PACS കളെ വിവിധോദ്ദേശ്യസ്ഥാപനങ്ങളാക്കുമ്പോള്‍
-ബി.പി. പിള്ള
( മുന്‍ ഡയരക്ടര്‍,
എ.സി.എസ്.ടി.ഐ.
തിരുവനന്തപുരം )
വായ്പാവിഭാഗം വിപുലമാക്കുകയും സേവനങ്ങള്‍ വൈവിധ്യവത്കരിക്കുകയും
ചെയ്യുന്നതിനായി പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ വിവിധോദ്ദേശ്യ
സ്ഥാപനങ്ങളാക്കി മാറ്റാന്‍വേണ്ടി കേന്ദ്ര സഹകരണ വകുപ്പ് ഈയിടെ തയാറാക്കിയ
മാതൃകാ നിയമാവലിയെ വിശദമായി പരിശോധിക്കുകയാണ് ഈ ലേഖനം.
കേരള സഹകരണ സംഘം നിയമത്തില്‍ നിന്നു മാതൃകാ നിയമാവലി
എങ്ങനെയൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും ലേഖനം വിലയിരുത്തുന്നു.
രാജ്യത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ വിവിധോദ്ദേശ്യ സംഘങ്ങളാക്കി രൂപാന്തരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സഹകരണ മന്ത്രാലയം തയാറാക്കിയ ഒരു മാതൃകാ നിയമാവലി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായി ജൂലായ് ഒന്നിനു നല്‍കുകയുണ്ടായി. ഗ്രാമീണ ഭൂപ്രകൃതിയെയും കാര്‍ഷിക മേഖലയെയും രൂപാന്തരപ്പെടുത്തുന്നതില്‍ അടിത്തട്ടു സ്ഥാപനങ്ങളായ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു ഗ്രാമപുരോഗതിയില്‍ നിര്‍ണായക പങ്കാണു വഹിക്കാനുള്ളത്. വായ്പാവിഭാഗം വിപുലമാക്കുകയും സേവനങ്ങള്‍ വൈവിധ്യവത്കരിക്കുകയും ചെയ്യുന്നതിനായി പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ വിവിധോദ്ദേശ്യ സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുവേണ്ടി ഒരു മാതൃകാ നിയമാവലി തയാറാക്കുകയും അതില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ ജൂലായ് 15 നുള്ളില്‍ നല്‍കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.
കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് രണ്ടിലോ സഹകരണച്ചട്ടം രണ്ടിലോ നിര്‍വചിക്കാത്ത കൃഷി, ശാഖകള്‍, ഡെലിഗേറ്റ്, ഡയറക്ടര്‍, ജീവനക്കാരന്‍, കര്‍ഷകന്‍, അധികാരപരിധി, ഭാരവാഹി, വ്യക്തി, പ്രൊഫഷണല്‍ ഡയറക്ടര്‍, സബ്ക്കമ്മിറ്റി, വൈസ് പ്രസിഡന്റ് തുടങ്ങിയ പദങ്ങള്‍ക്കു മാതൃകാ നിയമാവലിയില്‍ നിര്‍വചനം നല്‍കിയിട്ടുണ്ട്. കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 28 ( 1 ) ( ജി ) ല്‍ ബാങ്കിങ്, മാനേജ്‌മെന്റ്, ധനകാര്യം എന്നീ മേഖലകളിലോ അല്ലെങ്കില്‍ സംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലോ സംഘം നടത്തുന്ന പ്രവര്‍ത്തനമേഖലയിലോ വൈദഗ്ധ്യമുള്ള രണ്ടുപേരെ വിദഗ്ധരായി ഭരണസമിതിയിലേക്കു കോ-ഓപ്റ്റ് ചെയ്യാന്‍ വ്യവസ്ഥയുണ്ട്. അതേസമയം, മാതൃകാ നിയമാവലിയില്‍ അക്കൗണ്ടിങ്, ഫിനാന്‍സ്, മാനേജ്‌മെന്റ്, ബാങ്കിങ്, വിവര സാങ്കതികവിദ്യ, നിയമം, കൃഷി, സഹകരണം, സഹകരണ മാനേജ്‌മെന്റ് എന്നീ മേഖലകളിലൊന്നില്‍ വൈദഗ്ധ്യമുള്ളവരും പ്രദേശവാസികളും സംഘത്തിന്റെ വ്യാപാര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ സന്നദ്ധതയുള്ളവരുമായവരെ ഭരണസമിതിയിലേക്കു കോ-ഓപ്റ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്തുകൊണ്ട് വിദഗ്ധരുടെ മേഖല വിപുലീകരിച്ചിട്ടുണ്ട്.
