കേന്ദ്ര സര്‍ക്കാര്‍ നീക്കം ലക്ഷ്യം നേടുന്നു
സഹകരണം സംസ്ഥാനവിഷയമാണെങ്കിലും അതിന്റെ പരോക്ഷനിയന്ത്രണം കേന്ദ്രസര്‍ക്കാരിലേക്കാണിപ്പോള്‍ കേന്ദ്രീകരിക്കുന്നത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ രാജ്യത്താകെ ഏകീകൃത സോഫ്റ്റ്‌വെയറിലൂടെ ബന്ധിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതോടെ
അവയുടെ നിയന്ത്രണം കേന്ദ്രത്തിനു കീഴിലേക്കു മാറും.
കേന്ദ്രത്തില്‍ പുതിയ സഹകരണമന്ത്രാലയം രൂപവത്കരിക്കുകയും മന്ത്രിസഭയിലെ ശക്തനായ അമിത് ഷാ അതിന്റെ ചുമതല ഏല്‍ക്കുകയും ചെയ്‌പ്പോള്‍ത്തന്നെ കേന്ദ്രസര്‍ക്കാരിന്റെ സഹകരണദൗത്യം ഏറെ ശ്രദ്ധയോടെ നിരീക്ഷിക്കുന്ന സംസ്ഥാനമാണു കേരളം. സഹകരണമന്ത്രാലയം വരുന്നതിനു മുമ്പുതന്നെ കേന്ദ്രസര്‍ക്കാരിന്റെ സഹകരണനയം കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്നതാണെന്ന ആക്ഷേപം ഇവിടത്തെ സര്‍ക്കാരും സഹകാരികളും ഉന്നയിക്കുന്നുണ്ട്. സഹകരണ സംരക്ഷണസമിതി ഓരോ ജില്ലയിലും സംസ്ഥാനതലത്തിലും വന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ഈ സമിതികള്‍ക്കൊന്നും കേരളത്തിലെ സഹകരണ മേഖലയ്ക്കു കൃത്യമായ ഒരു ദിശാബോധം നല്‍കി കേന്ദ്രദൗത്യത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണു വസ്തുത. കേന്ദ്രസര്‍ക്കാരാകട്ടെ, കൃത്യമായ ആസൂത്രണത്തോടെയാണു പദ്ധതികള്‍ തയാറാക്കി നടപ്പാക്കുന്നത്. അതിനുപിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്നതു യാഥാര്‍ഥ്യമാണ്. എന്നാല്‍, അതിന്റെ അപകടം തിരിച്ചറിഞ്ഞു പ്രതിരോധിക്കാനല്ല, ആ ദൗത്യത്തിനു സഹായം നല്‍കുന്ന നടപടികളാണു സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്നതാണു ശ്രദ്ധേയം. കേരള സഹകരണ സംഘം നിയമത്തില്‍ കൊണ്ടുവരുന്ന ഭേദഗതികളില്‍ ഇതു പ്രകടമാണ്.
കേരള ബാങ്കിന്റെ അഭിവൃദ്ധി എന്ന ഒറ്റ ലക്ഷ്യത്തിനു കേരളത്തിലെ സഹകരണമേഖലയെ ആകെ ബലികൊടുക്കുന്ന സമീപനമാണ് ഇപ്പോഴുള്ളതെന്ന വിമര്‍ശനം ശക്തമാണ്. പ്രതിസന്ധിയിലാകുന്ന പ്രാഥമിക സഹകരണ ബാങ്കുകളുടെ രക്ഷയ്ക്കു കേരള ബാങ്കില്ല. നബാര്‍ഡിന്റെ കാര്‍ഷികാടിസ്ഥാന സൗകര്യനിധി ഉപയോഗിക്കാനുള്ള പ്രാഥമിക സഹകരണ ബാങ്കുകളുടെ പദ്ധതിരേഖപോലും അംഗീകരിച്ചു സാമ്പത്തികസഹായം ഉറപ്പാക്കാന്‍ കേരള ബാങ്ക് ശ്രമിക്കുന്നില്ല. ഇതിന്റെയെല്ലാം ബുദ്ധിമുട്ടുകള്‍ സഹകരണമേഖല നേരിടുന്ന ഘട്ടത്തിലാണു കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ നടപ്പാവുന്നത്. സഹകരണം സംസ്ഥാന വിഷയമാണെങ്കിലും അതിന്റെ പരോക്ഷനിയന്ത്രണം കേന്ദ്രസര്‍ക്കാരിലേക്കു കേന്ദ്രീകരിക്കുന്നതാണു കേന്ദ്രപദ്ധതികളുടെ പൊതുസ്വഭാവം. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ രാജ്യത്താകെ ഏകീകൃത സോഫ്റ്റ്‌വെയറിലൂടെ ബന്ധിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്. എല്ലാ സഹകരണസംഘങ്ങളുടെയും ഡേറ്റകള്‍ കേന്ദ്ര സെര്‍വറില്‍ ശേഖരിക്കുന്നതിനുള്ള കേന്ദ്ര ഡേറ്റ സെന്ററിന്റെ പദ്ധതിയും ഇതിലേക്കാണു മാറുന്നത്. ഇതിനൊപ്പം, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളെ നേരിട്ട് നിശ്ചയിക്കുന്ന രീതിയിലേക്കും കേന്ദ്രസര്‍ക്കാരിന്റെ നിര്‍വഹണസമീപനം മാറുകയാണ്.
