തണലലിവോടെ അലനല്ലൂര്‍ ബാങ്ക്
അനില്‍ വള്ളിക്കാട്
1946 ല്‍ പ്രാഥമിക വായ്പാ സഹകരണ സംഘമായി തുടക്കം. 75 ാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് പദവി. 14,000 അംഗങ്ങള്‍. 150 കോടി രൂപ നിക്ഷേപം. കര്‍ഷകസേവന കേന്ദ്രം, മാതൃകാ കൃഷിത്തോട്ടം, വിദ്യാര്‍ഥിമിത്ര സമ്പാദ്യ പദ്ധതി എന്നിവയിലൂടെ ബഹുദൂരം മുന്നിലെത്തിയിട്ടുള്ള അലനല്ലൂര്‍ സഹകരണ ബാങ്ക് കുട നിര്‍മിച്ചും നാട്ടുകാര്‍ക്ക് തണലേകുന്നു.
അ ലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ‘ തണല്‍ ‘ എന്ന പേരില്‍ കുടകള്‍ നിര്‍മിച്ചു പുറത്തിറക്കുമ്പോള്‍ അത് വെയിലിനും മഴക്കുമുള്ള പ്രതിരോധം മാത്രമല്ല. മലയോര ഗ്രാമത്തിലെ ഒരു കൂട്ടം വനിതകളുടെ ജീവനോപാധി കൂടിയാണ്. തൊഴില്‍വഴിയിലെ സ്വയം ശാക്തീകരണ യാത്രയുമാണത്.
പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അതിര്‍ത്തിയില്‍ മലപ്പുറത്തോട് ഉരുമ്മി നില്‍ക്കുന്ന അലനല്ലൂര്‍ പഞ്ചായത്ത് ഏതാണ്ട് പൂര്‍ണമായും കാര്‍ഷികോന്മുഖമാണ്. പഞ്ചായത്തില്‍ ഇരുനൂറിലേറെ വരുന്ന കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 യൂണിറ്റുകളിലെ അംഗങ്ങളാണ് തണല്‍ക്കുടകള്‍ നിര്‍മിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയ ശേഷമാണ് കുടനിര്‍മാണം തുടങ്ങിയത്. ആയിരക്കണക്കിന് കുടകള്‍ ഒരു സീസണില്‍ വില്‍പന നടക്കുന്ന തരത്തില്‍ നാട്ടിലാകെ ഈ ചെറു തണല്‍ക്കൂരകളുടെ യാത്ര തുടരുകയാണ്.
നിത്യേന 750 കുട
കുടനിര്‍മാണം നടപ്പാക്കുന്നതിന് മുമ്പ് ബാങ്ക് ഒരു കാര്യമാണ് പ്രധാനമായും ആലോചിച്ചതെന്ന് ബാങ്ക് പ്രസിഡന്റ്് കെ.അബൂബക്കര്‍ പറയുന്നു. വീടുകളില്‍ സ്ത്രീകളുടെ ഒഴിവുസമയം എങ്ങനെ ധനപരമായി പ്രയോജനപ്പെടുത്താം എന്നതായിരുന്നു അത്. സ്വയംതൊഴിലിലൂടെ വനിതകള്‍ക്ക് പണക്കരുത്തും ആര്‍ജിക്കാനായി. പ്രതിദിനം 750 കുടകള്‍ നിര്‍മിക്കാനുള്ള സംവിധാനവും ശേഷിയും ഇന്ന് യൂണിറ്റുകള്‍ക്കുണ്ട്. കുടുംബശ്രീ മുഖേനയും ബാങ്കിന്റെ കണ്‍സ്യൂമര്‍ സ്റ്റോര്‍, സ്‌കൂള്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലൂടെയുമാണ് ഇപ്പോള്‍ വില്‍പന നടക്കുന്നത്. പൂര്‍ണതോതിലുള്ള ഉല്‍പാദനത്തിന് വിപണി കൂടുതല്‍ വിപുലമാവണം. ഈ വിപണി കണ്ടെത്തുന്നതിനായി കണ്‍സ്യൂമര്‍ ഫെഡുമായി ആലോചന നടത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. കുടനിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ കേരളത്തില്‍ നിന്നുതന്നെയാണ് ഇപ്പോള്‍ വാങ്ങുന്നത്. ഭാവിയില്‍ ഇത് വിദേശ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാനും ആലോചിക്കുന്നുണ്ട്.
