കര്‍ണാടകത്തില്‍ നന്ദിനി-അമുല്‍ ബ്രാന്‍ഡുകള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നു
കര്‍ണാടകത്തിലെ ക്ഷീരസഹകരണോല്‍പ്പന്ന ബ്രാന്‍ഡായ നന്ദിനിയെ അമുലില്‍ ലയിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു സംസ്ഥാന സഹകരണമന്ത്രി എസ്.ടി. സോമശേഖര്‍ അറിയിച്ചു. കര്‍ണാടകത്തില്‍ ശക്തമായ അടിത്തറയുള്ള നന്ദിനി ബ്രാന്‍ഡിനെ മായ്ച്ചുകളയാന്‍ ആര്‍ക്കുമാവില്ല. അമുലുമായി നന്ദിനിയെ ലയിപ്പിക്കാനുള്ള ഒരു നിര്‍ദേശവുമില്ല- അദ്ദേഹം അടിവരയിട്ടു വ്യക്തമാക്കി.
കര്‍ണാടകവിപണിയില്‍ ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ അമുല്‍ രംഗത്തു വരുന്നുണ്ട്. ഒരു ലിറ്റര്‍ പാല്‍ അമുല്‍ 54 രൂപയ്ക്കാണു വില്‍ക്കുന്നത്. എന്നാല്‍, ഒരു ലിറ്റര്‍ പാല്‍ 39 രൂപയ്ക്കു വില്‍ക്കാന്‍ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ ( കെ.എം.എഫ് ) തയാറാണ്- മന്ത്രി സോമശേഖര്‍ പറഞ്ഞു. കെ.എം.എഫിനു കീഴിലുള്ള 15 ക്ഷീര സഹകരണ യൂനിയനുകളും ലാഭത്തിലാണു പ്രവര്‍ത്തിക്കുന്നത്. അവയ്ക്ക് ആരുടെയും സഹായം ആവശ്യമില്ല. നന്ദിനി ബ്രാന്‍ഡ് ലോകപ്രശസ്തമാണ്. വിപണി വിപുലമാക്കാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും നന്ദിനി അമുലിന്റെ സഹായം തേടണമെന്നാണു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ പറഞ്ഞത്. അല്ലാതെ, ഇരു ബ്രാന്‍ഡുകളും ലയിക്കണമെന്നു നിര്‍ദേശിച്ചിട്ടില്ല- സോമശേഖര്‍ പറഞ്ഞു. നന്ദിനി ബ്രാന്‍ഡിനെ ശക്തിപ്പെടുത്താന്‍ ഗുജറാത്ത് മാതൃക ഉപയോഗിക്കുന്നതിനെപ്പറ്റി ആലോചിച്ചുവരികയാണ്. നന്ദിനി 25-26 ലക്ഷം ക്ഷീര കര്‍ഷകരില്‍നിന്നാണ് ഇപ്പോള്‍ പാല്‍ ശേഖരിക്കുന്നത് -അദ്ദേഹം പറഞ്ഞു.
തങ്ങളും ബംഗളൂരു മാര്‍ക്കറ്റില്‍ പാലും തൈരും വില്‍ക്കുമെന്നു അമുല്‍ പ്രഖ്യാപിച്ചതോടെയാണു കര്‍ണാടകത്തില്‍ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. കര്‍ണാടകത്തിലെ ക്ഷീര കര്‍ഷകരെ തകര്‍ക്കാനാണു കേന്ദ്ര-സംസ്ഥാന ബി.ജെ.പി. സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ രംഗത്തുവന്നിരുന്നു. നിരവധി വര്‍ഷങ്ങളായി അമുല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കര്‍ണാടകത്തില്‍ വില്‍ക്കുന്നുണ്ടെന്നു സഹകരണമന്ത്രി സോമശേഖര്‍ പറഞ്ഞു. നന്ദിനിയും മറ്റു സംസ്ഥാനങ്ങളില്‍ പാലുല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിലും ഹുബ്ബള്ളിയിലും വര്‍ഷങ്ങളായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്നു അമുല്‍ മാനേജിങ് ഡയരക്ടര്‍ ജയന്‍ മേത്ത പറഞ്ഞു. കര്‍ണാടക മില്‍ക്ക് ഫെഡറേഷനുമായി തങ്ങള്‍ മത്സരിക്കാനില്ല. അമുലിന്റെ പാലുല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണു വില്‍ക്കുക. അല്ലാതെ കടകള്‍ വഴിയല്ല- അദ്ദേഹം വ്യക്തമാക്കി.