തദ്ദേശഭരണം: വേണം സഹകരണ പങ്കാളിത്തം
– കെ. സിദ്ധാര്‍ഥന്‍
ഓരോ അംഗവും ഭരണത്തില്‍ പങ്കാളിയാവുന്നു എന്നതാണ് പ്രാദേശിക ഭരണകൂടങ്ങളുടെ പ്രത്യേകത. പ്രാദേശിക ഭരണകൂടങ്ങള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും തങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെ സാമൂഹിക – സാമ്പത്തിക പുരോഗതിയാണ് ഏക ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കാനുള്ള മുന്നേറ്റത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കണം.
കോ വിഡ്-19 എന്ന മഹാമാരി കേരളത്തെ പിടിച്ചുകുലുക്കിയ നാളുകള്‍ക്കു നടുവില്‍നിന്നാണ് ഒരു തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ നമ്മള്‍ നേരിട്ടത്. 21,865 പ്രാദേശിക വാര്‍ഡുകളിലേക്ക് 74,899 പേരാണ് മത്സരത്തിനിറങ്ങിയത്. രാഷ്ട്രീയത്തിന്റെ ബലാബലത്തിനപ്പുറം ഒരു പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍മിതിക്ക് നാടുനല്‍കുന്ന പ്രാധാന്യമാണിത്. ജനാധിപത്യത്തിന്റെ അടിത്തട്ടിലുള്ളതും അതേസമയം ജനങ്ങളുടെ പ്രശ്‌നങ്ങളും ആഗ്രഹങ്ങളും നേരിട്ടറിയുന്നതും പ്രാദേശിക ഭരണകൂടങ്ങളാണ്. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമുണ്ടെങ്കിലും ഭരണ സംവിധാനത്തില്‍ അതുണ്ടാകരുതെന്നാണ് പുതിയ സങ്കല്‍പ്പം. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളില്‍നിന്നു വ്യത്യസ്തമായി തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണ-പ്രതിപക്ഷ വിഭാഗങ്ങളില്ലാത്തതിനു കാരണം അതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ അംഗവും ഭരണത്തില്‍ പങ്കാളിയാവുന്നതാണ് പ്രാദേശിക ഭരണകൂടത്തിന്റെ പ്രത്യേകത. ഓരോ വാര്‍ഡിനും ആവശ്യമുള്ള കാര്യങ്ങള്‍ പരിശോധിച്ചുറപ്പാക്കുകയാണ് ആ വാര്‍ഡിലെ ജനപ്രതിനിധിയുടെ ഉത്തരവാദിത്തം.
തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ അംഗവും ഭരണ നിര്‍വഹണത്തിന്റെ കാര്യക്ഷമതയ്ക്കായി രൂപവത്കരിക്കുന്ന സ്ഥിരം സമിതികളില്‍ അംഗമാണ്. അത്തരം സമിതികളുടെ കൂട്ടുത്തരവാദിത്തത്തിലാണ് ഭരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ചുരുക്കത്തില്‍, ഏതു രാഷ്ട്രീയകക്ഷി ഭൂരിപക്ഷം നേടിയാലും എല്ലാവരും ഭരണത്തില്‍ പങ്കാളികളാവുന്ന വ്യവസ്ഥയാണത്. വികേന്ദ്രീകൃത ഭരണസംവിധാനം നിലവില്‍ വന്നതിനു ശേഷം വികസന കാഴ്ചപ്പാടും പദ്ധതി ആസൂത്രണവും ജനങ്ങളിലേക്കെത്തിയെന്നു പറയാം. പ്രാദേശികതയിലേക്ക് മനസ്സുമാറണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും കോവിഡ് മഹാമാരി നല്‍കിയ പാഠവും വരുംകാല ആസൂത്രണത്തിന്റെ ഗതി എന്താകണമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വയംപര്യാപ്തമായ സമൂഹം എന്നതാണ് ഇന്നു രാജ്യത്തിന്റെ സ്വപ്‌നം. അതുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും പ്രതിനിധികള്‍ക്കു കഴിയട്ടെയെന്ന് ആശംസിക്കാം.
ഒരു പ്രാദേശിക ഭരണകൂടത്തിനു പരിമിതികളും സാധ്യതകളും ഏറെയാണ്. തനത് വരുമാനം കുറവും ആഗ്രഹങ്ങളും ആവശ്യങ്ങളും കൂടുതലുമാണ് എന്നതാണ് അതിന്റെ പരിമിതി. അതേസമയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളെ അതത് പ്രദേശത്തിന്റെ ആവശ്യവും പ്രാധാന്യവും തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്താനാകുമെന്നതാണ് അതിന്റെ സാധ്യത. സര്‍ക്കാര്‍ പദ്ധതികളെ മാത്രമല്ല സഹകരണ സ്ഥാപനങ്ങളെയും പ്രാദേശിക വികസനത്തിന് ഉപയോഗിക്കാനാവും. ഓരോ സഹകരണ സ്ഥാപനവും അതിന്റെ പരിധിയിലെ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവയാണ്. ഇതേ ലക്ഷ്യമാണ് പ്രാദേശിക ഭരണകൂടത്തിനുമുള്ളത്. ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ട് സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഒരേ തരത്തിലാകുമ്പോള്‍ അത് ഒരു നാടിനെ മാറ്റിമറിക്കാന്‍ ഇടവരുത്തും. അസാധ്യമായത് പലതും നേടിയെടുക്കാനും കഴിയും. തൊഴിലവസരം സൃഷ്ടിക്കല്‍, കാര്‍ഷികോല്‍പ്പാദനം, വിപണനം, മാലിന്യ സംസ്‌കരണം, തെരുവുവിളക്ക് സ്ഥാപിക്കല്‍ എന്നിവയ്‌ക്കെല്ലാം സഹകരണ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാനാകും. അതുകൊണ്ടുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ഒരു ‘സഹകരണ ‘ പങ്കാളിത്തം അനിവാര്യമാണ്.