കുടചൂടി മാത്രമല്ല നാട്ടുകാര്‍ക്ക് തണല്‍ വിരിയിക്കേണ്ടതെന്നു ഈ ജനകീയ ബാങ്ക് വിചാരിക്കുന്നുണ്ട്. ഗ്രാമത്തിലെ റോഡരികിലെ പുറമ്പോക്കു സ്ഥലങ്ങളിലെല്ലാം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച്, അവിടം വിശ്രമിക്കാന്‍ ഇരിപ്പിടമൊരുക്കി, കാലം കാത്തുവെക്കുന്ന തണലലിവിനായി തടമിടുക എന്നതും ബാങ്കിന്റെ സ്വപ്ന പദ്ധതിയാണ്.
കൃഷിയില്‍ തുടക്കം
കേരളത്തിന്റെ ദേശീയോദ്യാനമായ സൈലന്റ് വാലിയുടെ സമീപ ഗ്രാമമാണ് അലനല്ലൂര്‍ . പൊതുവെ കാര്‍ഷികാഭിമുഖ്യമുള്ള പ്രദേശം. 1946 ല്‍ പ്രാഥമിക വായ്പാ സഹകരണ സംഘമായി തുടങ്ങിയ ഈ സ്ഥാപനം മലയോര കര്‍ഷകരില്‍ നിന്നുള്ള കശുവണ്ടി, കുരുമുളക് എന്നിവ സംഭരിച്ച് സംസ്‌കരണവും വിപണനവും നടത്തിയാണ് ആദ്യഘട്ടത്തില്‍ മുന്നോട്ടു പോയത്. തുടര്‍ന്ന്, കാര്‍ഷിക ഉന്നമനത്തിനും വ്യവസായ വികസനത്തിനും ഊന്നല്‍ നല്‍കി അതതു കാലത്തെ നേതൃത്വവും ഭരണസമിതിയും വിവിധ പദ്ധതികളിലൂടെ ജനങ്ങള്‍ക്കൊപ്പം നിന്നു. കെ.എം. പണിക്കര്‍, എം.പി. രാമചന്ദ്ര മേനോന്‍, കെ. ബാലചന്ദ്രന്‍, പാലക്കാഴി മാധവന്‍, പി. ദേവദാസന്‍, കറുകമണ്ണ അപ്പുണ്ണി നായര്‍, പി.എം. കേശവന്‍ നമ്പൂതിരി, കെ.എ. സുദര്‍ശന കുമാര്‍, ടി.വി. സെബാസ്റ്റിന്‍ തുടങ്ങിയ മുന്‍ പ്രസിഡന്റുമാരുടെ വഴിയേ ഏഴു പതിറ്റാണ്ടുകള്‍ക്ക് ശേഷം കര്‍മനിരതമായാണ് ഇപ്പോഴത്തെ നേതൃത്വത്തിന്റെയും യാത്ര.
കര്‍ഷക സേവന കേന്ദ്രം
സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളില്‍ ആദ്യഘട്ടത്തില്‍ തുടങ്ങിയ കര്‍ഷക സേവന കേന്ദ്രങ്ങളില്‍ ഒന്ന് അലനല്ലൂരിലേതാണ്. പച്ചക്കറിത്തൈകള്‍, വിത്തുകള്‍, ഫലവൃക്ഷത്തൈകള്‍, അലങ്കാര സസ്യങ്ങള്‍ എന്നിവ നല്‍കും. ജൈവ വളങ്ങളുടെ ഉല്‍പാദനവും വിതരണവും നടത്തുന്നതിനോടൊപ്പം കൃഷിക്കുവേണ്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ഈ കേന്ദ്രത്തില്‍ നിന്ന് ലഭിക്കും. ട്രാക്ടര്‍ ഉള്‍പ്പടെയുള്ള കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും ചുരുങ്ങിയ വാടകക്ക് കൊടുക്കും. യന്ത്രവത്കൃത കൃഷിയില്‍ പരിശീലനം നേടിയിട്ടുള്ള പതിനാറംഗ കാര്‍ഷിക കര്‍മസേനയും കേന്ദ്രത്തിലുണ്ട്. ഇവര്‍ ആവശ്യക്കാര്‍ക്ക് കൃഷിപ്പണികള്‍ ചെയ്തു കൊടുക്കും. കര്‍ഷക സേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല ബാങ്കിന്റെ സ്ഥിരം ജീവനക്കാരന് നല്‍കിയിട്ടുണ്ട്.
