പ്രാഥമിക സഹകരണ ബാങ്കുകള്‍ പൂര്‍ണമായി കേന്ദ്രനിയന്ത്രണത്തിലേക്ക് മാറുന്നു
സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളിലേക്കും കേന്ദ്രനിയന്ത്രണം സാധ്യമാകുന്ന വിധത്തിലുള്ള പരിഷ്‌കാരം നടപ്പാക്കുന്നു. കോമണ്‍ സോഫ്റ്റ് വെയര്‍ എന്ന പദ്ധതി വെറുമൊരു സോഫ്റ്റ് വെയര്‍ നടപ്പാക്കല്‍ രീതി മാത്രമല്ലെന്ന് ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുമ്പോള്‍ ബോധ്യമാകുന്നുണ്ട്. ബാങ്കിങ് പ്രവര്‍ത്തനം പരിമിതപ്പെടുത്തുകയും, ബിസനസ് കറസ്‌പോണ്ടന്റ് എന്ന നിലയിലേക്ക് മാറ്റാനുമാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ കേരളബാങ്കുമായി സഹകരിച്ചാണ് ഈ ലക്ഷ്യം കേന്ദ്രസര്‍ക്കാര്‍ നേടുന്നതെന്നതും ശ്രദ്ധേയമാണ്.
95,000 പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെങ്കിലും ഇവയില്‍ 63,000 സംഘങ്ങളാണ് കാര്യമായി പ്രവര്‍ത്തിക്കുന്നത്. ഇവയെയാണ് പൊതുസോഫ്റ്റ് വെയറിന്റെ ഭാഗമാക്കുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഇത് നടപ്പാക്കുമെന്ന് രാജ്യസഭയില്‍ സഹകരണ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനാണ് 2516 കോടിരൂപ നീക്കിവെച്ചിട്ടുള്ളത്. 2022 ജുണ്‍ 29ന് ഈ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. വേഗത്തിലുള്ള വായ്പ വിതരണം, ഇടപാടുകളുടെ ചെലവു കുറയ്ക്കല്‍, കാര്‍ഷിക സംഘങ്ങള്‍ക്ക് പണം നല്‍കുന്നതിലെ അസമത്വം ഇല്ലാതാക്കല്‍, സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുമായി ചേര്‍ന്ന് തടസ്സമില്ലാത്തെ ഇടപാടുരീതി എന്നിവയാണ് കേന്ദ്രം മുന്നോട്ടുവെക്കുന്ന നേട്ടങ്ങള്‍.
എന്നാല്‍, ഇത് കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ പൂര്‍ണമായി നിയന്ത്രിക്കപ്പെടുന്ന രീതിയിലേക്ക് മാറും. കേന്ദ്രം നിര്‍ദ്ദേശിക്കുന്ന കോമണ്‍ അക്കൗണ്ടിങ് സിസ്റ്റം, മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവ നടപ്പാക്കിയാല്‍ മാത്രമാണ് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താനാകൂവെന്നതാണ് പ്രധാനമാറ്റം. മാത്രവുമല്ല, ഇതനുസരിച്ചായിരിക്കും നബാര്‍ഡില്‍നിന്നുള്ള വിവിധ ധനസഹായങ്ങള്‍ പാക്‌സുകള്‍ക്ക് ലഭിക്കുക. നബാര്‍ഡ് സഹായം ലഭ്യമാക്കുന്ന നിലവിലെ രീതി മാറ്റില്ല. സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍ വഴിയായിരിക്കും തുടര്‍ന്നും സഹായം നല്‍കുക.
പാക്‌സുകളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഇ.ആര്‍.പി. (എന്റര്‍പ്രൈസസ് റിസോഴ്‌സ് പ്ലാനിങ്) അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ് വെയറിന്റെ ഭാഗമാകും. ഈ സോഫ്റ്റ് വെയര്‍ സംസ്ഥാന-ജില്ലാ ബാങ്കുകളുമായും നബാര്‍ഡുമായും ബന്ധിപ്പിച്ചായിരിക്കും പരിഷ്‌കാരം. കേരളബാങ്കിന്റെ ബാങ്കിങ് കറസ്‌പോണ്ടന്റ് എന്ന നിലയിലേക്ക് പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം മാറും. നബാര്‍ഡിന്റെ പുനര്‍വായ്പ അടക്കം ഈ രീതിയിലാകും. പ്രാഥമിക ബാങ്കുകള്‍ കമ്മീഷന്‍ ഇടപാടുകാരാകും.
കേന്ദ്രം നിര്‍ദ്ദേശിക്കുന്ന പൊതു സോഫ്റ്റ് വെയറിനെക്കുറിച്ച് അഭിപ്രായം അറിയിക്കണമെന്ന കേന്ദ്ര സഹകരണ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മറുപടി നല്‍കിയിട്ടില്ല. അതേസമയം, കേരളബാങ്കിന്റെ പ്രതിനിധികളെ പങ്കെടുപ്പിച്ച് കേന്ദ്രം ഇതിനായി യോഗം വിളിച്ചിരുന്നു. അതില്‍ പദ്ധതി വിശദീകരണം നടത്തിയിട്ടുണ്ട്. പ്രാഥമിക ബാങ്കുകളുടെ വിവരങ്ങള്‍ കേരളബാങ്കുവഴി കേന്ദ്രത്തിന് കൈമാറണമെന്ന കാര്യവും അറിയിച്ചിട്ടുണ്ട്.
പ്രാഥമിക ബാങ്കുകളെ ബന്ധിപ്പിച്ച് പൊതുസോഫ്റ്റ് വെയര്‍ നടപ്പാക്കാനുള്ള സംസ്ഥാന പദ്ധതി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേരളബാങ്കിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇത് നടപ്പാക്കുന്നത്. അതായത്, കേന്ദ്രപദ്ധതിക്ക് അനുസരിച്ചാണ് സംസ്ഥാനത്തിന്റെയും പരിഷ്‌കരണം വരുന്നത്. ഇവ നടപ്പാവുന്നതോടെ പ്രാഥമിക ബാങ്കുകളുടെ പ്രവര്‍ത്തന രീതി പൂര്‍ണമായി കേന്ദ്രനിയന്ത്രണത്തിന് വിധേയമാകും.