ദേശീയ സഹകരണ നയരേഖ മൂന്നു മാസത്തിനുള്ളില്‍; സുരേഷ് പ്രഭു ചെയര്‍മാനായി 47 അംഗ സമിതിയെ നിയമിച്ചു
പുതിയ ദേശീയ സഹകരണ നയരേഖ തയാറാക്കാനായി മുന്‍ കേന്ദ്ര മന്ത്രി സുരേഷ് പ്രഭു ചെയര്‍മാനായി 47 അംഗ സമിതിയെ കേന്ദ്ര സഹകരണ മന്ത്രാലയം നിയമിച്ചു. കേരള റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍, കേരള സഹകരണ സംഘം രജിസ്ട്രാര്‍, കാസര്‍കോട് തിമിരി സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. വനിതകളാരും സമിതിയിലില്ല. സമിതിയുടെ ആദ്യത്തെ യോഗം ചേര്‍ന്നു മൂന്നു മാസത്തിനകം അന്തിമ കരടു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശിച്ചിട്ടുള്ളത്. ആദ്യയോഗം സെപ്റ്റംബര്‍ പതിനഞ്ചിനു മുമ്പു ചേരും.
എന്‍.സി.യു.ഐ. പ്രസിഡന്റും ഇഫ്‌കോ ചെയര്‍മാനുമായ ദിലീപ് സംഘാനി, റിസര്‍വ് ബാങ്ക് ബോര്‍ഡംഗം സതീഷ് മറാത്തെ, നാഫ്കബ് പ്രസിഡന്റ് ജ്യോതീന്ദ്ര മേത്ത, GCMMF മാനേജിങ് ഡയരക്ടര്‍ ആര്‍.എസ്. സോഥി, കൃഭ്‌കോ മാനേജിങ് ഡയരക്ടര്‍ രാജന്‍ ചൗധരി, അഹമ്മദാബാദ് ഐ.ഐ.എമ്മിലെ പ്രൊഫസര്‍ ഡോ. സുഖ്പാല്‍ സിങ്, നാഫെഡ് മുന്‍ മാനേജിങ് ഡയരക്ടര്‍ സഞ്ജീവ് കുമാര്‍ ഛദ്ദ തുടങ്ങിയവര്‍ സമിതിയിലെ പ്രമുഖരാണ്. ട്രൈബല്‍, ലേബര്‍, ഫിഷറീസ്, ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മേഖലയില്‍ നിന്നാരും സമിതിയിലില്ല. കേന്ദ്ര സഹകരണ മന്ത്രാലയം പ്രതിനിധിയായി സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സമിതിയിലുണ്ടാകും.
സഹകരണത്തിലൂടെ സമൃദ്ധിയിലേക്ക് എന്ന ലക്ഷ്യപ്രാപ്തിക്കായി സഹകരണ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ സഹകരണ നയത്തിനു രൂപം കൊടുത്തു സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും സഹകരണാടിസ്ഥാനത്തിലുള്ള സാമ്പത്തിക വികസന മാതൃക പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തമാണു 47 അംഗ സമിതി നിര്‍വഹിക്കേണ്ടത്. സമിതിക്കാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നതു പുണെയിലെ വാമ്‌നിക്കോമായിരിക്കും. നിലവിലുള്ള സഹകരണ നയത്തിനു രുപം കൊടുത്തതു 2002 മാര്‍ച്ചിലാണ്. അന്നത്തെ എന്‍.ഡി.എ. സര്‍ക്കാരാണ് ഈ നയം നടപ്പാക്കിയത്.
തമിഴ്‌നാട് കോ-ഓപ്‌ടെക്‌സ് ചെയര്‍മാന്‍, പഞ്ചാബ് മാര്‍ക്ക്‌ഫെഡ് ചെയര്‍മാന്‍, കര്‍ണാടക HOPCOMS ചെയര്‍മാന്‍ എന്നിവരും കേരളത്തിനു പുറമേ ബിഹാര്‍, ഒഡിഷ, തെലങ്കാന, ബംഗാള്‍ എന്നിവിടങ്ങളിലെ സഹകരണ സംഘം രജിസ്ട്രാര്‍മാരും സമിതിയില്‍ അംഗങ്ങളാണ്.
[mbzshare]