മാതൃകാ നിയമാവലിയിലെ അധ്യായം രണ്ടില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ബന്ധപ്പെട്ട ജില്ലാ സഹകരണ ബാങ്കില്‍ നിന്നു അനുവാദം വാങ്ങിയ ശേഷം ദീര്‍ഘകാല വായ്പകള്‍ നല്‍കാമെന്നു വ്യവസ്ഥ ചെയ്തിരിക്കുന്നതു കേരള സഹകരണ സംഘം നിയമവ്യവസ്ഥകള്‍ക്കനുസൃതമല്ല. ബന്ധപ്പെട്ട ജില്ലാ സഹകരണ ബാങ്കിന് അതില്‍ അംഗത്വമുള്ള ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിന് അര്‍ഹതയുണ്ടെങ്കില്‍ ദീര്‍ഘകാല വായ്പ അനുവദിക്കാം. അല്ലെങ്കില്‍ നിഷേധിക്കാം. എന്നാല്‍, ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സംഘം ദീര്‍ഘകാല വായ്പ നല്‍കണമെങ്കില്‍ സഹകരണ സംഘം രജിസ്ട്രാറുടെ അനുവാദം അത്യാവശ്യമാണ്.
അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക കേന്ദ്രങ്ങള്‍, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഭക്ഷ്യധാന്യ സംഭരണം, ന്യായവിലഷോപ്പുകള്‍, ഡീലര്‍ഷിപ്പ്, ഏജന്‍സി, വിതരണാവകാശം, ഉപഭോക്തൃ സാധനങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയുടെ വില്‍പ്പന, എല്‍.പി.ജി, പെട്രോള്‍, ഡീസല്‍, ഹരിത ഊര്‍ജം എന്നിവയുടെ വിതരണം, സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കല്‍, നൈപുണ്യവികസനത്തിനായുള്ള അംഗങ്ങള്‍ക്കുള്ള പരിശീലനം തുടങ്ങിയവ സംഘത്തിന്റെയും സംഘാംഗങ്ങളുടെയും വരുമാനവര്‍ധനവിനു സഹായകമാവും. ബിസിനസ് മേഖലകളില്‍ അല്ലെങ്കില്‍ സേവനങ്ങളില്‍ ഏര്‍പ്പെടുക എന്ന ഉദ്ദേശ്യലക്ഷ്യം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ വൈവിധ്യവത്കരിക്കുന്നതിനും അവയുടെ ബിസിനസ് മേഖല വിപുലീകരിക്കുന്നതിനും വളരെ സഹായകമാവും.
