കേരളത്തിലെ സഹകരണ ബാങ്കുകൾ മികവിൽ മുൻപന്തിയിലാണെന്ന് നബാർഡ്.
പ്രവർത്തന മികവിൽ കേരളത്തിലെ സഹകരണ ബാങ്കുകളും സംഘങ്ങളും വളരെയേറെ മുൻപന്തിയിലാണെന്ന് നബാർഡ് ചീഫ് ജനറൽ മാനേജർ ആർ .ശ്രീനിവാസൻ പറഞ്ഞു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് വ്യാപാരികൾക്ക് നൽകുന്ന പി.ഒ .എസ് മെഷീൻ വിതരണ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം . കോഴിക്കോട് ജില്ലാ ബാങ്ക് സാങ്കേതിക രംഗത്തു കൈവരിച്ച മികവുകളും, സാമ്പത്തിക സാക്ഷരതാ പ്രചാരണം, ജില്ലയിലെ സഹകരണ ബാങ്കുകൾക്കും സഹകരണ സംഘങ്ങൾക്കും പാക്സ് ഡവലപ്മെന്റ് സെൽ മേൽനോട്ടത്തിൽ നൽകുന്ന പിന്തുണയും മാതൃകാപരമാണെന്നും നബാർഡ് സി.ജി.എം അഭിപ്രായപ്പെട്ടു. കാർഷിക സ്വർണ്ണപണ്ട പണയ വായ്പയുടെ പലിശ ആനുകൂല്യം നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് നൽകുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
പാക്സ് സെൽ പ്രവർത്തന ഫലമായി കോഴിക്കോട് ജില്ലയിൽ പ്രവർത്തന വിജയം കൈവരിച്ച കാക്കൂർ, കൽപ്പത്തൂർ എന്നീ സർവീസ് സഹകരണ ബാങ്കുകൾക്കുള്ള അവാർഡുകൾ നബാർഡ് സി.ജി.എം വിതരണം ചെയ്തു. ബാങ്ക് ജനറൽ മാനേജർ കെ.പി.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നബാർഡ് ജില്ലാ വികസന ഓഫീസർ ജെയിംസ് പി.ജോർജ്ജ് , സി.കെ വേണുഗോപാൽ എന്നിവർ സംസാരിച്ചു.