കര്‍ഷകരുടെ കടക്കെണി ഒരു തുടര്‍ക്കഥ
ടി. സുരേഷ് ബാബു
രാജ്യത്തെയും തിരുവിതാംകൂറിലെയും കാര്‍ഷിക കടബാധ്യതയെയും അതു പരിഹരിക്കുന്നതിനെയും അതില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കു എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതിനെയുംകുറിച്ചാണു 1935 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതി പതിനെട്ടാം അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
കര്‍ഷകരുടെ കടബാധ്യത ഒരു ആഗോള പ്രതിഭാസമാണെന്നു സാമാന്യവത്കരിച്ചുകൊണ്ടാണു ഈ അധ്യായം തുടങ്ങുന്നതുതന്നെ. ഏറ്റവും പഴക്കം ചെന്ന ഈ പ്രശ്‌നം എല്ലാ കാലത്തും ലോകമെങ്ങുമുള്ള ഭരണാധികാരികളെ വിഷമിപ്പിച്ചിരുന്നു എന്നു റിപ്പോര്‍ട്ടില്‍ ന്യായീകരിക്കുന്നു. പുരാതന ഗ്രീസില്‍പ്പോലും ഇതൊരു കീറാമുട്ടിയായിരുന്നു. അതായതു, കര്‍ഷകന്റെ കടബാധ്യത ഒരു പുതിയ പ്രശ്‌നമല്ലെന്നര്‍ഥം. ചരിത്രാതീത കാലം മുതലേ കടബാധ്യത എന്നതു നമ്മുടെ കൂടെയുണ്ട് എന്ന ഡോ. പി.ജെ. തോമസിന്റെ അഭിപ്രായം അന്വേഷണ സമിതി പ്രത്യേകം ഉദ്ധരിക്കുന്നു. ‘ കടത്തില്‍ ജനിച്ച്, കടത്തില്‍ ജീവിച്ച്, കടത്തില്‍ മരിച്ച്, കടം അടുത്ത തലമുറയ്ക്കു കൈമാറുന്നവനാണ് ഇന്ത്യന്‍ കര്‍ഷകന്‍. ‘ മണ്‍റോയും എല്‍ഫില്‍സ്റ്റണും മറ്റും എഴുതിയതില്‍ നിന്നു മനസ്സിലാവുന്ന കാര്യം ബ്രിട്ടീഷ് ഭരണത്തിനു മുമ്പുതന്നെ ഇവിടെ കടമെന്ന ദുര്‍ഭൂതമുണ്ടായിരുന്നു എന്നാണ്. നിരന്തരമായി കടം വാങ്ങി, കടത്തിലൂടെ മുന്നോട്ടു നീങ്ങിയിരുന്ന ഒരു ജനതയായിരുന്നു നമ്മളും. ബ്രിട്ടീഷ് ഭരണകാലത്തു ഏതാണ്ടു രാജ്യത്തെ നാല്‍പ്പതു ശതമാനം ജനങ്ങളും കടത്തിലായിരുന്നു. അന്നത്തെ മൊത്തം കാര്‍ഷിക കടബാധ്യത എണ്ണൂറു കോടി രൂപക്കും ആയിരം കോടി രൂപക്കുമിടയിലായിരുന്നു. ഈ കടത്തിന്മേല്‍ പ്രതിവര്‍ഷം നല്‍കിയിരുന്ന പലിശ ഏതാണ്ട് 70 കോടി രൂപ വരും. ഓരോ പ്രവിശ്യയില്‍ നിന്നും ശേഖരിച്ച കണക്കുകള്‍ ക്രോഡീകരിച്ച സെന്‍ട്രല്‍ ബാങ്കിങ് എന്‍ക്വയറി കമ്മിറ്റി ഗ്രാമീണരുടെ മൊത്തം കടബാധ്യതയായി കണക്കാക്കിയതു 900 കോടി രൂപയാണ്.