അംഗത്വം
എടുക്കല്‍
കേരള സഹകരണ സംഘം നിയമമനുസരിച്ചും പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിന്റെ നിയമാവലിയനുസരിച്ചും അംഗത്വ അപേക്ഷയോടൊപ്പം അപേക്ഷകന്‍ പ്രവേശനഫീസും ഒരു ഓഹരിയുടെ വിലയും നല്‍കണം. എന്നാല്‍, കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ മാതൃകാ നിയമാവലിയില്‍ അംഗത്വത്തിനുള്ള അപേക്ഷാഫോറം നിശ്ചിത ഫീസ് നല്‍കിക്കൊണ്ട് സംഘത്തില്‍ നിന്നു വാങ്ങാമെന്നും അംഗത്വ അപേക്ഷയില്‍ അംഗത്വം നല്‍കാന്‍ സംഘം ഭരണസമിതി തീരുമാനിച്ചാല്‍ മാത്രം പ്രവേശനഫീസും ഓഹരിപ്പണവും നല്‍കിയാല്‍ മതി എന്നുമാക്കിയിരിക്കുന്നു. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു പത്തു രൂപ മുതല്‍ 2500 രൂപ വരെ മുഖവിലയുള്ള ഓഹരികള്‍ കേരളത്തിലുണ്ട്. ഓഹരിയുടെ മുഖവില 100 രൂപയായി നിശ്ചയിക്കുകയും ഒരു വ്യക്തി അംഗമാകാന്‍ അഞ്ചു ഓഹരികളെങ്കിലും ( 500 രൂപയുടെ ഓഹരി ) എടുക്കണമെന്നും പ്രവേശനഫീസായി 100 രൂപ നല്‍കണമെന്നും മാതൃകാ നിയമാവലിയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതു സംഘത്തില്‍ നിന്നു വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം അംഗത്വം എടുത്താല്‍ മതി എന്ന കാഴ്ച്ചപ്പാടിലാവാം. പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തില്‍ അംഗമാകാന്‍ ഉദ്ദേശിക്കുന്നവരെ സഹകരണ മൂല്യങ്ങള്‍, തത്വങ്ങള്‍, ധാര്‍മികത എന്നിവയെക്കുറിച്ചും സംഘ സേവനങ്ങള്‍, സൗകര്യങ്ങള്‍, അംഗങ്ങള്‍ക്കു ലഭിക്കുന്ന പ്രയോജനങ്ങള്‍ എന്നിവയെക്കുറിച്ചും അംഗത്വം നല്‍കുന്നതിനു മുമ്പുതന്നെ ബോധവത്കരിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്.
ഒരംഗത്തിനു കൈവശം വെക്കാവുന്ന ഓഹരി പിരിഞ്ഞുകിട്ടിയ ഓഹരിമൂലധനത്തുകയുടെ അഞ്ചിലൊരു ഭാഗമായി നിയന്ത്രിച്ചിട്ടുണ്ട്. കേരള സഹകരണ സംഘം നിയമത്തില്‍ അംഗീകൃത ഓഹരിമൂലധനത്തിന്റെ അഞ്ചിലൊരു ഭാഗം ഓഹരി ഒരംഗത്തിനു കൈവശം വെക്കാമെന്നു വകുപ്പ് 22 ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മള്‍ട്ടി സ്‌റേറ്റ് സഹകരണ സംഘങ്ങളില്‍ പിരിഞ്ഞുകിട്ടിയ ഓഹരിമൂലധനത്തുകയുടെ അഞ്ചു ശതമാനം മാത്രമേ ഒരംഗത്തിനു കൈവശം വെക്കാന്‍ കഴിയുകയുള്ളു.
ഭരണസമിതി
അംഗമാവാന്‍
അംഗത്വ അവകാശങ്ങള്‍ വിവരിക്കുന്ന മാതൃകാ നിയമാവലിയുടെ ഏഴാമത്തെ ക്ലോസില്‍ ഒരു വ്യക്തിക്കു പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തില്‍ അംഗത്വമെടുത്ത് ഒരു വര്‍ഷമെങ്കിലും പൂര്‍ത്തിയായശേഷമേ സംഘഭരണസമിതിയിലേക്കു മത്സരിക്കാന്‍ അര്‍ഹതയുണ്ടാവുകയുള്ളു എന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നു ലഭിക്കുന്ന ലാഭം കന്നുകാലികളുള്ള സംഘാംഗങ്ങള്‍ക്കു മാത്രമേ ലാഭവീതമായി നല്‍കാവൂ എന്നും മറ്റു ലാഭം പൂര്‍ണമായി കര്‍ഷകരായ അംഗങ്ങള്‍ക്കു നല്‍കണമെന്നും മാതൃകാ നിയമാവലിയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.