പഞ്ചവത്സര പദ്ധതി നിര്‍ദേശിക്കുന്നത്
2022 ലാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി അവസാനിക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം മുന്നില്‍ക്കണ്ടുള്ള വികസന പദ്ധതി നിര്‍ദേശങ്ങളാണ് ഇതിലുള്ളത്. ഇതനുസരിച്ച് ഒരു നാടിന്റെ വികസനത്തിനു സംയോജിത പദ്ധതിയാണ് വേണ്ടതെന്നും അത് എങ്ങനെ നടപ്പാക്കണമെന്നും കേരളം വിലയിരുത്തിയിട്ടുണ്ട്. സഹകരണ സംഘങ്ങളുടെയും കര്‍ഷക കൂട്ടായ്മയുടെയും പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ളതായിരുന്നു ഇത്. 2019-20 ലെ ബജറ്റ് ആസൂത്രണം പോലും ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. അതിങ്ങനെയാണ് :’ പദ്ധതി നിര്‍വഹണം ഫലപ്രദമാക്കുന്നതിനും വിഭവശേഷി വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന രജിസ്‌ട്രേഡ് കര്‍ഷക കൂട്ടായ്മകളും സഹകരണ മേഖലകളില്‍ വിവിധ ഏജന്‍സികളും സംസ്ഥാനത്ത് ധാരാളമായി പ്രവര്‍ത്തിക്കുന്നു. വിഭവശേഷിക്കുറവ് അനുഭവപ്പെടുന്ന അവസരങ്ങളില്‍ പ്രാഥമിക മേഖലകളില്‍ പദ്ധതി നടപ്പാക്കി പരിചയമുള്ളതും കുറഞ്ഞത് മൂന്നു വര്‍ഷത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, നബാര്‍ഡിന്റെ പട്ടികയിലുള്‍പ്പെട്ട ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍, കര്‍ഷക സഹകരണ സംഘങ്ങള്‍ എന്നീ ഏജന്‍സികളുടെ വിഭവങ്ങളും സേവനങ്ങളും സംയോജിപ്പിക്കുക വഴി കര്‍ഷകരുടെ ഉല്‍പ്പാദന ക്ഷമതയും ലാഭവും വര്‍ദ്ധിപ്പിക്കാനാകും.’
പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഈ കാഴ്ചപ്പാട് ഉള്‍ക്കൊണ്ടാണ് 2020-21 വര്‍ഷത്തെ പദ്ധതി ആസൂത്രണം കേരളം നടത്തിയത്. 2020-21 വര്‍ഷം മുതല്‍ കൃഷിവകുപ്പിന്റെ പദ്ധതിനടത്തിപ്പില്‍ നിലവാരമുള്ള പദ്ധതികള്‍ സമര്‍പ്പിക്കുന്ന സഹകരണ സംഘങ്ങളെയും കര്‍ഷക കൂട്ടായ്മകളെയും നിര്‍വഹണ ഏജന്‍സികളായി പങ്കാളിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത്തരം സംഘങ്ങള്‍ക്കും ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ക്കും സാങ്കേതിക സഹായം കൃഷിവകുപ്പ് മുഖേന നല്‍കാനായിരുന്നു തീരുമാനം. നെല്ല് , പച്ചക്കറി, കിഴങ്ങ് – പഴ വര്‍ഗങ്ങളുടെ വികസനം, പ്രാദേശിക പ്രാധാന്യമുള്ള വിളകളുടെ വികസനം എന്നിങ്ങനെ കാര്‍ഷിക മേഖലയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ പ്രത്യേക വിഭാഗങ്ങളായി തിരിക്കുകയും അതിന് കൃത്യമായ റൂട്ട് മാപ്പ് തയാറാക്കുകയും ചെയ്തിരുന്നു.
നെല്ലുല്‍പ്പാദന സാധ്യതയുള്ള മേഖലകളില്‍ തരിശുനിലക്കൃഷിക്കും ഗ്രൂപ്പടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി, പതിമൂന്നാം പദ്ധതിയുടെ അവസാനത്തോടെ നെല്‍ക്കൃഷിയുടെ വിസ്തൃതി മൂന്നു ലക്ഷം ഹെക്ടറാക്കാനാണ് ലക്ഷ്യമിട്ടത്. അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിന് ആര്‍.കെ.വി.വൈ., ആര്‍.ഐ.ഡി.എഫ്., മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ എന്നിവയുടെ സംയോജനം ഉറപ്പുവരുത്തണം. ഇതില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ ഭാഗമാക്കാനും തീരുമാനിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ നെല്‍ക്കൃഷിക്ക് അനുയോജ്യമായ തരിശുനിലങ്ങള്‍ ഘട്ടം ഘട്ടമായി പ്രൊജക്ട് അടിസ്ഥാനത്തില്‍ ഏറ്റെടുക്കാമെന്നായിരുന്നു നിര്‍ദേശം. ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള ഒരു സംഘം തദ്ദേശ സ്ഥാപനങ്ങളുമായും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുമായും ചര്‍ച്ച നടത്തി പഞ്ചായത്ത് തലത്തില്‍ തയാറാക്കുന്ന ഗുണഭോക്തൃ പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കണം സഹായം അനുവദിക്കേണ്ടത്. ഓരോ പ്രദേശത്തിനും അനുയോജ്യമായ സര്‍ട്ടിഫൈഡ് വിത്തുകള്‍ ലഭ്യമാക്കുന്നതിന് രജിസ്‌ട്രേഡ് സീഡ് ഗ്രോവേഴ്‌സ് പ്രോഗ്രാം നടപ്പാക്കാനും ആസൂത്രണ ബോര്‍ഡ് തയാറാക്കിയ പദ്ധതി നിര്‍വഹണ മാതൃകയില്‍ നിര്‍ദേശിച്ചിരുന്നു.
