കരുവന്നൂര്‍ ബാങ്ക്: ഉദ്യോഗസ്ഥരുടെ വീഴ്ച പഠിക്കാന്‍ സഹകരണ വകുപ്പിന്റെ സമിതി

Deepthi Vipin lal

കരുവന്നൂര്‍ സഹകരണ ബാങ്കിലുണ്ടായ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ വീഴ്ച പഠിക്കാന്‍ സഹകരണ വകുപ്പ് ഒരു സമിതിയെ നിയോഗിച്ചു. സഹകരണ വകുപ്പ് ജോയിന്റ് സെക്രട്ടറി പി.കെ. ഗോപകുമാര്‍, അസി. സെക്രട്ടറി കെ.സി. വിഷ്ണു, സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ ഇന്‍സ്പെക്ടര്‍ ആര്‍. രാജാറാം എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

കരുവന്നൂര്‍ ബാങ്കിലുണ്ടായ കാര്യങ്ങള്‍ അന്വേഷിച്ചത് സഹകരണ സംഘം രജിസ്ട്രാര്‍ അടങ്ങുന്ന പ്രത്യേക സംഘമാണ്. ഈ സംഘം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 16 ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്ക് പുറമെ സര്‍വീസില്‍നിന്ന് വിരമിച്ചവരില്‍ ചിലര്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടായിരുന്നു.

കുറ്റക്കാരായി കണ്ടെത്തിയവരില്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്ക് കേരള സര്‍വീസ് ചട്ടം മൂന്ന് അനുസരിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. സര്‍വീസിലിരിക്കെ സസ്പെന്‍ഷനിലായവരുടെയും വിരമിച്ചവരുടെയും വീഴ്ചകള്‍ അവരുടെ ഭാഗം കൂടി കേട്ട് റിപ്പോര്‍ട്ടാക്കി സര്‍ക്കാരിന് നല്‍കാനാണ് പ്രത്യേക സമിതിയെ ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്.

സഹകരണ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കൂട്ടത്തോടെ നടപടിയെടുത്തതില്‍ സര്‍വീസ് സംഘടനകള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ക്രമക്കേട് നേരത്തെ കണ്ടെത്തി വേണ്ടവിധത്തില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നതാണ് നടപടിക്കിരയായ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ചുമത്തിയ കുറ്റം. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തവരും റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലയില്ലാത്തവരും നടപടിക്കിരയായവരുടെ കൂട്ടത്തിലുണ്ടെന്നതാണ് ആക്ഷേപത്തിന് കാരണമായത്. ഇതെല്ലാം ഇനി പുതിയ സമിതി അന്വേഷിക്കും. സസ്പെന്‍ഷനിലായ ഓരോ ഉദ്യോഗസ്ഥനും അവരുടെ ഭാഗം വിശദീകരിക്കാനും നിരപരാധിത്വം ബോധ്യപ്പെടുത്താനും അവസരം നല്‍കുക എന്നതും പുതിയ സമിതിയെ നിയോഗിക്കാന്‍ കാരണമായിട്ടുണ്ട്.

aruvann

Leave a Reply

Your email address will not be published.