ഓരോ പ്രവിശ്യയിലും സംസ്ഥാനത്തും അക്കാലത്തുണ്ടായിരുന്ന ( 1930 – 35 കാലം ) ജനസംഖ്യയുടെയും കാര്‍ഷിക കടത്തിന്റെയും വിശദമായ കണക്കും പട്ടികരൂപത്തില്‍ തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതി എടുത്തു കാണിക്കുന്നുണ്ട്. അന്നു കടബാധ്യത കൂടുതലുണ്ടായിരുന്നതു തിരുവിതാംകൂറിലാണെന്നു കാണാം. അമ്പതു ലക്ഷമായിരുന്നു തിരുവിതാംകൂറിലെ അന്നത്തെ ജനസംഖ്യ. മൊത്തം കടം 27 കോടി രൂപ. ഓരോ കര്‍ഷകന്റെയും ശരാശരി കടം 54 രൂപയായിരുന്നു. 4.67 കോടി ജനസംഖ്യയുണ്ടായിരുന്ന മദ്രാസില്‍ 150 കോടി രൂപയായിരുന്നു മൊത്തം കടം. കര്‍ഷകന്റെ ശരാശരി കടം അമ്പതു രൂപ. ബോംബെ ( 49 രൂപ ) , ബംഗാള്‍ ( 31 രൂപ ) , ഐക്യ പ്രവിശ്യകള്‍ ( 36 രൂപ ) , മധ്യ പ്രവിശ്യകള്‍ ( 30 രൂപ ) , പഞ്ചാബ് ( 92 രൂപ ), ബിഹാര്‍ ആന്റ് ഒറീസ ( 31 രൂപ ), ,അസം ( 31 രൂപ ) എന്നിങ്ങനെയായിരുന്നു കര്‍ഷകന്റെ അക്കാലത്തെ ശരാശരി കടബാധ്യത.
മൊത്തം കടം 27 കോടി
പ്രൊഫ. പി.ജെ. തോമസിന്റെ കണക്കനുസരിച്ചാണു തിരുവിതാംകൂറിന്റെ മൊത്തം കടം 27 കോടി രൂപയുണ്ടായിരുന്നത്. 1930 ല്‍ ട്രാവന്‍കൂര്‍ ബാങ്കിങ് എന്‍ക്വയറി കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ തിരുവിതാംകൂറിന്റെ മൊത്തം കടമായി കണക്കു കൂട്ടിയതു 25.29 കോടി രൂപയാണ്. വീടുകള്‍ തോറും കയറിയിറങ്ങിയാണു കമ്മിറ്റി അന്വേഷണം നടത്തിയതു എന്നതിനാല്‍ ഈ കണക്കാവും കുറച്ചുകൂടി യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്നതു എന്നു കാണാം. എന്നാല്‍, 1931 ലെ ട്രാവന്‍കൂര്‍ സെന്‍സസ് റിപ്പോര്‍ട്ട് വേറൊരു കണക്കാണു നല്‍കുന്നത്. സംസ്ഥാനത്തിന്റെ മൊത്തം കടം 16.4 കോടിയായി കുറയുന്നു. ആളോഹരി കടം 32 രൂപ. അപ്പോഴും കമ്മിറ്റി പറയുന്നതു യഥാര്‍ഥ കടം ഇതിലും കൂടുതല്‍ വരാം എന്നാണ്. ആളോഹരി കടത്തിന്റെ കണക്കു നോക്കിയാല്‍ അന്നു വലിയ കടക്കാര്‍ പഞ്ചാബുകാരാണ്. ഓരോ പഞ്ചാബിയും അന്നു 66 രൂപയ്ക്കു കടക്കാരായിരുന്നു. ഏറ്റവും കുറവ് ബംഗാളിലാണ്. 21 രൂപ. മറ്റിടങ്ങളിലെ അവസ്ഥ ഇങ്ങനെയാണ് : അസം ( 26 രൂപ ), മദ്രാസ് ( 36 രൂപ ), ബിഹാര്‍ ആന്റ് ഒറീസ ( 43 രൂപ ), ബര്‍മ ( 45 രൂപ ), ബോംബെ ( 49 രൂപ ).