പച്ചക്കറിക്കൃഷി വ്യാപിപ്പിക്കാന്‍ ക്ലസ്റ്റര്‍ അടിസ്ഥാനമാക്കിയുള്ള വികസനമാണ് അനിവാര്യമെന്നായിരുന്നു വിലയിരുത്തല്‍. ക്ലസ്റ്ററുകള്‍ക്ക് അവയുടെ പ്രവര്‍ത്തനം ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമത, നവീനമായ പ്രവര്‍ത്തനങ്ങള്‍, നേതൃത്വം, സാങ്കേതിക വിദ്യയുടെ ഉപയോഗം, ക്ലസ്റ്ററിന്റെ സജീവത തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കി തരംതിരിക്കണം. മികച്ച ക്ലസ്റ്ററുകള്‍ക്ക് എ ഗ്രേഡ് നല്‍കി അവയ്ക്ക് നേഴ്‌സറികള്‍, പ്രീ കൂളിങ് കേന്ദ്രങ്ങള്‍, ഉല്‍പ്പാദനോപാധികേന്ദ്രങ്ങള്‍ എന്നിവ തുടങ്ങാനുള്ള സഹായം ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. പക്ഷേ, അത് പൂര്‍ണമായി നടപ്പാക്കാനായി എന്നു പറയാനാവില്ല. കോവിഡ്-19 വ്യാപനം ആ പദ്ധതി നിര്‍വഹണത്തിനു തടസ്സമായിട്ടുണ്ട്. അതിന്റെ ഭാഗമായാണ് സുഭിക്ഷ കേരളം എന്ന പദ്ധതി തയാറാക്കിയത്. സംയോജിത പദ്ധതിയും കൂട്ടായ നിര്‍വഹണ രീതിയും സാധ്യമാക്കി സ്വാശ്രയ സമൂഹവും ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമായ നാടും സൃഷ്ടിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. ഇതില്‍ സഹകരണ മേഖലയുടെ പങ്കാളിത്തം സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു.
സുഭിക്ഷ കേരളം തീര്‍ത്ത മുന്നേറ്റം
കാര്‍ഷികോല്‍പ്പാദന രംഗത്ത് സുഭിക്ഷ കേരളം പദ്ധതിയുണ്ടാക്കിയ മുന്നേറ്റം സമാനതകളില്ലാത്തതാണ്. പ്രത്യേകിച്ച് സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ നടന്നത്. 2020 ജൂണ്‍ മൂന്നിനാണ് ഈ പദ്ധതിയെ സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കിയത്. അതില്‍ ഇങ്ങനെയാണ് ചൂണ്ടിക്കാട്ടിയിരുന്നത് : ‘വികേന്ദ്രീകരണത്തില്‍ അധിഷ്ഠിതമായ വികസന സംവിധാനം നമുക്കുണ്ട്. ഇതുപയോഗപ്പെടുത്തി പുതിയ സാഹചര്യം നേരിടാന്‍ കഴിയണം. നാടിന്റെ വിഭവശേഷി പൂര്‍ണമായി ഉപയോഗിക്കണം. അത്തരത്തില്‍ ഭക്ഷ്യ കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്ത സ്വാശ്രയ സമൂഹമായി മാറണം. അതിനുള്ള സമഗ്ര പദ്ധതിയാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതി’. ഈ നിര്‍ദേശം പൂര്‍ണമായി സഹകരണ മേഖല ഏറ്റെടുത്തുവെന്നു മാത്രമല്ല, നിര്‍ദേശിച്ചതിനേക്കാളധികം ഫലം നല്‍കുകയും ചെയ്തു.
സുഭിക്ഷ കേരളത്തിന്റെ ആറു മാസത്തെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. കാര്‍ഷിക, മൃഗപരിപാലന, മീന്‍പിടിത്ത മേഖലകളില്‍ ഉല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കാനും അതുവഴി കര്‍ഷകരുടെ വരുമാനം ഉയര്‍ത്താനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ പ്രവര്‍ത്തനത്തില്‍ നല്ല പുരോഗതി നേടാനായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് മുഖ്യമന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ് : ‘ 25,000 ഹെക്ടര്‍ തരിശുനിലങ്ങളില്‍ കൃഷിയിറക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍, ആ ലക്ഷ്യം കടന്ന് 29,000 ഹെക്ടറില്‍ കൃഷിയിറക്കാന്‍ കഴിഞ്ഞു. 2000 കാര്‍ഷിക വിപണികള്‍ മെച്ചപ്പെടുത്താനുള്ള ലക്ഷ്യവും 100 ശതമാനം കൈവരിച്ചു. 460 ആഴ്ചച്ചന്തകള്‍ ശക്തമാക്കി. ഒരു ലക്ഷം ചതുരശ്രമീറ്റര്‍ മഴമറ നിര്‍മിക്കാനുള്ള ലക്ഷ്യവും മറികടന്നു. 1.19 ലക്ഷം ചതുരശ്ര മീറ്റര്‍ മഴമറ പണിതു.’
