ചന്ദ്രപാല്‍ സിങ് യാദവ് ഐ.സി.എ.യുടെ എക്‌സ് ഒഫീഷ്യോ വൈസ് പ്രസിഡന്റ്
ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രമുഖ സഹകാരി ചന്ദ്രപാല്‍ സിങ് യാദവ് അന്താരാഷ്ട്ര സഹകരണ സഖ്യ ( ഐ.സി.എ ) ത്തിന്റെ എക്‌സ് ഒഫീഷ്യോ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ചന്ദ്രപാല്‍ സിങ്.
ഇന്ത്യയ്ക്കു ഇതാദ്യമായി ഐ.സി.എ. യില്‍ രണ്ടു പ്രതിനിധികളുണ്ട്. ചന്ദ്രപാല്‍ സിങ് യാദവും ഇഫ്‌കോയുടെ ആദിത്യ യാദവും. രണ്ടു പേരും ഉത്തര്‍പ്രദേശുകാര്‍. ഐ.സി.എ.യുടെ ഏഷ്യാ-പെസഫിക് വിഭാഗത്തിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ചന്ദ്രപാല്‍ സിങ് വന്‍ ഭൂരിപക്ഷത്തിനാണു ജയിച്ചത്. ഏഷ്യാ-പെസഫിക് വിഭാഗത്തില്‍ 12 ബോര്‍ഡംഗങ്ങളാണുള്ളത്. ചന്ദ്രപാലിനു പുറമേ ചൈനയില്‍ നിന്നും മലേഷ്യയില്‍ നിന്നും ഓരോ വൈസ് പ്രസിഡന്റുണ്ട്. ഇറാനില്‍ നിന്നുള്ള പ്രതിനിധി മത്സരത്തില്‍ തോറ്റുപോയി.
ലോകമെങ്ങുമുള്ള സഹകാരികള്‍ ചന്ദ്രപാലിന് അഭിനന്ദനവുമായെത്തി. ഏഷ്യാ – പെസഫിക് മേഖലയിലും ആഗോളതലത്തിലും സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന് താങ്കളോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു എന്നു ഐ.സി.എ. പ്രസിഡന്റ് ഏരിയല്‍ ഗ്വാര്‍ക്കേ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. സഹകരണ മേഖലയ്ക്ക് ഇത് അഭിമാന നിമിഷമാണെന്നു ഇഫ്‌കോ മാനേജിങ് ഡയരക്ടര്‍ ഡോ. യു.എസ്. അവസ്തി അഭിപ്രായപ്പെട്ടു.