കൂടുതല്‍പേരെ കൃഷിയിലേക്കു ആകര്‍ഷിക്കുന്നതിനും സമ്മിശ്രക്കൃഷിയുടെ ലാഭസാധ്യത കണ്ടറിയുന്നതിനും ബാങ്ക് നേരിട്ട് അലനല്ലൂരില്‍ ഒന്നര ഏക്കറില്‍ മാതൃകാ കൃഷിത്തോട്ടം ഒരുക്കിയിട്ടുണ്ട്. പച്ചക്കറിക്കു പുറമെ മത്സ്യം, കോഴി, താറാവ്, ആട് എന്നിവ വളര്‍ത്തലും കമ്പോസ്റ്റ് യൂണിറ്റ് തുടങ്ങിയവയും ചേര്‍ന്നുള്ള ഇവിടം ഒരു കൃഷി പാഠശാലയായി ഉയര്‍ത്താനാണ് ബാങ്കിന്റെ ശ്രമം. ഉണ്ണിയാലില്‍ വളംവില്‍പന ശാലയും ബാങ്ക് നടത്തുന്നുണ്ട്. ഓണച്ചന്ത, വിഷു പടക്കച്ചന്ത, നീതി സ്‌കൂള്‍ സ്റ്റോര്‍ എന്നിവ അതതു സമയങ്ങളില്‍ സംഘടിപ്പിക്കാറുണ്ട്.
കൂടുതല്‍ പച്ചക്കറി ഉല്‍പാദനം ലക്ഷ്യമിട്ട് പതിനായിരം രൂപ വരെ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി ബാങ്ക് തുടങ്ങിയിട്ടുണ്ടെന്ന് സെക്രട്ടറി പി. ശ്രീനിവാസന്‍ പറഞ്ഞു. ഇതിനകം ഒരു ലക്ഷത്തോളം പച്ചക്കറി വിത്തുകള്‍ മൂവായിരത്തോളം വീടുകളില്‍ എത്തിച്ചു. കാല്‍ ലക്ഷത്തോളം തൈകളും നല്‍കി. ഗ്രോബാഗ് ഉള്‍പ്പടെയുള്ള കാര്‍ഷിക സാമഗ്രികള്‍ക്കും മറ്റു ചെലവുകള്‍ക്കുമായി വായ്പ നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതിയാകും. ഉല്‍പന്നങ്ങള്‍ ബാങ്ക് നേരിട്ട് സംഭരിച്ച് വില്‍പന നടത്തും. ഇതിനായി പഴം-പച്ചക്കറി വിപണന ശാല കര്‍ഷക സേവന കേന്ദ്രത്തില്‍ തുറന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ ഉല്‍്പന്നവില തട്ടിക്കഴിച്ചുള്ള തുക വായ്പാ തിരിച്ചടവില്‍ നടത്തിയാല്‍ മതിയെന്ന സൗകര്യവുമുണ്ട്.
വിദ്യാര്‍ഥിമിത്ര
വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിന് സ്‌കൂളുകളില്‍ മുമ്പുണ്ടായിരുന്ന ‘ സഞ്ചയിക ‘ മാതൃകയില്‍ വിദ്യാര്‍ഥിമിത്ര എന്ന പേരില്‍ പ്രത്യേക നിക്ഷേപ പദ്ധതി അലനല്ലൂര്‍ ബാങ്ക് തുടങ്ങിയിട്ടുണ്ട്. മൂവായിരത്തോളം കുട്ടികള്‍ ഇതില്‍ അംഗങ്ങളാണ്. ആഴ്ചയിലൊരിക്കല്‍ ബാങ്ക് ജീവനക്കാരിലൊരാള്‍ സ്‌കൂളുകളില്‍ ചെന്ന് പണം സ്വീകരിക്കും. മുപ്പതിനായിരം രൂപ വരെ നിക്ഷേപമുള്ള കുട്ടികള്‍ ഇപ്പോഴുണ്ട്. രക്ഷിതാക്കളും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു. ആവശ്യമുള്ളപ്പോള്‍ പിന്‍വലിക്കാവുന്ന സുരക്ഷിത നിക്ഷേപ പദ്ധതിയായി അവരിതിനെ കാണുന്നുണ്ട്.