46.5 ലക്ഷം ഫലവൃക്ഷത്തൈകള്‍ നടാനുള്ള ലക്ഷ്യത്തില്‍ 33.29 ലക്ഷം തൈകള്‍ നട്ടു. 12,000 കര്‍ഷകര്‍ക്ക് വായ്പാ സഹായം നല്‍കാന്‍ തീരുമാനിച്ചതില്‍ 9,348 പേര്‍ക്ക് നല്‍കിക്കഴിഞ്ഞു. 3750 ഹെക്ടറില്‍ നാളികേരക്കൃഷി വികസന പരിപാടി നടപ്പാക്കാന്‍ ലക്ഷ്യമിട്ടതില്‍ 1818 ഹെക്ടര്‍ നടപ്പാക്കി. നെല്‍ക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കുള്ള റോയല്‍റ്റി ഇതിനകം 24,919 പേര്‍ക്ക് നല്‍കി. റോയല്‍റ്റിക്ക് അര്‍ഹതയുള്ള കര്‍ഷകരുടെ രജിസ്ട്രേഷന്‍ തുടരുകയാണ്.സുഭിക്ഷ കേരളം പദ്ധതിയില്‍ 10,351 പദ്ധതികളാണ് ഏറ്റെടുക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 28 ലക്ഷം പേര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇതില്‍ 10.87 ലക്ഷം പേര്‍ സ്ത്രീകളും മൂന്നു ലക്ഷം പേര്‍ യുവാക്കളുമാണ്. സുഭിക്ഷ കേരളത്തില്‍ മൃഗപരിപാലനം, മീന്‍പിടിത്തം എന്നീ മേഖലകളിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
അഞ്ചു വകുപ്പുകളിലെ പദ്ധതികള്‍ നിര്‍വഹണ രീതിയില്‍ ഏകോപിപ്പിച്ചാണ് സുഭിക്ഷ കേരളം പദ്ധതി വിഭാവനം ചെയ്തത്. ഇതില്‍, തദ്ദേശ സ്വയംഭരണം, കൃഷി, സഹകരണം എന്നീ വകുപ്പുകളുടെ യോജിപ്പാണ് കൂടുതലും ഉണ്ടായത്. ഫിഷറീസ്, വ്യവസായം എന്നിവയായിരുന്നു മറ്റു രണ്ടെണ്ണം. ഇതില്‍ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങാനുള്ള ചുമതലയാണ് വ്യവസായ വകുപ്പിനുണ്ടായിരുന്നത്. അതിലേക്ക് കടക്കാനാവുന്നതെയുള്ളൂ. പുതിയ ഭരണസമിതികളാണ് ഇനി തദ്ദേശ സ്ഥാപനങ്ങളിലുണ്ടാവുക. അവര്‍ക്ക് ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനാവണം. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുന്നതിന് വ്യവസായ വികസന കോര്‍പ്പറേഷന്‍ വഴി സാമ്പത്തിക സഹായമടക്കം ഇപ്പോള്‍ ലഭ്യമാണ്. പദ്ധതി ആവിഷ്‌കരിക്കുകയും സംരംഭകര്‍ക്ക് വഴിയൊരുക്കുകയും ചെയ്യാനുള്ള മനസ്സാണ് തദ്ദേശ ഭരണകൂടം നിര്‍വഹിക്കേണ്ടത്. അതിനു സാധ്യതകള്‍ ഏറെയുണ്ട്. പ്രത്യേകിച്ച് സഹകരണ സംഘങ്ങളെക്കൂടി പങ്കാളിയാക്കി നടപ്പാക്കിയാല്‍.
ഗ്രാമവികസനം സംഘങ്ങളിലൂടെ
ചിതറിയ ആസൂത്രണവും സമഗ്രമായ കാഴ്ചപ്പാടില്ലായ്മയുമാണ് പദ്ധതികളെ ഉപയോഗപ്പെടുത്താന്‍ നാടിനു കഴിയാത്തതിനു കാരണം. സഹകരണ സംഘങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ഈ പോരായ്മകളില്ല. ഇവ രണ്ടിന്റെയും ലക്ഷ്യം പ്രാദേശിക വികസനവും അവിടത്തെ ജനങ്ങളുടെ ഉന്നമനവുമാണ്. അപ്പോള്‍ അതിനുള്ള ആസൂത്രണം ഒരേ രീതിയിലായാല്‍ കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാനും നിര്‍വഹണത്തിനു സാമ്പത്തിക സഹായം ഉറപ്പാക്കാനുമാകും. സഹകരണ സംഘങ്ങളിലൂടെ ഒരു പ്രദേശത്തിന്റെ മുഴുവന്‍ വികസനം ലക്ഷ്യമിട്ട് ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി ) തയാറാക്കിയ പദ്ധതിയാണ് ദേശീയ സഹകരണ വികസന പദ്ധതി ( ഐ.സി.ഡി.പി.). 1985-86 ല്‍ ആരംഭിച്ച ഈ പദ്ധതിയുടെ സാധ്യത നമ്മുടെ നാട്ടിലെ മിക്ക സഹകരണ സ്ഥാപനങ്ങളും ഉപയോഗിച്ചിട്ടില്ലെന്നു മാത്രമല്ല, തിരിച്ചറിഞ്ഞിട്ടുപോലുമില്ല. വിവിധോദ്ദേശ സ്വയം പര്യാപ്ത സംരംഭങ്ങളായി പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ വികസിപ്പിക്കുക, സഹകരണ സംഘങ്ങളുടെ നാടുമായുള്ള പ്രവര്‍ത്തനപരമായ ബന്ധം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതിയുടെ അടിസ്ഥാന തത്വമായി കണക്കാക്കുന്നത്. 1625 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ കേരളത്തിലുണ്ട്. സംസ്ഥാനത്തെ ഒരു പഞ്ചായത്തുപോലും സംഘത്തിന്റെ പ്രവര്‍ത്തന മേഖലയില്‍നിന്നു ഒഴിഞ്ഞുനില്‍ക്കുന്നില്ല. അപ്പോള്‍ ഓരോ ഗ്രാമപ്പഞ്ചായത്തിലും വേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് അതത് പ്രദേശത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ വഴി ഈ സഹായം നേടിയെടുക്കാവുന്നതേയുള്ളൂ.
