. ടി.എസ്. ചെക്ക് ക്ലിയറൻസ് എന്നിവ ബാങ്ക് സൗജന്യമായി നൽകുന്നതിനൊപ്പം ചെക്ക് ബുക്കിനു സർവീസ് ചാർജ് ഈടാക്കുന്നുമില്ല.

13 ബ്രാഞ്ചുകളിൽ ആയി 50 ജീവനക്കാരാണ് ബാങ്കിന്റെ കരുത്ത്. കോർ ബാങ്കിംഗ് സംവിധാനവും മെയിൻ ബ്രാഞ്ചിലെ കോയിൻ വെൻഡിങ് മെഷീനും ഇടപാടുകാരെ ബാങ്കുമായി കൂടുതൽ അടുപ്പിക്കുന്നു.

പ്രളയ ദുരന്തം നേരിട്ടപ്പോഴും ഇടപാടുകാരും അംഗങ്ങളും ബാങ്കിനെ കൈവിട്ടില്ല. മൊറട്ടോറിയം പ്രഖ്യാപിച്ചപ്പോഴും ബാങ്കിന്റെ പ്രവർത്തന ലാഭത്തിൽ കുറവ് സംഭവിച്ചില്ല. 507 കോടി രൂപ നിക്ഷേപവും 145 കോടി വായ്പ ബാക്കിനിൽപ്പുമായി 852 കോടി രൂപയുടെ ബിസിനസാണ് 2018-19 വർഷം ബാങ്ക് നടത്തിയത്.

ഇങ്ങനെ മൂവാറ്റുപുഴയുടെ സാമ്പത്തികമേഖലയിൽ, ജനഹൃദയങ്ങളിൽ ഇടം നേടിയ അറബൻ ബാങ്കിന് ഒരു അംഗീകാരവും കൂടി ലഭിച്ചതോടെ കൂടുതൽ കരുത്തോടെയും കരുതലോടെയും പ്രവർത്തിക്കാനുള്ള ഊർജ്ജമാണ് ലഭിച്ചതെന്ന് ചെയർമാൻ ഗോപി കോട്ടമുറിക്കൽ പറയുമ്പോൾ അർഹതപ്പെട്ട അംഗീകാരം ഒരിക്കൽകൂടി മൂവാറ്റുപുഴ ക്കാർക്ക് സമ്മാനിച്ചതിന്റെ സന്തോഷത്തിലാണ് ജീവനക്കാരും ഭരണസമിതിയും.

Leave a Reply

Your email address will not be published. Required fields are marked *

Latest News