അക്കാലത്തെ സാമ്പത്തിക മാന്ദ്യവും ഉല്‍പ്പന്നവിലയിലെ തകര്‍ച്ചയുമാണു കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്നതെന്ന നിഗമനത്തിലാണ് അന്വേഷണ സമിതി എത്തുന്നത്. 1934 ജനുവരിയിലെ ഏഷ്യാറ്റിക് റിവ്യൂ എന്ന പ്രസിദ്ധീകരണത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പുരോഗതി എന്ന ലേഖനത്തില്‍ ജോണ്‍ ഡേല വാലറ്റ് എഴുതിയ ലേഖനത്തില്‍ പറയുന്നതു വരള്‍ച്ചയും വിലത്തകര്‍ച്ചയും ഇന്ത്യന്‍ കര്‍ഷകനെ കണ്ണീരു കുടിപ്പിക്കുന്നത് ഇടയ്ക്കിടെ മാത്രമാണ് എന്നാണ്. എന്നാല്‍, യഥാര്‍ഥ വില്ലന്‍ വട്ടിപ്പലിശക്കാരനാണെന്നാണു ജോണിന്റെ വാദം. കാരണം, വട്ടിപ്പലിശക്കാരന്‍ എന്നും കര്‍ഷകനൊപ്പമുണ്ട്. ഡെക്കാനിലെ കര്‍ഷക സമരത്തെപ്പറ്റി പഠിച്ച കമ്മിറ്റി ഈ കാരണങ്ങള്‍ക്കു പുറമേ വേറെയും ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ദാരിദ്ര്യം, ഫലഭൂയിഷ്ടമല്ലാത്ത മണ്ണ്, അസ്ഥിരമായ കാലാവസ്ഥ, സ്ഥിരമല്ലാത്ത വരുമാനം, അറിവില്ലായ്മ, തലമുറകളായി കൈമാറിവരുന്ന കടബാധ്യത, വരുമാനത്തിനനുസരിച്ചല്ലാതെ വര്‍ധിക്കുന്ന ജനസംഖ്യ, കടം കിട്ടാനുള്ള എളുപ്പം, കൂട്ടുപലിശ തുടങ്ങിയവയാണിവ. ഇക്കൂട്ടത്തില്‍ മണ്ണൊലിപ്പും ഒരു കാരണമായി എണ്ണാമെന്നു അന്വേഷണ സമിതി അഭിപ്രായപ്പെടുന്നു. സാമ്പത്തികാസൂത്രണത്തെക്കുറിച്ചുള്ള ലേഖനത്തില്‍ ബംഗാള്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് നളിനി രഞ്ജന്‍ സര്‍ക്കാര്‍ പറയുന്നത് ഇങ്ങനെയാണ് : മുന്നോട്ടുള്ള യാത്രയില്‍ ഇന്ത്യന്‍ കര്‍ഷകന്റെ കടബാധ്യത ഒരു ഹിമാലയന്‍ തടസ്സമായി നമ്മുടെ മുന്നില്‍ നില്‍പ്പുണ്ട്. ആസൂത്രിതമായ ചികിത്സയിലൂടെ മാത്രമേ ഇതിനു പരിഹാരം കണ്ടെത്താനാവുകയുള്ളു.’ ഇതിനദ്ദേഹം നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങളിലൊന്നു ഭൂപണയ ബാങ്കുകള്‍ ആരംഭിക്കുകയെന്നതാണ്. കര്‍ഷകന്റെ തീരാക്കടം എന്ന ദുരിതത്തിന്റെ ദൂരീകരണത്തിനായി സഹകരണാന്വേഷണ സമിതി മുന്നോട്ടുവെക്കുന്നതു രണ്ടു നിര്‍ദേശങ്ങളാണ്. 1. വിവിധ രീതിയിലുള്ള ഉല്‍പ്പാദനത്തിലൂടെയും വിളയുടെ ആസൂത്രണത്തിലൂടെയും വിപണനത്തിലൂടെയും കാര്‍ഷിക വരുമാനം കൂട്ടുക. 2. അനാവശ്യച്ചെലവുകള്‍ കുറച്ച് സമ്പാദ്യശീലം വര്‍ധിപ്പിക്കുക.