വായ്പ, സബ്‌സിഡി എന്നീ രണ്ട് ശീര്‍ഷകങ്ങളിലായി ദേശീയ സഹകരണ വികസന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ മുഖേന എന്‍.സി.ഡി.സി. സഹായം നല്‍കുന്നുണ്ട്. ഗോഡൗണുകള്‍, ബാങ്കിങ് കൗണ്ടറുകള്‍, വാഹനങ്ങള്‍, ചെറുകിട സംസ്‌കരണ യൂണിറ്റുകള്‍ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനു വായ്പ നല്‍കുന്നു. പദ്ധതി നടപ്പാക്കല്‍, മാനവശേഷി വികസനം, പരിശീലനം, നിരീക്ഷണം, പ്രോത്സാഹനം എന്നിവയ്ക്ക് സബ്‌സിഡിയും നല്‍കുന്നു. പദ്ധതിത്തുകയുടെ 30 ശതമാനമാണ് സബ്‌സിഡിയുടെ പരിധി.
വാഴക്കര്‍ഷകര്‍ ഏറെയുള്ള ഒരു പ്രദേശത്ത് വാഴക്കുലയില്‍നിന്നു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന ഒരു സംരംഭം തുടങ്ങിയാല്‍ അത് ആ പ്രദേശത്തെ കര്‍ഷകര്‍ക്ക് നേരിട്ട് ഗുണം ചെയ്യും. പുതുതായി തുടങ്ങുന്ന സംരംഭത്തില്‍ കുറച്ചു പേര്‍ക്ക് ജോലി ലഭിക്കും. കര്‍ഷകരില്‍നിന്നു വാഴക്കുല സംഭരിക്കാന്‍ വാഹനവും അതു സൂക്ഷിക്കാന്‍ ഗോഡൗണും സ്ഥാപിച്ചാല്‍ സംരംഭങ്ങളുടെ എണ്ണം കൂട്ടാനാകും. ഇത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു അവരുടെ പദ്ധതിവിഹിതം കൊണ്ട് എളുപ്പത്തില്‍ സാധ്യമാക്കാനാവില്ല. പകരം, ഐ.സി.ഡി.പി. സഹായം ഉപയോഗിച്ച് ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘത്തിനു നിര്‍വഹിക്കാനാവും. കൃഷിവകുപ്പിനു വാഴക്കര്‍ഷകരുടെ ക്ലസ്റ്റര്‍ രൂപവത്കരിച്ച് ഇതിലേക്ക് വാഴക്കുല എത്തിക്കാനുള്ള സഹായം നല്‍കാം. ഈ ക്ലസ്റ്ററുകളില്‍ അംഗമായ കര്‍ഷകര്‍ക്ക് തദ്ദേശ സ്ഥാപനത്തിന്റെ കാര്‍ഷിക സഹായങ്ങള്‍ നല്‍കാം. ഇങ്ങനെ ഒരു കൂട്ടുമാതൃക തീര്‍ക്കുമ്പോഴാണ് ഒരു നാട് സ്വാശ്രയമായി മാറുന്നത്.
സംഘങ്ങള്‍ക്ക് എന്തുചെയ്യാനാവും ?
ഒരു നാടിന്റെ വികസനത്തിനുതകുന്ന എന്തൊക്കെ പദ്ധതികള്‍ സഹകരണ സംഘങ്ങള്‍ക്ക് ഏറ്റെടുക്കാനാകുമെന്ന് അറിയേണ്ടതും പ്രധാനമാണ്. പ്രത്യേകിച്ച് പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക്. കാര്‍ഷിക -അനുബന്ധ മേഖലകളിലും ഭക്ഷ്യസംസ്‌കരണ രംഗത്തും കൂടുതല്‍ വായ്പകള്‍ അനുവദിക്കുന്നത് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ആദായനികുതി ഇളവ് കിട്ടാന്‍ സഹായകമാണ്. മാത്രവുമല്ല, ഉല്‍പ്പാദനവും സംസ്‌കരണവും വിപണനവും സംഘത്തിന്റെയും തദ്ദേശ സ്ഥാപനത്തിന്റെയും കൃഷിവകുപ്പിന്റെയും നിയന്ത്രണത്തില്‍ നടപ്പാക്കുമ്പോള്‍ അതിനു വിജയസാധ്യത ഏറെയുമാണ്. നല്‍കുന്ന വായ്പയുടെ തിരിച്ചടവ് മുടക്കമില്ലാതെ ലഭിക്കാന്‍ ഇതു സഹായിക്കും. നിക്ഷേപ-വായ്പ അനുപാതം മെച്ചപ്പെടുത്താനും നാടിന്റെ ധനകാര്യ സ്ഥാപനമായി സഹകരണ സംഘത്തിനു മാറാനുമാകും.
