നിയമക്കുരുക്ക് മാറിയില്ല; സഹകരണ ലാബുകളില്‍ സ്ഥിരനിയമനമില്ല

[mbzauthor]

സഹകരണ സംഘങ്ങള്‍ തുടങ്ങുന്ന നീതി ലാബുകളിലും മെഡിക്കല്‍ സ്‌റ്റോറുകളിലും സ്ഥിരം നിയമനം അനുവദിക്കാതെ സഹകരണ വകുപ്പ്. 1200 ലധികം സ്ഥാപനങ്ങളിലാണ് ഇത്തരത്തില്‍ സ്ഥിര നിയമനം ഇല്ലാത്തത്. സഹകരണ നിയമത്തില്‍ ഇത്തരം സ്ഥാപനങ്ങളില്‍ സ്ഥിര നിയമനത്തിന് വ്യവസ്ഥയില്ലെന്ന കാരണമാണ് അനുമതി നിഷേധിക്കുന്നതിനായി ചൂണ്ടിക്കാട്ടുന്നത്. നിയമഭേദഗതിക്ക് തയ്യാറാക്കിയ കരടിലും ഈ പ്രശ്‌നത്തിന് പരിഹാരം നിര്‍ദ്ദേശിച്ചിട്ടില്ല.

സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 111 നീതി ലാബുകളാണ് പ്രവര്‍ത്തിക്കുന്നത്. 1036 മെഡിക്കല്‍ സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 550 നീതി മെഡിക്കല്‍ സ്റ്റോര്‍ നേരിട്ട് സഹകരണ സംഘങ്ങള്‍ നേരിട്ട് നടത്തുന്നതാണ്. നീതി ലാബുകളില്‍ ലാബ് അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍ എന്നീ തസ്തിക ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രസ്തുത തസ്തികയിലേക്ക് സ്ഥിരനിയമനം നടത്തുന്നതിന് വ്യവസ്ഥയില്ലെന്നാണ് വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകളാണ് സമൂഹ്യ സേവന പ്രവര്‍ത്തനം എന്ന രീതിയില്‍ നീതി സ്റ്റോറുകള്‍ കൂടുതലായി തുടങ്ങാന്‍ തയ്യാറാകുന്നത്. ഇവിടെയാണ് സ്ഥിരനിയമനം തടസ്സമാകുന്നത്. 1969 ലെ കേരള സഹകരണ സംഘം നിയമം അപ്പന്റിക്‌സ് മൂന്നിലാണ് ഇതേക്കുറിച്ച് വ്യവസ്ഥ ചെയ്യുന്നത്. 199 സഹകരണ ആശുപത്രികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ നിയമനങ്ങള്‍ക്ക് സാങ്കേതിക തടസ്സമില്ല.

അതേസമയം, സഹകരണ സംഘങ്ങള്‍ നീതി സ്റ്റോര്‍ തുടങ്ങുന്നതിന് സഹകരണ വകുപ്പ് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. നീതി സ്റ്റോര്‍ തുടങ്ങുന്നതിന് സഹകരണ സംഘത്തിന്റെ നിയമാവലയില്‍ വ്യവസ്ഥയുണ്ടാകണം, സംഘത്തില്‍ പെയ്ഡ് സെക്രട്ടറിയും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ഉണ്ടാകണം എന്നിങ്ങനെയുള്ള വ്യവസ്ഥകള്‍ പാലിക്കണമെന്ന് മാത്രമേയുള്ളൂ. സംഘത്തിന്റെ ഓഡിറ്റ് കുറഞ്ഞത് മൂന്നുവര്‍ഷമെങ്കിലും പൂര്‍ത്തിയായിരിക്കണം. നീതി മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങുന്നതിന് ആവശ്യമായ ഫണ്ട് സംഘത്തിന് ഉണ്ടെന്ന് ഉറപ്പുവരുത്തണം.

നീതി മെഡിക്കല്‍ സ്റ്റോര്‍ ആരംഭിച്ചാലുള്ള വിജയസാധ്യത സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സെക്രട്ടറി സമര്‍പ്പിക്കണം. വാടക കെട്ടിടത്തിലാണ് തുടങ്ങുന്നതെങ്കില്‍ 100 രൂപ മുദ്രപത്രത്തില്‍ വാടക കരാര്‍ സമര്‍പ്പിക്കണം. സ്വന്തം കെട്ടിടത്തിലാണെങ്കില്‍ സ്ഥാലം, കെട്ടിട നമ്പര്‍ പഞ്ചായത്ത് എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം. സ്‌റ്റോര്‍ തുടങ്ങുന്ന സ്ഥലം സര്‍ക്കാര്‍-സഹകരണ ആശുപത്രികളുടെ പ്രദേശത്തോ വില്‍പന കൂടുതലുള്ള പ്രദേശങ്ങളോ ആയിരിക്കണം. എന്നിവയാണ് മറ്റ് നിബന്ധനകള്‍. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള അപേക്ഷ അതത് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാര്‍ പരിശോധിച്ച് ക്രമപ്രകാരമാണെങ്കില്‍ മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങാന്‍ അംഗീകാരം നല്‍കും.

[mbzshare]

Leave a Reply

Your email address will not be published.