കേന്ദ്ര ശമ്പള കമ്മീഷൻ നിർത്തുന്നു: ജീവനക്കാരുടെ വേതനവർധന ഉറപ്പാക്കുന്ന രീതി ഇതോടെ ഇല്ലാതാകും.

adminmoonam

കേന്ദ്ര ശമ്പള കമീഷൻ നിർത്തലാക്കുന്നു. പത്തു വർഷം കൂടുമ്പോൾ ജീവനക്കാരുടെ വേതനവർധന ഉറപ്പാക്കുന്ന രീതിയാണ്‌ കേന്ദ്രസർക്കാർ ഇല്ലാതാക്കുന്നത്‌. പകരം പ്രവർത്തനമികവിന്റെയും പണപ്പെരുപ്പത്തിന്റെയും അടിസ്ഥാനത്തിൽ ശമ്പളം പരിഷ്‌കരിക്കുമെന്ന് പറയുന്നു. വേതനം വെട്ടി ചുരുക്കുന്നതിന്റെ ഭാഗമാണിതെന്നും സംശയിക്കുന്നവരും കുറവല്ല.നിലവിൽ ഓരോ ശമ്പളപരിഷ്‌കരണം നടപ്പാക്കുമ്പോഴും അതുവരെയുള്ള ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിൽ കൂട്ടിച്ചേർത്ത്‌ ഉയർന്ന അടിസ്ഥാനശമ്പളം നിശ്‌ചയിക്കുകയാണ് പതിവ്. അതിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ പിന്നീട്‌ നിശ്‌ചിത ശതമാനം വീതം ക്ഷാമബത്ത ലഭിക്കുക. ശമ്പളപരിഷ്‌കരണം ഇല്ലാതായാൽ പഴയ അടിസ്ഥാനശമ്പളത്തിലാകും ക്ഷാമബത്ത കണക്കാക്കുക. ഇതോടെ ക്ഷാമബത്തയും ശമ്പളവർധനയും നാമമാത്രമാകും. അടിസ്ഥാനശമ്പളം പരിഗണിച്ചുള്ള ആനുകൂല്യങ്ങളും കുറയാനാണ് സാധ്യത.
ജോലിമികവിന്റെ അടിസ്ഥാനത്തിലുള്ള ശമ്പള വർധന, വ്യവസായവാണിജ്യമേഖലകളിലാണ് നടപ്പാക്കാറുള്ളത്. സർക്കാർ വകുപ്പുകളിൽ ഇത്‌ പ്രായോഗികമല്ലെന്നാണ് സർവീസ് സംഘടനകൾ പറയുന്നത്. സർക്കാർ നയങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാരിൽ രഹസ്യസ്വഭാവമുള്ളവ മുതൽ ഫയലുകൾമാത്രം കൈകാര്യം ചെയ്യുന്നജീവനക്കാരുണ്ട്. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ഇവരെ വേർതിരിക്കാനാകില്ല. മേലുദ്യോഗസ്ഥന്റെ ശുപാർശയുടെ പേരിൽ ഇവരുടെ മികവ്‌ നിശ്ചയിക്കുന്നത്‌ വിവേചനത്തിന്‌ ഇടയാക്കുമെന്നാണ് സംഘടനാ നേതാക്കൾ പറയുന്നത്.

ഏഴാം ശമ്പള കമീഷൻ ശുപാർശയാണ്‌ പ്രാബല്യത്തിലുള്ളത്‌. ജീവനക്കാരുടെ ഒട്ടേറെ പ്രക്ഷോഭങ്ങൾക്കുശേഷമാണ്‌ പല ശുപാർശകളും നടപ്പാക്കിയത്‌. പൊതുജനങ്ങൾക്കുള്ള സർക്കാർ സേവനങ്ങൾ സ്വകാര്യവൽക്കരിക്കാൻ നിതി ആയോഗിന്റെ ശുപാർശയുണ്ട്‌. സർക്കാർ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കലാണ്‌ പ്രധാന ലക്ഷ്യം. ശമ്പളച്ചെലവ്‌ കുറച്ച്‌ കേന്ദ്രസർക്കാരിന്റെ കടുത്ത സാമ്പത്തികപ്രതിസന്ധി മറികടക്കലാണ്‌ ഇതിന്റെ ലക്ഷ്യമെന്ന് കരുതുന്നു. അഞ്ച്‌ മാസത്തിനുള്ളിൽ താഴ്‌ന്ന തസ്‌തികകളിലുള്ള 1083 പേരെ പ്രവർത്തന മികവില്ലെന്ന പേരിൽ പിരിച്ചുവിട്ടതായിആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News