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ഇത്തരം പദ്ധതിനിര്‍വഹണത്തിന് സര്‍ക്കാരില്‍നിന്നും മറ്റ് ഏജന്‍സികളില്‍നിന്നും ലഭിക്കുന്ന സഹായങ്ങളില്‍ ചിലത് ഇനി പറയുന്നവയാണ് :
* സ്വാശ്രയ സഹായ സംഘങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ഓഹരി മൂലധനം.
* പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു കീഴിലുള്ള സ്വയം സഹായ സംഘങ്ങള്‍ക്ക് പ്രാഥമികച്ചെലവുകള്‍ക്ക്
പലിശ സബ്‌സിഡി ഒഴികെയുള്ള സഹായം.
* നെല്‍ക്കൃഷിക്ക് വായ്പ കൊടുക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗ സംഘങ്ങള്‍, വനിതാ സംഘങ്ങള്‍ എന്നിവയുടെ കീഴിലുള്ള സ്വാശ്രയ ഗ്രൂപ്പുകള്‍ക്ക് സഹായം.
* കഴിഞ്ഞ വര്‍ഷം നല്‍കിയ മൊത്തം കാര്‍ഷികവായ്പയേക്കാള്‍ 20 ശതമാനത്തില്‍ കൂടുതല്‍ തുക നെല്‍ക്കൃഷിക്കായി
വായ്പ നല്‍കുന്ന ഓരോ പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിനും പരമാവധി 25,000 രൂപ ഗ്രാന്റായി നല്‍കും.
* കൊയ്ത്തുയന്ത്രം വാങ്ങാന്‍ അതിന്റെ വിലയുടെ 20 ശതമാനമോ നാല് ലക്ഷം രൂപയോ ഏതാണോ കുറവ് അത്രയും തുക ഗ്രാന്റായി നല്‍കും.
* ഹൈടെക് കൃഷിരീതി പ്രോത്സാഹിപ്പിക്കാന്‍ സഹായം ലഭിക്കും. കേരള ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, കൃഷി വകുപ്പ് എന്നിവയുടെ
സഹകരണത്തോടെ ഈ പദ്ധതി നടപ്പാക്കാവുന്നതാണ്.
* വീടുകളില്‍ സൗരോര്‍ജ പ്ലാന്റുകള്‍, ബയോഗ്യാസ് പ്ലാന്റുകള്‍ എന്നിവ സ്ഥാപിക്കാന്‍ നല്‍കിയ വായ്പയുടെ
പലിശ തിരിച്ചുനല്‍കുന്നതിനു സഹായം.
* സ്വയം സഹായ സംഘങ്ങളിലൂടെ കാര്‍ഷിക സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ഓഹരികളായോ സബ്‌സിഡിയായോ പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ക്ക് സഹായം.
* ഇടുക്കി, വയനാട് ജില്ലകളില്‍ കൃഷി അടിസ്ഥാനമാക്കിയുള്ള മൂല്യവര്‍ധിത യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് പ്രത്യേക സഹായ പദ്ധതി.
ക്ഷേമ ഗ്രാമവും പദ്ധതികളും
ഒരു തദ്ദേശ ഭരണ സ്ഥാപനത്തിന്റെ ഏക ലക്ഷ്യം അതുള്‍ക്കൊള്ളുന്ന നാടിന്റെ വികസനവും നാട്ടുകാരുടെ ക്ഷേമവുമാണ്. ഇതു നേടാന്‍, ഒരു ജനതയുടെ ക്ഷേമത്തിനു എന്തൊക്കെ വേണമെന്നതില്‍ വ്യക്തതയുണ്ടാവണം. അവിടെയുള്ളവര്‍ക്ക് വരുമാനമുറപ്പാക്കാനാവണം. കാര്‍ഷികമേഖലയെ ക്ഷീണിപ്പിക്കാതെ കൊണ്ടുപോകാനാവണം. അതിനു കര്‍ഷകര്‍ക്ക് സഹായവും കാര്‍ഷിക വിളകള്‍ക്ക് മെച്ചപ്പെട്ട വിലയും ലഭ്യമാക്കണം. മണ്ണ് പരിശോധനാ ലാബും വിത്ത് ബാങ്കും വേണം. ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്ല സാധനങ്ങള്‍ കിട്ടുന്ന കണ്‍സ്യൂമര്‍ സ്‌റ്റോറുകളുണ്ടാകണം. തൊഴിലിടങ്ങളുള്ള സ്ഥലമാണെങ്കില്‍ കാന്റീന്‍ സൗകര്യമുണ്ടാകണം. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്ന സഹകരണ യൂണിറ്റുകളുണ്ടാകണം. പട്ടിക വിഭാഗക്കാരുടെ ഉന്നമനം ഉറപ്പാക്കാനാവണം. ഇവര്‍ക്കായി സംരംഭങ്ങള്‍ വേണം. മാലിന്യം സംസ്‌കരിക്കുകയും കുടിവെള്ളം ഉറപ്പാക്കുകയും വേണം. ഇത്രയുമായാല്‍ ഒരു നാട് ക്ഷേമപൂര്‍ണമാകും. എന്നാല്‍, ഇതുറപ്പാക്കാന്‍ നമ്മുടെ പ്രാദേശിക ഭരണകൂടത്തിനു കഴിയുന്നില്ലെന്നു നമ്മള്‍ ഓര്‍ക്കണം. അതിനുള്ള മനസ്സില്ലാഞ്ഞിട്ടല്ല, പഞ്ചായത്തുകള്‍ക്കു മാത്രമായി അത് ഏറ്റെടുത്തു നടത്താനുള്ള പണമില്ലാഞ്ഞിട്ടാണ്. കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ പ്രദേശിക പരിഗണനയില്‍ തയാറാക്കുന്നതല്ലാത്തതിനാല്‍ അതിന്റെ പേരായ്മകളും അതിനുണ്ടാകും.
