സഹകരണവകുപ്പിന്റെ സമഗ്ര കാര്‍ഷികവികസന പദ്ധതിക്ക് 22.5 കോടി നീക്കിവെച്ചു – മന്ത്രി വാസവന്‍

[mbzauthor]

കര്‍ഷകക്ഷേമത്തിനു ഊന്നല്‍ നല്‍കാനും കൃഷി പ്രോത്സാഹിപ്പിക്കാനും സഹകരണമേഖലയുടെ പിന്തുണയോടെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, സമാഹരണം, സംഭരണം, മൂല്യവര്‍ധിത ഉല്‍പ്പന്നമാക്കല്‍, വില്‍പ്പന എന്നിവ പ്രോത്സാഹിപ്പിക്കാനുമായി സഹകരണവകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള സമഗ്ര കാര്‍ഷിക വികസന പദ്ധതിക്ക് 2022-23 ലെ ബജറ്റില്‍ 22.5 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു. സാങ്കേതികവിദ്യാധിഷ്ഠിത കൃഷിയില്‍ സഹകരണമേഖലയുടെ നൂതനപദ്ധതി എന്ന പേരിലാരംഭിച്ച ഈ പദ്ധതി ഏഴു ഉപഘടകങ്ങളായിട്ടാണു നടപ്പാക്കുന്നതെന്നു അദ്ദേഹം അറിയിച്ചു.

 

യു. പ്രതിഭ, മുരളി പെരുനെല്ലി, എം. മുകേഷ്, പി.പി. സുമോദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് എഴുതിക്കൊടുത്ത മറുപടിയിലാണു മന്ത്രി ഇക്കാര്യമറിയിച്ചത്.

ഉപഘടകങ്ങള്‍ വഴി നടപ്പാക്കുന്ന പദ്ധതികള്‍ക്കായി ഇനി പറയുന്ന തോതിലാണു ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നതെന്നു മന്ത്രി അറിയിച്ചു. പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയുള്ള സമഗ്ര കാര്‍ഷികവികസന പദ്ധതി ( 5.5 കോടി രൂപ ), കാര്‍ഷികവായ്പാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ ( 2.5 കോടി ), കാര്‍ഷികോല്‍പ്പാദനം, കാര്‍ഷികോല്‍പ്പന്ന സംഭരണം, സംസ്‌കരണം, വിപണനം എന്നിവ സുഗമമാക്കല്‍ ( 2.5 കോടി ), ഗ്രാമീണ മാര്‍ക്കറ്റുകള്‍, പച്ചക്കറി ശേഖരണകേന്ദ്രങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കല്‍ ( 1.1 കോടി ), തൊഴിലവസരം സൃഷ്ടിക്കാന്‍ സഹകരണ സംരംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കല്‍ ( 5 കോടി ), കാര്‍ഷികവിപണനമേഖലയെ ശക്തിപ്പെടുത്തല്‍ ( 5 കോടി ), കാര്‍ഷികോല്‍പ്പാദനം കൂട്ടാനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനുമായി കര്‍ഷകസേവനകേന്ദ്രം ശക്തിപ്പെടുത്തല്‍ ( 90 ലക്ഷം ).

സംഭരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്കും കര്‍ഷകരില്‍നിന്നു നേരിട്ട് ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് സംഭരണ-സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും സംസ്‌കരിച്ച വസ്തുക്കള്‍ വിപണികളിലൂടെ ലഭ്യമാക്കാനും ധനസഹായം അനുവദിക്കുന്നുണ്ടെന്നു മന്ത്രി അറിയിച്ചു. ഹൈടെക് കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കാനും സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശികാവശ്യാനുസരണമുള്ള യന്ത്രവല്‍ക്കരണത്തിനും ധനസഹായം അനുവദിക്കുന്നുണ്ട്.

ഓരോ ജില്ലയിലും അഭ്യസ്തവിദ്യര്‍ക്ക് അനുയോജ്യമായ തൊഴിലവസരം സൃഷ്ടിക്കാന്‍ ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ അടിസ്ഥാനമാക്കി സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഉപപദ്ധതിയുണ്ടെന്നു മന്ത്രി അറിയിച്ചു. ഈ പദ്ധതിപ്രകാരം ക്ലസ്റ്ററിനു സബ്‌സിഡിയും ഓഹരിസഹായവും നല്‍കുന്നുണ്ട്. പാലക്കാട് നെല്ലു സംഭരണ-സംസ്‌കരണ-വിപണന സഹകരണ സംഘത്തിനും ( PAPCOS ) കേരള നെല്ലുസംഭരണ-സംസ്‌കരണ-വിപണന സഹകരണ സംഘത്തിനുമുള്ള ( KAPCOS ) ധനസഹായം ഈ ഉപപദ്ധതിക്കു കീഴില്‍ വരും – മന്ത്രി പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.