കേരള സഹകരണ സംഘം നിയമം വകുപ്പ് 19 ( ബി ) പ്രകാരം കേരള സഹകരണ സംഘം നിയമം, ചട്ടങ്ങള്‍, സംഘ നിയമാവലി, അംഗത്വ രജിസ്റ്റര്‍, ഓഡിറ്റ് ചെയ്ത ബാക്കിപത്രം, താന്‍ സംഘവുമായി നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട കണക്കുകള്‍ എന്നിവ പരിശോധിക്കാന്‍ അംഗത്തിന് അവകാശമുണ്ട്. എന്നാല്‍, വാര്‍ഷിക റിപ്പോര്‍ട്ട് ഓഡിറ്റ് ചെയ്ത കണക്കുകളുടെ സ്‌റ്റേറ്റ്‌മെന്റ്, ഓഡിറ്റ് റിപ്പോര്‍ട്ട്, പരിശോധനാ റിപ്പോര്‍ട്ട്, കംപ്ലയന്‍സ് റിപ്പോര്‍ട്ട് എന്നിവ പരിശോധിക്കാന്‍ മാതൃകാ നിയമാവലി അംഗത്തിന് അവകാശം നല്‍കുന്നുണ്ട്. കൂടാതെ, പൊതുയോഗത്തിന്റെ മിനിറ്റ്‌സിന്റെ കോപ്പി, അന്വേഷണ റിപ്പോര്‍ട്ട്, സ്‌പെഷല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവയുടെ കോപ്പികളും ലഭിക്കാനും അവ പരിശോധിക്കാനും അംഗത്തിന് അവകാശമുണ്ട്.
നാമമാത്ര അംഗത്തിനു
പ്രോത്സാഹനം
കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ നിയമാവലിവ്യവസ്ഥയനുസരിച്ച് നാമമാത്ര അംഗങ്ങള്‍ക്കു സ്വര്‍ണപ്പണയ വായ്പകള്‍ക്കു മാത്രമേ അര്‍ഹതയുള്ളു. എന്നാല്‍, മാതൃകാ നിയമാവലിയില്‍ കാര്‍ഷികേതര വായ്പകളും വായ്‌പേതര സേവനങ്ങളും ലഭിക്കാന്‍ നാമമാത്ര അംഗങ്ങള്‍ക്ക് അര്‍ഹതയുണ്ട്. നാമമാത്ര അംഗങ്ങളുമായി നടത്തുന്ന ബിസിനസുകളിലൂടെ സംഘത്തിനു ലഭിക്കുന്ന ലാഭത്തില്‍നിന്നു ഡിവിഡന്റിന്റെ പത്തു ശതമാനം നാമമാത്ര അംഗങ്ങള്‍ക്കു പ്രോത്സാഹനമായി കിട്ടാന്‍ അര്‍ഹതയുണ്ടായിരിക്കും. കേരള സഹകരണ സംഘം നിയമമോ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ നിയമാവലിയോ നാമമാത്ര അംഗങ്ങള്‍ക്കു മേല്‍സൂചിപ്പിച്ച വിധമുള്ള പ്രോത്സാഹനം നല്‍കാന്‍ അനുവദിക്കുന്നില്ല.
പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തില്‍ ഒരു വ്യക്തി അംഗത്വം എടുക്കുന്നതിനു മുമ്പായി സംഘനിയമാവലി വായിക്കുകയും മനസ്സിലാക്കുകയും ചെയ്തു എന്നും സംഘ നിയമാവലി വ്യവസ്ഥകള്‍ക്കു താന്‍ ബാധ്യസ്ഥനാണെന്നും പ്രഖ്യാപനം നടത്തി ഒപ്പിട്ടു കൊടുക്കണം. ഇങ്ങനെയുള്ള പ്രഖ്യാപനം നടത്തി സംഘത്തില്‍ നല്‍കിയശേഷം മാത്രമേ അംഗത്വ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ മാതൃകാ നിയമാവലി ഒരംഗത്തെ അനുവദിക്കുകയുള്ളു. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു അവയുടെ പിരിഞ്ഞുകിട്ടിയ ഓഹരിമൂലധനത്തുകയുടെയും കരുതലുകളുടെയും 25 ഇരട്ടി മാത്രമേ പരമാവധി നിക്ഷേപവും ബോറോയിങ്ങുമായി ബാഹ്യ ബാധ്യതയായി മാതൃകാ നിയമാവലിയില്‍ അനുവദിക്കുന്നുള്ളു. കേരള സഹകരണ സംഘം നിയമത്തില്‍ ഇതു 150 മടങ്ങും മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടില്‍ 10 മടങ്ങുമാണ്. ഓഹരിമൂലധനവും കരുതലും ചേര്‍ന്ന തുകയുടെ 150 മടങ്ങുവരെ നിക്ഷേപവും ബോറോയിങ്ങുംകൂടിയാകാം എന്ന കേരള സഹകരണ സംഘം നിയമവ്യവസ്ഥ മൂലധന പര്യാപ്തതയ്ക്കു വിരുദ്ധവും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള വായ്പാ സംഘങ്ങളുടെ സ്വന്തഫണ്ട് നിലവാരം ദുര്‍ബലപ്പെടുത്തുന്നതുമാണ്.