കൃഷിക്കായാലും കച്ചവടത്തിനായാലും അവശ്യം വേണ്ട ധനസഹായത്തിന് ആളുകള്‍ മറ്റു ബാങ്കുകളേക്കാള്‍ ആശ്രയിക്കുന്നത് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെയാണ്. ഭവന വായ്പയുള്‍പ്പടെ എല്ലാതരം ധനസഹായവും ലളിതമായ പ്രക്രിയയിലൂടെ ബാങ്ക് നല്‍കുന്നുണ്ട്. മുപ്പതോളം കുടുംബശ്രീ യൂണിറ്റുകള്‍ക്കു പുറമെ, 25 എസ്. എച്ച്. ജി., ജെ.എല്‍.ജി. ഗ്രൂപ്പുകളും ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. നിര്‍ധന രോഗികള്‍ക്കും അംഗ പരിമിതിയുള്ളവര്‍ക്കും പലിശരഹിത വായ്പ നല്‍കുന്നുണ്ട്. പലിശയില്ലാത്ത നിക്ഷേപത്തിലെ പലിശ ഉപയോഗിച്ചാണ് സാന്ത്വനം എന്ന പേരിലുള്ള ഈ വായ്പാ പദ്ധതി നടപ്പാക്കുന്നത്.
ബഹുമുഖ പ്രവര്‍ത്തനം
23 വാര്‍ഡുകളുള്ള അലനല്ലൂര്‍ പഞ്ചായത്താകെ ഉള്‍പ്പെടുന്ന വിസ്തൃതമായ പ്രവര്‍ത്തന മേഖലയാണ് ബാങ്കിനുള്ളത്. ടൗണില്‍ വാണിജ്യ സമുച്ചയവും ഗോഡൗണുമടക്കം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ശീതീകരിച്ച കെട്ടിടത്തിലാണ് ഹെഡ് ഓഫീസും പ്രധാന ശാഖയും പ്രവര്‍ത്തിക്കുന്നത്. എടത്തനാട്ടുകരയിലും ഉണ്ണിയാല്‍ സെന്ററിലുമായി രണ്ടു ശാഖകള്‍ കൂടിയുണ്ട്. ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് പദവിയുള്ള ബാങ്കില്‍ എല്ലാവിധ അത്യാധുനിക പണമിടപാട് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആധുനികവും ഗുണമേന്മയുമുള്ള യന്ത്രസംവിധാനങ്ങളോടെ ഹെഡ് ഓഫീസ് കെട്ടിടത്തില്‍ ബാങ്ക് നീതി മെഡിക്കല്‍ ലാബ് നടത്തുന്നുണ്ട്. ചുരുങ്ങിയ നിരക്കില്‍ ഇവിടെ രോഗ പരിശോധന നടത്താനാകും. മിതമായ നിരക്കില്‍ വില്‍പന നടത്തുന്ന രണ്ടു നീതി മെഡിക്കല്‍ സ്റ്റോറുകളും ബാങ്കിനുണ്ട്. ഫ്രീസര്‍ സൗകര്യത്തോടെയുള്ള ആംബുലന്‍സും സ്വന്തമായുണ്ട്. കുട്ടികളില്‍ വായനശീലം വളര്‍ത്തുന്നതിന് എല്ലാ സ്‌കൂളുകളിലും സൗജന്യമായി പത്രം നല്‍കുന്നു. സൗജന്യമായി 7500 രൂപയുടെ പുസ്തകവും നല്‍കുന്നു. പഠനത്തില്‍ മിടുക്കരായ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും ബാങ്ക് മുടങ്ങാതെ കൊടുക്കുന്നുണ്ട്.
അലനല്ലൂര്‍ കായികപ്പെരുമയുള്ള ഗ്രാമം കൂടിയാണ്. കാളപൂട്ട് മുതല്‍ ഫുട്ബാള്‍ വരെയുള്ള കായിക ഇനങ്ങള്‍ ഇവിടെ ആവേശപ്പൊടി ഉയര്‍ത്തും. ഇവക്കെല്ലാം പ്രായോജകരായി നിന്നുകൊണ്ട് കായികമേഖലയെ പരിപോഷിപ്പിക്കാനും അലനല്ലൂര്‍ ബാങ്ക് എന്നും മുന്നിലുണ്ട്. ചവിട്ടുകളി മുതലായ അന്യം നിന്നുപോകുന്ന കലാരൂപങ്ങളുടെ ആവിഷ്‌ക്കാരങ്ങള്‍ക്കും ബാങ്കിന്റെ സഹായം ഉറപ്പിക്കാം.