കാര്‍ഷിക കടാശ്വാസ നിയമം
കടത്തില്‍പ്പെട്ടുഴലുന്ന കര്‍ഷകര്‍ക്കു ആശ്വാസമായി രാജ്യത്തെ വിവിധ പ്രവിശ്യകളിലും സംസ്ഥാനങ്ങളിലും നടപ്പാക്കിയ കാര്‍ഷിക കടാശ്വാസ നിയമങ്ങളെപ്പറ്റി തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതി വിശദമായിത്തന്നെ ഈ അധ്യായത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഒറീസ സര്‍ക്കാര്‍ 1906 നും 1912 നുമിടയ്ക്കു നടപ്പാക്കിയ കടാശ്വാസ നിയമത്തിന്റെ ചുവടു പിടിച്ച് പഞ്ചാബ് 1930 ല്‍ റെഗുലേഷന്‍ ഓഫ് അക്കൗണ്ട്‌സ് ആക്ട് കൊണ്ടുവന്നു. 1934 ല്‍ വീണ്ടുമൊരു നിയമം പഞ്ചാബ് കൊണ്ടുവന്നു. 1930 ല്‍ ബംഗാള്‍ കൊണ്ടുവന്ന പണം വായ്പാ നിയമത്തില്‍ തന്റെ കടബാധ്യതയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുമറിയാന്‍ കടക്കാരനു അവകാശം നല്‍കുന്നു. കടം കൊടുത്തയാള്‍ ഇടപാടു സംബന്ധിച്ച എല്ലാ രേഖകളും സൂക്ഷിച്ചിരിക്കണമെന്നര്‍ഥം. കൂടാതെ, ആറു മാസത്തില്‍ക്കുറഞ്ഞ കാലത്തേക്കോ പത്തു ശതമാനത്തില്‍ക്കൂടുതല്‍ പലിശക്കോ കടം കൊടുത്താല്‍ കൂട്ടുപലിശ ഈടാക്കാന്‍ നിയമം അനുവദിച്ചിരുന്നില്ല. മധ്യ പ്രവിശ്യയില്‍ 1933 ലും ഐക്യ പ്രവിശ്യയില്‍ 1934 ലും കര്‍ഷകരെ സഹായിക്കാനായി നിയമങ്ങള്‍ നടപ്പാക്കി. മദ്രാസില്‍ രണ്ടു ബില്ലുകള്‍ നിയമസഭയുടെ പരിഗണനയിലാണ് അക്കാലത്ത്. ഇതിലൊരു ബില്‍ 25,000 രൂപയ്ക്കും അതിനു താഴെയും കടമുള്ള കര്‍ഷകരെ സഹായിക്കാനുള്ളതാണ്. കടബാധ്യത ഒത്തുതീര്‍പ്പാക്കല്‍ ബില്‍ എന്നാണിതിന്റെ പേരുതന്നെ. ബോംബെയും അസമും സമാനരീതിയില്‍ ബില്‍ കൊണ്ടുവരാനുദ്ദേശിക്കുന്നുണ്ടെന്നു അന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നു.
