ഉത്തരക്കടലാസിന്റെ പകര്‍പ്പില്ല; സഹകരണ പരീക്ഷ കോടതി കയറിയേക്കും
സഹകരണ പരീക്ഷ ബോര്‍ഡ് ഞായറാഴ്ച നടത്തിയ പരീക്ഷ സംബന്ധിച്ച പരാതി കോടതിയിലെത്തിയേക്കും. ഉത്തരക്കടലാസിന്റെ പകര്‍പ്പ് നല്കുന്ന രീതി ഇത്തവണ സഹകരണ പരീക്ഷ ബോര്‍ഡ് ഒഴിവാക്കിയതാണ് പരാതിക്കിടയാക്കിയത്. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ബോര്‍ഡിന് നല്കിയ പരാതികളില്‍ കാര്യമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കാനുള്ള നീക്കം തുടങ്ങിയത്.
സഹകരണ പരീക്ഷ ബോര്‍ഡ് നടത്തുന്ന പരീക്ഷകള്‍ ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡിങ് (ഒ.എം.ആര്.) രീതിയിലുള്ളതാണ്. ഒ.എം.ആര്. ഉത്തരസൂചികയുടെ പകര്‍പ്പ് ഓരോ ഉദ്യോഗാര്‍ത്ഥികള്‍ക്കും നല്കുന്ന രീതിയാണ് ബോര്‍ഡ് പരീക്ഷകളില്‍ ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍, ഞായറാഴ്ച പരീക്ഷ കഴിഞ്ഞപ്പോള്‍ ഉത്തരക്കടലാസിന്റെ പകര്‍പ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയില്ല. പരീക്ഷയ്ക്ക് ശേഷം ഉത്തര സൂചിക ബോര്‍ഡിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തരക്കടലാസിന്റെ പകര്‍പ്പ് ലഭിക്കാതിരുന്നതിനാല്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച ഉത്തരസൂചികയുമായി ഒത്തുനോക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി.
ബോര്‍ഡിന്റെ പരീക്ഷകളില്‍ തെറ്റായ ഉത്തരത്തിന് മാര്‍ക്ക് നല്കുന്ന രീതിയുണ്ടെന്ന പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. ഒരേ ചോദ്യം പല പരീക്ഷകള്‍ക്ക് ആവര്‍ത്തിച്ചുവന്നപ്പോള്‍ പല ഉത്തരങ്ങളാണ് ബോര്‍ഡ് മാര്‍ക്ക് നല്‍കുന്നതിന് കണക്കിലെടുത്തത്. ഇത് സംബന്ധിച്ചുള്ള പരാതികള്‍ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയിട്ടുണ്ട്. ചിലതിലൊക്കെ തിരുത്തലുകള്‍ വരുത്തിയിട്ടുമുണ്ട്. ഇത്തരം തെറ്റുകള്‍ കണ്ടുപിടിക്കപ്പെടുന്നത് ഉത്തരക്കടലാസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതുകൊണ്ടാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ കൂട്ടായ്മയിലുണ്ടായ ധാരണ.
ബോര്‍ഡിന്റെ പരീക്ഷാരീതികള്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കികൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ഒ.എം.ആര്. രീതിയിലുള്ള പി.എസ്.സി. പരീക്ഷകള്‍ക്ക് പോലും ഉത്തരക്കടലാസിന്റെ പകര്‍പ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കാറില്ല. അത്തരമൊരു രീതിയാണ് ഇപ്പോള്‍ സഹകരണ പരീക്ഷ ബോര്‍ഡും സ്വീകരിച്ചതെന്നാണ് അനൗദ്യോഗികമായി വിശദീകരിക്കുന്നത്. ഉത്തരക്കടലാസിന്റെ പകര്‍പ്പ് നല്‍കില്ലെന്ന് ബോര്‍ഡ് പരീക്ഷയ്ക്ക് മുമ്പ് അറിയിച്ചിട്ടില്ലെന്നാണ് ഇതേക്കുറിച്ച് ഉദ്യോഗാര്‍ത്ഥികളുടെ പ്രതികരണം. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഞായറാഴ്ച നടന്ന പരീക്ഷ എഴുതിയത്. ആകെ 80 മാര്‍ക്കിന്റെ പരീക്ഷയില്‍ അരമാര്‍ക്കിന്റെ വീതം 160 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.
[mbzshare]