അതേസമയം, ഒരു ക്ഷേമഗ്രാമത്തിനു വേണ്ട എല്ലാ പദ്ധതികളും സഹകരണ സംഘങ്ങള്‍ വഴി നടപ്പാക്കാനാകും. അതിനുള്ള പദ്ധതികളും ഏറെയുണ്ട്. പ്രായോഗികമായി വാണിജ്യ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. നല്ല പ്രവര്‍ത്തന നിലവാരമുള്ള വിവിധ തരത്തിലുള്ള സംഘങ്ങള്‍ക്ക് അവരുടെ പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന സഹായമാണിത്. 10 ശതമാനം സബ്‌സിഡി, 20 ശതമാനം ഓഹരി, 20 ശതമാനം വായ്പ എന്നിങ്ങനെ പ്രൊജക്ട് കോസ്റ്റിന്റെ 50 ശതമാനമാണ് സഹായം. ബാക്കിത്തുക സംഘം സ്വന്തം ഫണ്ടില്‍നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പയായോ കണ്ടെത്തണം. ഉല്‍പ്പന്നങ്ങള്‍ തരംതിരിക്കല്‍, ഗ്രേഡിങ്, പാക്കിങ്, കാര്‍ഷിക സംസ്‌കരണ യൂണിറ്റുകളുടെ ലേബലിങ്, ഉല്‍പ്പാദന ഏകീകരണത്തിനും ഏകീകൃത ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഗുണനിലവാര പരിശോധനാ ലാബും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കല്‍, സഹകരണ മേഖലയില്‍ ബ്രാന്‍ഡിങ് സ്റ്റാന്റേഡൈസേഷന്‍ സര്‍ട്ടിഫിക്കേഷന്‍ എന്നിവയെല്ലാം സഹകരണ സംഘത്തിനു ഏറ്റെടുക്കാനാകും. ഒരു പ്രദേശത്തെ പ്രധാന ഉല്‍പ്പന്നത്തെ കേന്ദ്രീകരിച്ച് ഇത്തരമൊരു ആസൂത്രണം നടത്തിയാല്‍ അത് ആ നാടിനെ മാറ്റിമറിക്കും.
കാര്‍ഷിക മേഖലയില്‍ ക്ലസ്റ്ററുകള്‍ രൂപവത്കരിക്കാനും ആ ക്ലസ്റ്ററുകള്‍ക്ക് സാമ്പത്തിക സഹായവും അടിസ്ഥാന സൗകര്യവും ഒരുക്കിക്കൊടുക്കാനും സംഘങ്ങള്‍ക്ക് കഴിയും. ഓരോ ജില്ലയിലും ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ സ്ഥാപിച്ച് സഹകരണ മേഖലയെ വികസിപ്പിക്കുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ ഏജന്‍സികളുടെയും ഒട്ടേറെ സഹായം കിട്ടും. ശക്തമായ മൂലധനശേഷിയുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ തിരഞ്ഞെടുത്ത് പ്രാദേശികമായി ലഭിക്കുന്ന കൃഷിയുല്‍പ്പന്നങ്ങളെ ആസ്പദമാക്കി ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ സ്ഥാപിക്കുകയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിനിര്‍ദേശമാണ്. കൃഷി അനുബന്ധ മേഖലയിലെ പ്രവൃത്തികള്‍ ഏറ്റെടുക്കണം. മൂല്യവര്‍ധനവ്, സംസ്‌കരണം, വിപണനം എന്നീ മേഖലകളില്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.
സഹകരണാടിസ്ഥാനത്തില്‍ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും ദുര്‍ബല സംസ്‌കരണ യൂണിറ്റുകള്‍ പുനരുദ്ധരിക്കുന്നതിനും മൊത്തം ചെലവിന്റെ 50 ശതമാനം എന്‍.സി.ഡി.സി. നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 30 ശതമാനം ഓഹരി മൂലധനമായും 10 ശതമാനം സബ്‌സിഡിയായും നല്‍കും. ബാക്കി 10 ശതമാനം മാത്രമാണ് സംഘങ്ങള്‍ വഹിക്കേണ്ടത്. ഒരു വിദഗ്ധസമിതി പ്രൊജക്ടുകള്‍ പരിശോധിച്ച് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പണം അനുവദിക്കുന്നത്.
ഉപഭോക്തൃ സംഘങ്ങള്‍ക്ക് കേരള സംസ്ഥാന സഹകരണ ഉപഭോക്തൃ ഫെഡറേഷന്‍ നിര്‍ദേശിക്കുന്ന പ്രത്യേക പദ്ധതികള്‍ക്ക് ധനസഹായം ലഭ്യമാകും. ഗ്രാമീണ-നഗര മേഖലകളില്‍ ഉപഭോക്തൃ സംഘങ്ങളുടെ വികസനം, സഹകരണ കാന്റീനുകള്‍ക്ക് ഓഹരി മൂലധനം, സ്‌കൂള്‍ കോളേജ് സഹകരണ സംഘങ്ങള്‍ക്ക് മൂലധനമായും സബ്‌സിഡിയായും സഹായം എന്നിവ കിട്ടും. പ്രാഥമിക ഉപഭോക്തൃ സഹകരണ സംഘങ്ങളുടെയും ജില്ലാതല മൊത്ത സഹകരണ സ്‌റ്റോറുകളുടെയും നവീകരണം, പുനസ്സംഘടന എന്നിവയ്ക്കും സഹായമുണ്ട്. നീതി സ്റ്റോറുകള്‍, നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍, ന• സ്‌റ്റോറുകള്‍ എന്നിവയ്ക്ക് പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നു വായ്പ അനുവദിച്ചാല്‍ അതിനു പലിശ സബ്‌സിഡി ലഭിക്കും. ഇതിനൊപ്പം കേരള സംസ്ഥാന സഹകരണ ഫെഡറേഷന്റെ സഹായവും കിട്ടും.
