അന്തരിച്ച റിട്ടയേഡ് ജോയിന്റ് രജിസ്ട്രാർ നളിനിയുടെ സംസ്കാരം വൈകിട്ട് അഞ്ചിന് കോഴിക്കോട് മാനാരിയിൽ.
രാവിലെ അന്തരിച്ച സഹകരണ വകുപ്പ് കോഴിക്കോട് റിട്ടയേഡ് ജോയിന്റ് രജിസ്ട്രാർ സി. വി. നളിനിയുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് മാനാരി ശ്മശാനത്തിൽ നടക്കും. 62 വയസ്സായിരുന്നു. രണ്ടാഴ്ചയായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു അവർ. രാവിലെയാണ് അന്തരിച്ചത്.
വലിയ സൗഹൃദ വലയത്തിന് ഉടമയായിരുന്നു അവർ. കോഴിക്കോട് കല്ലായിയിൽ ബാബുരാജ് റോഡിലെ ‘കരുണ’ യിലേക്ക് ആ സൗഹൃദവലയം കോവിഡ് മാനദണ്ഡങ്ങൾകിടയിലും ഒഴുകിയെത്തി. സഹകരണ ഇൻസ്പെക്ടറായും ആഡിറ്ററായും അസിസ്റ്റന്റ് രജിസ്ട്രാർ(ജനറൽ) ആയും കൊയിലാണ്ടി, ചേവായൂർ ബാങ്കുകളുടെ കൺകറണ്ട് ആഡിറ്ററായും പ്രവർത്തിച്ച അവർ ഡെപ്യൂട്ടി രജിസ്ട്രാർ ആയും സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ സേവനമനുഷ്ഠിച്ചു. 2011 ൽ കോഴിക്കോട് അഡ്മിനിസ്ട്രേഷൻ ഡി.ആർ ആയി എത്തിയ അവർ 2012 ൽ കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ ആയി( ജനറൽ) പ്രവർത്തിച്ചു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്.2013ൽആണ് സേവനത്തിൽ നിന്നും വിരമിച്ചത്.
സഹകരണ മേഖലയ്ക്കും സഹകാരികൾക്കും നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. സഹകരണ സമൂഹത്തിനുവേണ്ടി ‘മൂന്നാംവഴി’ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും വിരമിച്ച കേശവൻ ആണ് ഭർത്താവ്. അശ്വതി ഹരീഷ് (ഗുജറാത്ത്), അഞ്ജന രാഘവ് ( ചെന്നൈ) എന്നിവരാണ് മക്കൾ.
ജോയിന്റ് രജിസ്ട്രാർ ആയി വിരമിച്ച അവർ, ഔദ്യോഗിക ജീവിതം കഴിഞ്ഞതിനു ശേഷവും വ്യക്തിപരമായി അടുപ്പം സൂക്ഷിച്ചിരുന്നതായി കേരള സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ പറഞ്ഞു. പ്രത്യേകിച്ച് കോഴിക്കോട് ജില്ലയിലെ സഹകാരികൾക്ക് അവർ എന്നും സഹായകരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഞാനും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും ലാഡ്ഡറുമായും വളരെ അടുപ്പവും ബന്ധവും അവർ കാത്തുസൂക്ഷിച്ചിരുന്നു. അവരുടെ പെട്ടെന്നുള്ള നിര്യാണം വല്ലാതെ നൊമ്പരപെടുത്തുന്നതായും അവരുടെ നിര്യാണത്തിൽ കുടുംബത്തിന്റെ തീരാദുഃഖത്തിൽ ഞാനും പങ്കുചേരുന്നതായി വിജയകൃഷ്ണൻ പറഞ്ഞു.
[mbzshare]