നിക്ഷേപത്തിന് അധികപലിശ നല്‍കിയത് കുറ്റം; തിരിച്ചുപിടിക്കുന്നത് 27ലക്ഷം
നിക്ഷേപത്തിന് അധിക പലിശ നല്‍കിയത് ഗുരുതരമായ കുറ്റമായി കണക്കാക്കി സഹകരണ വകുപ്പിന്റെ ഉത്തരവ്. തുമ്പൂര്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ നടപടികളിലൂടെ ബാങ്കിനുണ്ടായ നഷ്ടം ഭരണസമിതി അംഗങ്ങളില്‍നിന്ന് തിരിച്ചുപിടിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഭരണസമിതി അംഗങ്ങള്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കിയത്.
എട്ട് കുറ്റങ്ങളാണ് ഭരണസമിതി അംഗങ്ങളില്‍നിന്ന് നഷ്ടം ഈടാക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ കണ്ടെത്തിയത്. വകുപ്പ് തല അനുമതിയില്ലാതെ കെട്ടിടം നിര്‍മ്മിച്ചു, വകുപ്പ് തല അനുമതിയില്ലാതെ ആസ്തികള്‍ സമ്പാദിച്ചതുവഴി സംഘത്തിന് നഷ്ടമുണ്ടാക്കി, പൊതുയോഗത്തിന് കോംപ്ലിമെന്റ് നല്‍കി, ദിവസവേതനക്കാരെ നിയമിച്ചു, രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിര്‍ദ്ദേശത്തിന് വിരുദ്ധമായി സ്ഥിരനിക്ഷേപങ്ങള്‍ക്ക് അധിക പലിശ നല്‍കി, സര്‍ക്കുലര്‍ നിര്‍ദ്ദേശം പാലിക്കാതെ വാഹനം ഉപയോഗിച്ചു ഇങ്ങനെ നീളുന്നു കുറ്റങ്ങള്‍.
അപ്പീല്‍ പരിശോധനയില്‍ ജോയിന്റ് രജിസ്ട്രാര്‍ കണ്ടെത്തിയ എട്ട് കുറ്റങ്ങളില്‍ അഞ്ചെണ്ണം സര്‍ക്കാര്‍ കുറ്റമല്ലെന്ന് കണ്ടെത്തി. കെട്ടിടം പണി, സ്ഥിരനിക്ഷേപത്തിന് അധിക പലിശ നല്‍കി, അംഗങ്ങള്‍ക്ക് കോംപ്ലിമെന്റ് നല്‍കി ഈ മൂന്നെണ്ണമാണ് സര്‍ക്കാരിന്റെ പരിശോധനയില്‍ കുറ്റമായി കണ്ടത്. ഈ ഇനത്തില്‍ സംഘത്തിനുണ്ടായ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാനാണ് സര്‍ക്കാരിന്റെയും ഉത്തരവ്.
13 ഭരണസമിതി അംഗങ്ങളില്‍ നിന്നായി 27 ലക്ഷം രൂപയാണ് തിരിച്ചുപിടിക്കേണ്ടത്. ഇതില്‍ ഓരോരുത്തരും അടയ്‌ക്കേണ്ട വിഹിതവും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ 1.25 ലക്ഷം രൂപ സെക്രട്ടറിയില്‍നിന്നും തിരിച്ചു പിടിക്കണമെന്നാണ് ഉത്തരവിലുള്ളത്. സഹകരണ വകുപ്പ് ജോയിന്റ് സെക്രട്ടറി പി.ഗോപകുമാറാണ് അപ്പീല്‍ പരിഗണിച്ച് തീര്‍പ്പാക്കി ഉത്തരവിറക്കിയത്.