ഒരംഗം പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തില്‍ നിന്നെടുക്കുന്ന വായ്പത്തുകയ്ക്കു ആനുപാതികമായ ഓഹരിക്കു പലിശ നല്‍കാന്‍ സംഘം ബാധ്യസ്ഥമാണ്. കാലാകാലങ്ങളില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ സ്വീകരിക്കുന്ന സ്ഥിരനിക്ഷേപത്തിനു നല്‍കുന്ന പരമാവധി പലിശനിരക്കില്‍ വായ്പകള്‍ക്കായി എടുക്കുന്ന ഓഹരികള്‍ക്കു പലിശ നല്‍കണമെന്നും പലിശത്തുക റൊക്കം പണമായി നല്‍കാതെ വായ്പക്കാരന് അധിക ഓഹരി നല്‍കുന്നതിനായി വിനിയോഗിക്കുമെന്നുമുള്ള മാതൃകാ നിയമാവലിയിലെ വ്യവസ്ഥ പുരോഗമനപരവും വായ്പക്കാരെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സഹായകമായതുമാണ്.
നിക്ഷേപവും
പലിശനിരക്കും
പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ അവയുടെ അംഗങ്ങളില്‍ നിന്നു മാത്രമേ നിക്ഷേപങ്ങള്‍ സ്വീകരിക്കാവൂ എന്നും നിക്ഷേപ പദ്ധതികളും നിക്ഷേപങ്ങളുടെ പലിശനിരക്കും ഭരണസമിതിതന്നെ നിശ്ചയിക്കുമെന്നും മാതൃകാ നിയമാവലിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുപോലെത്തന്നെ നല്‍കാവുന്ന വിവിധ വായ്പകള്‍, അവയ്ക്കുവേണ്ട സെക്യൂരിറ്റികള്‍, വായ്പകളുടെ പലിശനിരക്ക് തുടങ്ങിയവയും ഭരണസമിതിതന്നെ തീരുമാനിക്കും. നമ്മുടെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ വിവിധ വായ്പകളുടെയും നിക്ഷേപങ്ങളുടെയും ഉപനിബന്ധനകള്‍ സഹകരണ സംഘം രജിസ്ട്രാറുടെ അംഗീകാരം വാങ്ങി നടപ്പാക്കേണ്ടതും നിക്ഷേപ വായ്പാ പലിശനിരക്ക് രജിസ്ട്രാര്‍തന്നെ നിശ്ചയിക്കുന്നതുമാണ്. രജിസ്ട്രാര്‍ നിശ്ചയിക്കുന്ന വായ്പാ പലിശനിരക്കിനുള്ളില്‍ സംഘത്തിനു നഷ്ടം സംഭവിക്കാതെ കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കാനുള്ള അധികാരം ഭരണസമിതിക്കുണ്ട്.
കേരള സഹകരണ സംഘം നിയമത്തിലെ 56 -ാം വകുപ്പില്‍ ലാഭത്തുകയുടെ 15 ശതമാനത്തില്‍ കുറയാത്ത ഭാഗം കരുതല്‍ധനത്തിലേക്കു മാറ്റണമെന്നും അതു ധനസഹായ ബാങ്കില്‍ നിക്ഷേപിക്കണമെന്നും ചട്ടം 60 പ്രകാരം രജിസ്ട്രാറുടെയോ അല്ലെങ്കില്‍ സര്‍ക്കാരിന്റെയോ അനുമതിയോടെ കരുതല്‍ധനത്തുകയുടെ 50 ശതമാനമോ അല്ലെങ്കില്‍ 100 ശതമാനമോ സംഘ ബിസിനസ്സിനായി ഉപയോഗിക്കാമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍, ലാഭത്തുകയുടെ 25 ശതമാനം കരുതല്‍ധനത്തിലേക്കു മാറ്റണമെന്നും സംഘ പൊതുയോഗ തീരുമാനമുണ്ടെങ്കില്‍ കരുതല്‍ധനത്തുക പൂര്‍ണമായും സംഘ ബിസിനസ്സിനായി ഉപയോഗിക്കാമെന്നും മാതൃകാ നിയമാവലിയില്‍ വ്യക്തമാക്കുന്നു.
പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ പൊതുയോഗ നോട്ടീസ് പൊതുയോഗനാളിനു 15 ദിവസം മുമ്പായി അംഗങ്ങള്‍ക്കു നല്‍കണമെന്നു മാതൃകാ നിയമാവലിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പൊതുയോഗ നോട്ടീസ് സംഘംഓഫീസില്‍ പതിച്ചുകൊണ്ടോ സംഘത്തിന്റെ പ്രവര്‍ത്തനപരിധിക്കുള്ളില്‍ ആള്‍ക്കാര്‍ കാണത്തക്കരീതിയില്‍ പൊതുസ്ഥലത്തു പതിച്ചോ നോട്ടീസ്ബുക്ക് അംഗങ്ങള്‍ക്കിടയില്‍ സര്‍ക്കുലേറ്റ് ചെയ്ത് അവരുടെ ഒപ്പു വാങ്ങിയോ ഇ-മെയില്‍, വാട്‌സാപ്പ് തുടങ്ങിയ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയോ അംഗങ്ങള്‍ക്കു നല്‍കാം. കേരള സഹകരണ സംഘം നിയമത്തിലെ ചട്ടം എട്ട് ( എ ) പ്രകാരം 15 ക്ലിയര്‍ ദിവസങ്ങളിലെ നോട്ടീസ് നല്‍കി പൊതുയോഗം വിളിച്ചുകൂട്ടണമെന്നും ചട്ടം ഒമ്പതു പ്രകാരം അഞ്ഞൂറില്‍ക്കൂടുതല്‍ അംഗങ്ങളുള്ള സംഘത്തിന്റെ പൊതുയോഗ നോട്ടീസ് പ്രാദേശികഭാഷയിലെ രണ്ടു ദിനപത്രങ്ങളില്‍ പരസ്യം ചെയ്തുകൊണ്ടു വിളിച്ചുകൂട്ടണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. മാതൃകാ നിയമാവലിയില്‍ പൊതുയോഗത്തിന്റെ ക്വാറം അഞ്ചിലൊരു ഭാഗം അല്ലെങ്കില്‍ 500 അംഗങ്ങള്‍ ഇതിലേതാണോ കുറവ് അത്രയും ആളുകളായിട്ടാണു നിജപ്പെടുത്തിയിട്ടുള്ളത്.
മാതൃകാ നിയമാവലിപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘം ഭരണസമിതിയില്‍ അംഗമാകാന്‍ യോഗ്യരല്ല. സംഘത്തില്‍ അംഗത്വം എടുത്തശേഷം രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ ഭരണസമിതിയംഗമാകാന്‍ അര്‍ഹരാവുകയുള്ളു. തൊട്ടുമുമ്പുള്ള രണ്ടു പൊതുയോഗങ്ങളില്‍ പങ്കെടുക്കാത്ത അംഗമാണെങ്കില്‍ ഭരണസമിതിയംഗമാകാന്‍ യോഗ്യരല്ല. ബോര്‍ഡ് യോഗങ്ങള്‍ക്കു 15 ദിവസത്തെ നോട്ടീസ് അംഗങ്ങള്‍ക്കു നല്‍കണം. വിരോധാഭാസമെന്നു പറയട്ടെ ഭരണസമിതിയോഗങ്ങളുടെ ക്വാറം കമ്മിറ്റിയംഗങ്ങളുടെ മൊത്തം എണ്ണത്തിന്റെ മൂന്നിലൊരു ഭാഗമാണ്. കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 28 പ്രകാരം കമ്മിറ്റി യോഗങ്ങളുടെ ക്വാറം മൊത്തം കമ്മിറ്റിയംഗങ്ങളുടെ 50 ശതമാനത്തിനു മുകളിലാണ്. ഒരു ഭരണസമിതിയംഗം രാജിവെച്ചാല്‍ ആ ഒഴിവ് തിരഞ്ഞെടുപ്പിലൂടെത്തന്നെ നികത്തണം. ഭരണസമിതിയംഗങ്ങള്‍ക്കു സിറ്റിങ് ഫീസ്, ദിനബത്ത, യാത്രാബത്ത എന്നിവ പൊതുയോഗതീരുമാനത്തിനു വിധേയമായി ഭരണസമിതിക്കു നിശ്ചയിക്കാം. എന്നാല്‍, ഒരു കമ്മിറ്റിയംഗത്തിന് ഒരു ദിവസം നല്‍കാവുന്ന പരമാവധിത്തുക 100 രൂപയില്‍ കൂടരുത് എന്ന മാതൃകാ നിയമാവലിയിലെ വ്യവസ്ഥ കാലോചിതമല്ല.