പ്രവര്‍ത്തന മികവിന് നിരവധി പുരസ്‌കാരങ്ങള്‍ ബാങ്കിനെ തേടിയെത്തിയിട്ടുണ്ട്. മികച്ച സഹകരണ ബാങ്കിനുള്ള ജില്ലാതല അവാര്‍ഡും വായ്പാ നവീകരണത്തിനും മികച്ച കടലാസ് രഹിത ഹരിത സംരംഭത്തിനുമുള്ള എഫ്.സി.ബി.എ. യുടെ ദേശീയ അവാര്‍ഡുകളും ബാങ്കിന് ലഭിച്ചിട്ടുണ്ട്. 2019 ല്‍ ദേശീയ തലത്തില്‍ മികച്ച സി.ഇ.ഒ.ക്കുള്ള എഫ്.സി.ബി.എ. യുടെ പുരസ്‌കാരം ബാങ്ക് സെക്രട്ടറി പി. ശ്രീനിവാസന് ലഭിക്കുകയുണ്ടായി.
14,000 ത്തോളം അംഗങ്ങള്‍ ബാങ്കിനുണ്ട്. 2.49 കോടി രൂപ ഓഹരി മൂലധനമുള്ള ബാങ്കിന് 150 കോടി രൂപയുടെ നിക്ഷേപക്കരുത്തുണ്ട്. 120 കോടി രൂപയുടെ വായ്പാ ശേഷിയുമുണ്ട്. 24 ജീവനക്കാരാണുള്ളത്.
സ്വയംപര്യാപ്ത ഗ്രാമം ലക്ഷ്യം
പച്ചക്കറി രംഗത്ത് അലനല്ലൂരിനെ സ്വയംപര്യാപ്ത ഗ്രാമമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് പ്രസിഡന്റ് കെ.അബൂബക്കര്‍ പറഞ്ഞു. ‘സുഭിക്ഷ കേരളം’ പദ്ധതിക്ക് ചുവടുപിടിച്ച് ഘട്ടം ഘട്ടമായി പഞ്ചായത്തിന്റെ പച്ചക്കറി രംഗം സമ്പൂര്‍ണ ശേഷിയിലെത്തിക്കാനാണ് നടപടിയെടുക്കുന്നത്. ഇതിനു പുറമെ, നാനൂറോളം പശുക്കളെ വിതരണം ചെയ്തുകൊണ്ട് ക്ഷീര വികസന മേഖലയും പരിപോഷിപ്പിക്കും. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കൊപ്ര സംസ്‌കരണത്തിനുള്ള യന്ത്ര സൗകര്യമൊരുക്കി, സ്വന്തം ബ്രാന്‍ഡില്‍ ശുദ്ധമായ വെളിച്ചെണ്ണ നിര്‍മിച്ച് വിപണനം നടത്താനും ബാങ്ക് ആലോചിക്കുന്നുണ്ട്. ഉല്‍പന്നങ്ങളിലൂടെയും ഇടപാടുകളിലൂടെയും ബാങ്കിന്റെ സ്‌നേഹസ്പര്‍ശം അലനല്ലൂരിലെ എല്ലാ വീടുകളിലും എത്തണമെന്നതാണ് ലക്ഷ്യം. കോവിഡ് – 19 ന്റെ പ്രയാസം നേരിടുന്ന നാട്ടുകാര്‍ക്ക് എളുപ്പത്തില്‍ വായ്പ നല്‍കുന്നതിനായി പത്തു കോടി രൂപ ബാങ്ക് പ്രത്യേകമായി നീക്കിവെച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
ബാങ്കിന്റെ ജീവനക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും പൊതുപ്രവര്‍ത്തന പരിചയമുണ്ട്. ദീര്‍ഘവീക്ഷണവും ആശയസമ്പുഷ്ടതയും ഇവരുടെ കൈമുതലാണ്. ഈ കഴിവുകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കൂടിയാണ് ബാങ്ക് വളര്‍ച്ചയുടെ ചുവടുകള്‍ വെക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ഭരണസമിതി അംഗംങ്ങളുടെ ഉറച്ച പിന്തുണയും പ്രവര്‍ത്തന മികവിന് സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. പി.പി.കെ. മുഹമ്മദ് അബ്ദുറഹ്മാന്‍ വൈസ് പ്രസിഡന്റായുള്ള ഭരണ സമിതിയില്‍ പി. അബ്ദുല്‍ കരീം, പി. ഗോപാലകൃഷ്ണന്‍ നായര്‍, കെ. മുഹമ്മദ്, പി. അക്ബര്‍ അലി, പി.എം. സുരേഷ് കുമാര്‍, വി. കമലം, ഇ. ബിന്ദു, എം.എസ്. ശാലിനി, കെ.സി. അനു എന്നിവര്‍ അംഗങ്ങളാണ്.