തമിഴ്‌നാട്ടിലെ സഹകരണ പഞ്ചസാരമില്ലുകളിലെ ജീവനക്കാര്‍ക്ക് ബോണസും എക്‌സ്‌ഗ്രേഷ്യയും

[mbzauthor]

സഹകരണമേഖലയിലെയും പൊതുമേഖലയിലെയും പഞ്ചസാരമില്ലുകളിലെ ജീവനക്കാര്‍ക്കു തമിഴ്‌നാട്‌സര്‍ക്കാര്‍ ബോണസും എക്‌സ് ഗ്രേഷ്യയും പ്രഖ്യാപിച്ചു. സഹകരണമേഖലയിലെ പതിനാറു മില്ലുകളിലെയും പൊതുമേഖലയിലെ രണ്ടു മില്ലുകളിലെയും 6103 ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം കിട്ടും. 8.33 ശതമാനമാണു ബോണസ്. 11.67 ശതമാനമാണ് എക്‌സ് ഗ്രേഷ്യ. ഈ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനു 4.15 കോടി രൂപ അധികച്ചെലവു വരും. ബോണസിനും എക്‌സ്‌ഗ്രേഷ്യക്കും പുറമേ ഒമ്പതു സഹകരണ പഞ്ചസാരമില്ലുകള്‍ക്കും ഒരു പൊതുമേഖലാമില്ലിനും സര്‍ക്കാര്‍ 63.61 കോടി രൂപ വായ്പയും അനുവദിച്ചിട്ടുണ്ട്. ശമ്പളക്കുടിശ്ശിക തീര്‍ക്കാനും യന്ത്രങ്ങള്‍ നന്നാക്കാനുമാണു വായ്പ നല്‍കിയിരിക്കുന്നത്.

അതേസമയം, സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു നല്‍കുന്ന ബോണസും എക്‌സ് ഗ്രേഷ്യയും ഇരുപതു ശതമാനമാക്കി വര്‍ധിപ്പിക്കണമെന്നു മുന്‍മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമി തമിഴ്‌നാട് സര്‍ക്കാരിനോടാവശ്യപ്പെട്ടു. ബോണസ് നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കു സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞാഴ്ച 10 ശതമാനം ബോണസ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ സഹകരണമേഖല ദേശീയതലത്തില്‍ നിരവധി ഒന്നാംസ്ഥാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നും സഹകരണസ്ഥാപനങ്ങള്‍ ലാഭത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നും പളനിസ്വാമി ചൂണ്ടിക്കാട്ടി. മുന്‍ എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍ സഹകരണസ്ഥാപനങ്ങളുള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ക്കു 20 ശതമാനം ബോണസും എക്‌സ് ഗ്രേഷ്യയും നല്‍കിയിട്ടുണ്ട്. 2021 ജനുവരി മുതല്‍ നല്‍കാനുള്ള ശമ്പളവര്‍ധന നടപ്പാക്കാത്തതില്‍ സഹകരണവകുപ്പു ജീവനക്കാര്‍ അസ്വസ്ഥരാണ്- അദ്ദേഹം പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.