ദേശീയതലത്തില്‍ മൂന്നു മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ തുടങ്ങിയതും കൃത്യമായ ആസൂത്രണത്തോടെയാണ്. രാജ്യത്താകെ പ്രവര്‍ത്തനപരിധിയുള്ളതും കാര്‍ഷികമേഖലയില്‍ ഇടപെടാന്‍ കഴിയുന്നവിധത്തിലുള്ളതുമാണ് ഈ സംഘങ്ങള്‍. പ്രാദേശികതലത്തില്‍വരെ കേന്ദ്രസര്‍ക്കാരിനു സ്വാധീനം ചെലുത്താവുന്നവിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. സംസ്ഥാനത്തെ ഏതു പ്രാഥമികസംഘത്തിനും ഈ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘവുമായി ധാരണയുണ്ടാക്കി ഒരുമിച്ചു പ്രവര്‍ത്തിക്കാം. ഇത്തരം സംഘങ്ങള്‍ക്ക് അവരുടെ പദ്ധതിയെ അടിസ്ഥാനമാക്കി കേന്ദ്രത്തിന്റെ സാമ്പത്തികസഹായം ലഭ്യമാക്കും. ഇതെല്ലാം നടപ്പാകുന്നതോടെ കേരളത്തിലെ സഹകരണമേഖലയില്‍ കേന്ദ്രസര്‍ക്കാരിനു നേരിട്ട് ഇടപെടാന്‍ കഴിയുന്ന സ്ഥിതിയുണ്ടാകുമെന്ന് ഉറപ്പാണ്.
ഏകീകൃത
നെറ്റ്‌വര്‍ക്ക്
രാജ്യത്തെ പ്രാഥമിക സഹകരണ ബാങ്കുകളെ ഏകീകൃത സോഫ്റ്റ്‌വെയറിലൂടെ ബന്ധിപ്പിക്കുന്നതിനു ബജറ്റില്‍ 2516 കോടി രൂപയാണു കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. ഈ ഘട്ടത്തിലാണു കേന്ദ്രസര്‍ക്കാരിന്റെ നീക്കം സഹകരണ മേഖലയ്ക്ക് അപകടകരമാണെന്ന വാദം സംസ്ഥാന ധനമന്ത്രിതന്നെ ഉയര്‍ത്തിയത്. എന്നാല്‍, ബജറ്റിന് എത്രയോ മുമ്പുതന്നെ ഈ പദ്ധതി സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയതാണ്. അന്നൊന്നും ഇതിനോടുള്ള എതിര്‍പ്പോ ആശങ്കയോ കേരളം പങ്കുവെച്ചിട്ടില്ല. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതോടെ അവയുടെ നിയന്ത്രണം കേന്ദ്രത്തിനു കീഴിലേക്കു മാറുമെന്നതാണു ബജറ്റ് നിര്‍ദേശത്തിന്റെ പ്രസക്തി. രാജ്യത്തെ 63,000 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ ഒരു നെറ്റ്‌വര്‍ക്കിനു കീഴില്‍ കൊണ്ടുവരുന്നതാണു പദ്ധതി. ഈ സംഘങ്ങളാണു കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നത്.