വിവിധോദ്ദേശ്യ
സംഘങ്ങള്‍
രാജ്യത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ വിവിധോദ്ദേശ്യ മള്‍ട്ടി ഫങ്ഷണല്‍ സംഘങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണു മാതൃകാ നിയമാവലി കേന്ദ്ര സഹകരണ മന്ത്രാലയം തയാറാക്കിയത്. ദേശീയ സഹകരണ യൂണിയനും സഹകരണ മന്ത്രാലയവും ചേര്‍ന്നു 2022 ജൂലായ് രണ്ടിനു നടത്തിയ അന്താരാഷ്ട്ര സഹകരണ ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര ആഭ്യന്തര- സഹകരണ മന്ത്രി അമിത് ഷാ സാങ്കേതികവിദ്യയും പ്രൊഫഷണലിസവും സംയോജിപ്പിച്ച് സഹകരണ സംഘങ്ങള്‍ ആധുനിക കാലത്തിനൊത്ത് ഉയരണമെന്നു നിര്‍ദേശിക്കുകയുണ്ടായി. രാജ്യത്തെ 65,000 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ കമ്പ്യൂട്ടര്‍വത്കരിക്കുമെന്നും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക്, നബാര്‍ഡ് എന്നിവയെ ഓണ്‍ലൈനില്‍ കൊണ്ടുവരുമെന്നും അമിത് ഷാ അറിയിക്കുകയുണ്ടായി.
ലോകത്തെ 30 ലക്ഷം സഹകരണ സംഘങ്ങളില്‍ 8.55 ലക്ഷം സംഘങ്ങളും ഇന്ത്യയിലാണുള്ളത്. നമ്മുടെ ജനസംഖ്യയില്‍ 13 കോടിയാളുകള്‍ സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ടവരാണ്. ഇന്ത്യയിലെ 91 ശതമാനം ഗ്രാമങ്ങളിലും ഏതെങ്കിലും തരത്തിലുള്ള സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍ എന്നീ വായ്പാ സ്ഥാപനങ്ങളിലായി 14 ലക്ഷം കോടി രൂപയോളം നിക്ഷേപമുണ്ട്. സഹകരണ വായ്പാമേഖലയിലെ ഗണ്യമായ നിക്ഷേപക്കരുത്തു രാഷ്ട്രീയ സ്വാധീനത്തിനും ഉപയോഗിക്കാമെന്ന കാഴ്ച്ചപ്പാടാണു കേന്ദ്ര സഹകരണ മന്ത്രാലയത്തിനുള്ളത്. 97 -ാം ഭരണഘടനാ ഭേദഗതിയിലെ പാര്‍ട്ട് കത ( ബി ) ലെ അനുച്ഛേദം 243 ദഒ മുതല്‍ 243 ദഞ വരെയുള്ള പതിനൊന്ന് ആര്‍ട്ടിക്കിളുകള്‍ സുപ്രീംകോടതി റദ്ദാക്കിയശേഷമാണു കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപവത്കരിച്ചത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ രണ്ടാം ലിസ്റ്റിലെ 32 -ാം എന്‍ട്രിയായ സഹകരണം ഒരു സംസ്ഥാനവിഷയമാണ്. ഈ സംസ്ഥാനവിഷയമായ സഹകരണവുമായി ബന്ധപ്പെട്ട് 65,000 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ കമ്പ്യൂട്ടര്‍വത്കരിക്കുന്നതും അവയ്ക്കു മാതൃകാ നിയമാവലി തയാറാക്കുന്നതും 25 തരം പ്രവര്‍ത്തനങ്ങളെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുമായി ബന്ധിപ്പിക്കുന്നതും അവയെ വിവിധോദ്ദേശ്യ ബഹുമുഖ സംഘങ്ങളാക്കുന്നതും പ്രാവര്‍ത്തികമാകണമെങ്കില്‍ സഹകരണത്തെ സംസ്ഥാനവിഷയത്തില്‍ നിന്നു മാറ്റി കണ്‍കറന്റ് ലിസ്റ്റിലേക്കു മാറ്റണം. അതുപോലെത്തന്നെ, സഹകരണ മേഖലയിലെ ജീവനക്കാര്‍ക്കും ഭരണസമിതിയംഗങ്ങള്‍ക്കും പരിശീലനം നല്‍കുന്നതിനായി നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്നും സഹകരണ ഉല്‍പ്പന്നങ്ങള്‍ ആഗോളവിപണിയില്‍ എത്തിക്കാനായി രണ്ടു വലിയ കയറ്റുമതിസ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും സഹകരണ മന്ത്രാലയം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ ഡാറ്റാബേസ് പരിപാലിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കണമെങ്കിലും സഹകരണത്തെ കണ്‍കറന്റ് ലിസ്റ്റിലേക്കു മാറ്റണം.
കണ്‍കറന്റ്
ലിസ്റ്റിലാക്കാനുള്ള
മുന്നൊരുക്കം
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലാണു ലിസ്റ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഏതൊക്കെ വിഷയങ്ങളില്‍ ആര്‍ക്കൊക്കെ നിയമനിര്‍മാണം നടത്താന്‍ അധികാരമുണ്ടെന്നാണു ലിസ്റ്റുകളില്‍ വിശദമാക്കുന്നത്. യൂണിയന്‍ ലിസ്റ്റില്‍പ്പെടുന്ന വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനും സ്റ്റേറ്റ് ലിസ്റ്റില്‍പ്പെടുന്ന വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുന്നവയില്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും തുല്യമായും നിയമനിര്‍മാണത്തിന് അധികാരമുണ്ട്. യൂണിയന്‍ ലിസ്റ്റില്‍ ആദ്യം 97 വിഷയങ്ങളാണ് ഉണ്ടായിരുന്നത്. അതു പിന്നീട് 100 ആക്കി. സ്റ്റേറ്റ് ലിസ്റ്റില്‍ 66 വിഷങ്ങളുണ്ടായിരുന്നതു 61 ആയി കുറഞ്ഞു. തുടക്കത്തില്‍ 47 വിഷയങ്ങളാണു കണ്‍കറന്റ് ലിസ്റ്റിലുണ്ടായിരുന്നതെങ്കില്‍ 1976 ല്‍ 42 -ാം ഭരണഘടനാ ഭേദഗതിയിലൂടെ സ്‌റ്റേറ്റ് ലിസ്റ്റിലുണ്ടായിരുന്ന അഞ്ചു വിഷയങ്ങള്‍ കണ്‍കറന്റ് ലിസ്റ്റിലേക്കു മാറ്റി. കേന്ദ്ര സഹകരണ മന്ത്രാലയ രൂപവത്കരണവും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണവും പുതിയ പ്രവര്‍ത്തനങ്ങളെ അവയുമായി ബന്ധിപ്പിക്കുന്നതും ദേശീയ സഹകരണ സര്‍വകലാശാലയുടെ രൂപവത്കരണവും വലിയ കയറ്റുമതിസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനുമൊക്കെ സ്‌റ്റേറ്റ് ലിസ്റ്റിലുള്ള സഹകരണത്തെ കണ്‍കറന്റ് ലിസ്റ്റിലേക്കു മാറ്റുന്നതിനുള്ള മുന്നൊരുക്കങ്ങളായാണു സഹകാരികള്‍ കാണുന്നത്.