സഹകരണ സംഘങ്ങള്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതി നടപ്പാക്കിയാല്‍ അതിനു സാമ്പത്തിക സഹായമുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും തലവേദനയുണ്ടാക്കുന്നതാണ് മാലിന്യ സംസ്‌കരണം. അതിനു പദ്ധതികള്‍ ഏറെയുണ്ടെങ്കിലും ചെലവ് താങ്ങാനാവില്ലെന്നതാണ് നടപ്പാക്കാന്‍ തടസ്സമാകുന്നത്. അത്തരമൊരു പദ്ധതി ഒരു സഹകരണ സംഘത്തിലൂടെ നടപ്പാക്കാനാകും. അതിനു പഞ്ചായത്തിന്റെ പദ്ധതിവിഹിതം സഹായമായി നല്‍കാനായാല്‍ കൂടുതല്‍ ഗുണകരമാകും. ഇതാണ് സംയോജിത പദ്ധതി എന്നതിലൂടെ ഉദ്ദേശിക്കുന്നതും. മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് കേന്ദ്ര-സംസ്ഥാന സഹായം വേറെയുമുണ്ട്. ഇതു കൂടി ഉള്‍പ്പെടുത്തിയാല്‍ മാലിന്യം ഒരു പ്രശ്‌നമേ അല്ലാതാകും. അതിന്റെ നടത്തിപ്പ് സംഘങ്ങള്‍ വഴി നിര്‍വഹിക്കാനുമാകും.
നടപ്പാവാത്ത കര്‍ഷക സേവനകേന്ദ്രം
സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെ ബ്ലോക്ക് തലത്തില്‍ കര്‍ഷക സേവനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു കര്‍ഷക സേവന കേന്ദ്രങ്ങള്‍. അത് ആസൂത്രണത്തില്‍ മാത്രം ഒതുങ്ങിയതല്ലാതെ എവിടെയും നടപ്പാക്കാനുള്ള ശ്രമമുണ്ടായില്ല. ആ കാഴ്ചപ്പാടിനെക്കുറിച്ചുള്ള അറിവില്ലായ്മയും നടപ്പാക്കുന്നതിനു തടസ്സമായിട്ടുണ്ട്. കൃഷിവകുപ്പുമായി ചേര്‍ന്നു ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലെയും കാര്‍ഷിക പ്രവൃത്തികളെ ഏകോപിപ്പിക്കുന്ന നോഡല്‍ ഏജന്‍സിയായി ഒരു സഹകരണ സംഘം നടത്തുന്ന കര്‍ഷക സേവന കേന്ദ്രം പ്രവര്‍ത്തിക്കണമെന്നാണ് ഉദ്ദേശിച്ചിരുന്നത്. കാര്‍ഷിക വായ്പ, പലിശ നിരക്ക്, കടം ഒഴിവാക്കല്‍ പദ്ധതി തുടങ്ങിയവയെ സംബന്ധിച്ച് കര്‍ഷകര്‍ക്ക് വിവരം നല്‍കുക, കാര്‍ഷിക മേഖലയുടെ യന്ത്രവല്‍ക്കരണത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുക, ഇത്തരം യന്ത്രങ്ങള്‍ ഓരോ കര്‍ഷക കൂട്ടായ്മക്കും ആവശ്യത്തിനു ലഭ്യമാക്കുന്ന സ്വയംസഹായ കേന്ദ്രങ്ങളായി നിലകൊള്ളുക, ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളും കൃഷിവകുപ്പും ഒരുമിച്ചുള്ള ഒരു ഏകോപന പ്രക്രിയ വികസിപ്പിക്കുക എന്നിവയാണ് കര്‍ഷക സേവന കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിട്ടത്. കാര്‍ഷികമേഖലയില്‍ മണ്ണ് പരിശോധനാ ലാബുകളും മറ്റും സ്ഥാപിക്കുന്നതിനും സഹകരണ സംഘങ്ങള്‍ക്ക് സഹായം ലഭിക്കും. പച്ചക്കറികള്‍ സംഭരിക്കാന്‍ സുവര്‍ണം ഷോപ്പുകളും ശീതസംഭരണികളും സ്ഥാപിക്കാനാകും.
മാറ്റം മനസ്സിലാണ് വേണ്ടത്. കൂട്ടായ്മയും കൂട്ടായ ആസൂത്രണവും ഏകോപനവും അത് സാധ്യമാക്കും. തദ്ദേശ ഭരണത്തിലെ പുതിയ അംഗങ്ങള്‍ക്ക് ഒരു സഹകരണ കാഴ്ചപ്പാടുണ്ടാകുമ്പോള്‍ ആ മാറ്റം നാടിനുണ്ടാകും. സഹകരണ സംഘങ്ങള്‍ക്ക് ജനകീയ കാഴ്ചപ്പാട് കൈവരുമ്പോള്‍ അത് നാട്ടുഭരണത്തിനു തണലുമാകും.
[mbzshare]