ഏകീകൃത സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നതിന് ഓപ്പണ്‍ ടെണ്ടറിലൂടെ ഓരോ സംസ്ഥാനത്തും നബാര്‍ഡായിരിക്കും സിസ്റ്റം ഇന്റഗ്രേറ്റേഴ്സിനെ കണ്ടെത്തുക. ഹാര്‍ഡ്‌വെയര്‍, സംഘങ്ങളുടെ ഡേറ്റ ഓണ്‍ലൈനിലേക്കു മാറ്റല്‍, സംസ്ഥാനങ്ങളുടെ സഹകരണസ്വഭാവമനുസരിച്ച് സോഫ്റ്റവെയര്‍ ക്രമീകരിക്കല്‍ എന്നിവയെല്ലാം ഈ സിസ്റ്റം ഇന്റഗ്രേറ്റേഴ്സായിരിക്കും ചെയ്യുക. ഈ സംഘങ്ങളിലെ അംഗങ്ങള്‍ കര്‍ഷകരാണെന്നും അവര്‍ക്കു ഡിജിറ്റല്‍ പണം കൈമാറ്റത്തിന് അവസരമൊരുക്കുകയാണു ലക്ഷ്യമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇത് എതിര്‍ക്കാന്‍ കേരളത്തിനു കഴിയാത്ത സ്ഥിതിയുമുണ്ട്. കാരണം, കേരള സഹകരണസംഘം നിയമത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതു നിയമപരമായ ബാധ്യതയാക്കി മാറ്റിയാണു ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. ഇതോടെ, കേന്ദ്രലക്ഷ്യത്തിന് എളുപ്പത്തില്‍ വഴങ്ങേണ്ട സ്ഥിതിയിലേക്കു കേരളത്തിലെ സഹകരണസംഘങ്ങള്‍ മാറി.
ഇത്തരമൊരു പദ്ധതി നടപ്പാകുമ്പോള്‍ എന്തൊക്കെ മാറ്റമാണു വരാനിരിക്കുന്നതെന്നു കേന്ദ്രംതന്നെ വ്യക്തമാക്കുന്നുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളുടെ വായ്പ- വായ്പേതര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ പാകത്തിലുള്ള ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറായിരിക്കും സ്ഥാപിക്കുക. ഇതു കേരള ബാങ്കുമായി ബന്ധിപ്പിച്ച് വായ്പാവിതരണം അംഗങ്ങള്‍ക്കു വേഗത്തില്‍ ലഭ്യമാക്കുമെന്നാണു കേന്ദ്രപദ്ധതി വിശദീകരിക്കുന്നത്. സംഘങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ സംസ്ഥാന ബാങ്കുവഴി കേന്ദ്ര സെര്‍വറിലേക്കു മാറും. ഈ ഡേറ്റകള്‍ കേന്ദ്രപദ്ധതി ആവിഷ്‌കരിക്കുന്നതിനായി ഉപയോഗപ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 200 സഹകരണ ബാങ്കുകളെ ഒരു ക്ലസ്റ്ററാക്കി മാറ്റിയാണു പദ്ധതി നടപ്പാക്കുക. ഇവയെല്ലാം സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ഒരു മേല്‍നോട്ടസമിതിക്കു കീഴിലാകും. ഈ സമിതിയുടെ നിര്‍ദേശമനുസരിച്ചാണു സിസ്റ്റം ഇന്റഗ്രേറ്റേഴ്സ് പ്രവര്‍ത്തിക്കുക. കേന്ദ്ര സഹകരണമന്ത്രാലയം സെക്രട്ടറി ചെയര്‍മാനായ ഉന്നതതല സമിതിയാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. സംസ്ഥാനതലത്തില്‍ സഹകരണ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മറ്റൊരു സമിതിയുമുണ്ടാകും.
ഒരു സംഘത്തിനു ശരാശരി 3.91 ലക്ഷം രൂപയാണു സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കാന്‍ കണക്കാക്കിയ ചെലവ്. ഓരോ സംഘത്തിന്റെയും പ്രവര്‍ത്തനവൈപുല്യവും വലുപ്പവും കണക്കിലെടുത്ത് ഇതില്‍ ഏറ്റക്കുറച്ചിലുണ്ടാകും. സ്വന്തമായി സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ച സംഘങ്ങള്‍ക്ക് 50,000 രൂപവരെ അതിന്റെ ചെലവിലേക്കു കേന്ദ്രം നല്‍കും. ഇത്തരം സോഫ്റ്റ്‌വെയറുകള്‍ കേന്ദ്ര ഡേറ്റ സെന്ററുമായി ബന്ധിപ്പിക്കണമെന്ന വ്യവസ്ഥ ഇതിനുണ്ട്.
2516 കോടിയുടെ പദ്ധതിയാണെങ്കിലും ഇതില്‍ സംസ്ഥാനവും വിഹിതം നല്‍കണം. 1528 കോടി രൂപ കേന്ദ്രസര്‍ക്കാര്‍, 252 കോടി രൂപ നബാര്‍ഡ്, 736 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ എന്നിങ്ങനെയാണു വിഹിതം കണക്കാക്കിയിട്ടുള്ളത്. ഡേറ്റ സ്റ്റോറേജ് സൗകര്യമടക്കം സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നതിനുള്ള മുഴുവന്‍ ചെലവും കേന്ദ്രസര്‍ക്കാരും നബാര്‍ഡുമാണു വഹിക്കുക. കമ്പ്യൂട്ടറടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങുന്ന ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണു വഹിക്കേണ്ടത്. 2023-24 നുള്ളില്‍ 33,000 പാക്സുകള്‍ കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയാക്കണമെന്നാണു ലക്ഷ്യമിട്ടിട്ടുള്ളത്. അഞ്ചു ഘട്ടമായാണു പദ്ധതി നടപ്പാക്കുന്നത്. 2027 മാര്‍ച്ചില്‍ മുഴുവന്‍ സംഘങ്ങളും കേന്ദ്ര നെറ്റ്‌വര്‍ക്കിനു കീഴിലാകും.
ഘടന മാറുന്ന
പരീക്ഷണം
രാജ്യത്തെ മൊത്തം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെയും മള്‍ട്ടി സര്‍വീസ് സെന്ററുകളാക്കി മാറ്റാനാണു പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതെന്നാണു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ സഹകരണ പരിഷ്‌കാരങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തെയാകും. സഹകരണമേഖലയില്‍ ഘടനാപരമായ കെട്ടുറപ്പിനെക്കൂടി ഇതു ബാധിക്കും. കേരളത്തിനു പുറത്തു പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ( പാക്‌സ് ) അംഗങ്ങളായ കര്‍ഷകര്‍ക്കു വായ്പ നല്‍കുന്ന ഒരു പ്രാഥമികസംഘം മാത്രമാണ്. കേരളത്തിലേതുപോലുള്ള നിക്ഷേപമോ ബാങ്കിങ്പ്രവര്‍ത്തനമോ അവയ്ക്കില്ല. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണു കുറച്ചെങ്കിലും നല്ല സാമ്പത്തികാടിത്തറയുള്ള പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളുള്ളത്. ഇവപോലും വായ്‌പേതര പ്രവര്‍ത്തനങ്ങള്‍ കാര്യമായി ഏറ്റെടുക്കുന്നില്ല. ഒരു കാര്‍ഷിക വായ്പാസംഘത്തിന്റെ പ്രവര്‍ത്തനപരിധി ഒരു പഞ്ചായത്തായി നിശ്ചയിച്ചുള്ളതാണു കേന്ദ്രപരിഷ്‌കാരം. മാതൃകാ ബൈലോയുടെ കരടില്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. ആ പ്രവര്‍ത്തനപരിധിയില്‍ അംഗങ്ങള്‍ക്ക് എല്ലാ സേവനങ്ങളും ഉറപ്പാക്കുന്നതാണു മള്‍ട്ടി സര്‍വീസ് സെന്റര്‍ എന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു കാര്‍ഷിക വായ്പാ സംഘത്തിന് ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് 25 എണ്ണമാണ്.
കേരളത്തിലെ കാര്‍ഷിക വായ്പാസംഘങ്ങള്‍ ഒരേസമയം വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനൊപ്പം ബാങ്കിങ് പ്രവര്‍ത്തനവും നടത്തുന്നുണ്ട്. കേന്ദ്രനിര്‍ദേശമനുസരിച്ച് ബാങ്കിങ് പ്രവര്‍ത്തനം പരിമിതപ്പെടും. ബാങ്കിങ് കറസ്‌പോണ്ടന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാമെന്നാണു കേന്ദ്രനിര്‍ദേശത്തിലുള്ളത്. ഈ വ്യവസ്ഥയാണു കേരളത്തെ ബാധിക്കുക. കേരള ബാങ്കിന്റെ ബാങ്കിങ് കറസ്‌പോണ്ടന്റായി പ്രാഥമിക സഹകരണ ബാങ്കുകള്‍ മാറും. ഇക്കാര്യത്തില്‍ കേരള ബാങ്ക് പൂര്‍ണസമ്മതം അറിയിച്ചിട്ടുണ്ടെന്നതാണു ശ്രദ്ധേയം. കേരളം ഈ പരിഷ്‌കാരങ്ങളെ അപകടമായി കാണുമ്പോഴാണ് ഇരുംകൈയും നീട്ടി കേരള ബാങ്ക് ഇതിനെ സ്വീകരിക്കുന്നത്. കേന്ദ്ര സഹകരണമന്ത്രാലയം പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ അക്കാര്യം കേരള ബാങ്ക് പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. മോഡല്‍ ബൈലോ, ഏകീകൃത സോഫ്റ്റ്‌വെയര്‍, കേന്ദ്ര ഡേറ്റ സെന്റര്‍ എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. ഇതിലും ഒരു എതിര്‍പ്പും കേരളം അറിയിച്ചിട്ടില്ല. ചുരുക്കത്തില്‍, കേരള ബാങ്കിനെയും സഹകരണവകുപ്പിനെയും തന്ത്രപരമായി വരുതിയിലാക്കാന്‍ കേന്ദ്രത്തിനു കഴിഞ്ഞു.
കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ ഏറെ നാളായി കേന്ദ്ര-സംസ്ഥാനത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ബാങ്കുകളായി പ്രവര്‍ത്തിക്കുന്നതു നിയമവിരുദ്ധമാണെന്നു കാണിച്ച് റിസര്‍വ് ബാങ്ക് നല്‍കിയ പത്രപ്പരസ്യത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സംസ്ഥാനവിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നുവെന്നതാണ് ഈ ഹര്‍ജിയിലെ വാദം. ഇപ്പോള്‍ സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയാണു കേന്ദ്രം പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. അതില്‍ കേരളം എതിര്‍പ്പ് അറിയിക്കാത്തതിനാല്‍ സുപ്രീംകോടതിയിലെ സംസ്ഥാനത്തിന്റെ വാദംപോലും ദുര്‍ബലപ്പെടാന്‍ ഇടവരും.
കേന്ദ്രപരീക്ഷണത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആരോപിക്കാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്. സംസ്ഥാനത്തെ സഹകരണമേഖലയില്‍ ബി.ജെ.പി.ക്കു വേരുറപ്പിക്കാനായിട്ടില്ല. പ്രാഥമിക സഹകരണ ബാങ്കുകളില്‍ 60 ശതമാനവും കേരള ബാങ്കും സി.പി.എം. നിയന്ത്രണത്തിലാണ്. നാനൂറോളം സംഘങ്ങളാണു ബി.ജെ.പി. നിയന്ത്രണത്തിലുള്ളത്. അതില്‍ത്തന്നെ ബാങ്കുകളുടെ എണ്ണം വിരലിലെണ്ണാം. പുതിയ സംഘങ്ങള്‍ തുടങ്ങാന്‍ ബി.ജെ.പി. ശ്രമിക്കുന്നുണ്ടെങ്കിലും അതിനു സംസ്ഥാനത്തു രജിസ്ട്രേഷന്‍ ലഭിക്കുന്നില്ല. ഇതിലാണു കേന്ദ്ര ഇടപെടല്‍ പ്രധാനമാകുന്നത്. കാര്‍ഷിക വായ്പാ സഹായമടക്കമുള്ള കേന്ദ്രപദ്ധതികളുടെ വിഹിതം നേരിട്ട് പ്രാഥമിക സംഘങ്ങള്‍ക്കു നല്‍കുന്നതാണു കേന്ദ്രപദ്ധതിയുടെ രീതി. ഇതിനൊപ്പം കേന്ദ്രം തുടങ്ങുന്ന മള്‍ട്ടി സഹകരണ സംഘങ്ങളിലൂടെ സാമ്പത്തികസഹായം ലഭ്യമാക്കും. കേന്ദ്രത്തിന്റെ മള്‍ട്ടി സംഘങ്ങളില്‍ സംസ്ഥാനത്തെ പ്രാഥമികസംഘങ്ങള്‍ക്കും സ്വാശ്രയ സംഘങ്ങള്‍ക്കും അഫിലിയേഷന്‍ നല്‍കും. സഹകരണസംഘം തുടങ്ങാന്‍ സംസ്ഥാനസര്‍ക്കാരിന്റെ അനുമതി ലഭിച്ചില്ലെങ്കില്‍ സ്വാശ്രയ ഗ്രൂപ്പുകള്‍ രൂപവത്കരിച്ചും ബി.ജെ.പി.ക്ക് അവരുടെ സ്വാധീനം ഉറപ്പാക്കാനാകുമെന്നതാണ് ഇതിന്റെ ഫലം. സംസ്ഥാനത്തെ ഏതു സഹകരണ സംഘത്തിനും മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തില്‍ ലയിക്കാമെന്ന നിയമഭേദഗതിയും കേന്ദ്രം കൊണ്ടുവന്നിട്ടുണ്ട്. ഇതോടെ, സംസ്ഥാന സഹകരണവകുപ്പിന്റെ നിയന്ത്രണത്തില്‍മാത്രം നിലനിന്ന സഹകരണഘടനയില്‍ മാറ്റങ്ങളുണ്ടാകും.