പ്രവിശ്യകള്‍ക്കു പുറമേ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ കര്‍ഷകരെ സഹായിക്കാനുള്ള കടാശ്വാസ ബില്ലുകള്‍ ഒരുങ്ങുന്നുണ്ടെന്ന വിവരവും ഈ അധ്യായത്തില്‍ നിന്നു നമുക്കു കിട്ടുന്നു. മൈസൂര്‍, പുതുക്കോട്ട, റേവ, ബറോഡ, സാംഗ്ലി, ജുനഗഡ് എന്നിവിടങ്ങളിലാണു ബില്‍ കൊണ്ടുവരാനുള്ള നീക്കം നടന്നിരുന്നത്. അതേസമയം, ഗുജറാത്തിലെ ഭവ്‌നഗറില്‍ നടപ്പാക്കിയ ചില നടപടികളെ അന്വേഷണ സമിതി പ്രത്യേകം ശ്ലാഘിക്കുന്നു. അവിടെ 1930 ല്‍ അധികാരമേറ്റെടുത്ത മഹാരാജാവ് 33 ല്‍ത്തന്നെ റവന്യൂ നികുതിയിനത്തില്‍ കിട്ടാനുണ്ടായിരുന്ന 60 ലക്ഷം രൂപ എഴുതിത്തള്ളി. യഥാര്‍ഥ ഗ്രാമപുനരുദ്ധാരണം സാധിക്കണമെങ്കില്‍ സംസ്ഥാനത്തിനു നല്‍കാനുള്ള കടബാധ്യതയില്‍ നിന്നും സ്വകാര്യ പണമിടപാടുകാരുടെ അടിച്ചമര്‍ത്തലില്‍ നിന്നും കര്‍ഷകരെ രക്ഷിക്കണമെന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാജാവിന്റെ മാതൃകാപരമായ ഈ എഴുതിത്തള്ളല്‍.
സഹകരണ സംഘങ്ങളിലെ കടം
ഇത്രയെല്ലാം പറഞ്ഞശേഷം സഹകരണാന്വേഷണ സമിതി തിരുവിതാംകൂറിന്റെ പ്രശ്‌നങ്ങളിലേക്കാണു കടക്കുന്നത്. കര്‍ഷകരുടെ കടബാധ്യത തിരുവിതാംകൂറിലെ പഴക്കംചെന്ന ഒരു പ്രശ്‌നമാണെന്നു സമിതി അഭിപ്രായപ്പെടുന്നു. ഭൂനികുതി പാടെ ഒഴിവാക്കാനുള്ള ശ്രമങ്ങളൊന്നും സംസ്ഥാനത്തു നടന്നിട്ടില്ല. ചില തരത്തില്‍ ആശ്വാസനടപടികളൊക്കെ ഭരണകൂടം കൈക്കൊണ്ടിരുന്നതായി കാണാമെന്നു മാത്രം. സഹകരണ സംഘങ്ങളില്‍ വായ്പമേലുള്ള കുടിശ്ശിക കൂടിവരുന്നതായി കാണാം. സമിതി ആറു വര്‍ഷത്തെ കണക്കു പരിശോധിക്കുന്നു. 1927 മുതല്‍ 1932 വരെയുള്ള കണക്ക്. സഹകരണ സംഘങ്ങളില്‍ കര്‍ഷകരുടെ വായ്പയില്‍ പലിശ കൂട്ടാതെ മുതലിന്മേല്‍ മാത്രമുള്ള കുടിശ്ശികയുടെ കണക്കാണിത്. 1927 ല്‍ 7.61 ലക്ഷം രൂപയായിരുന്നു ഇത്തരത്തിലുള്ള കുടിശ്ശിക. 1928 ല്‍ അതു 9.89 ലക്ഷമായി വര്‍ധിച്ചു. 1929 ല്‍ അതു 14 ലക്ഷമായും 30 ല്‍ 20.26 ലക്ഷമായും കുതിച്ചുയര്‍ന്നു. 1931 ല്‍ മുതലിന്മേലുള്ള കുടിശ്ശിക 26 ലക്ഷവും 32 ല്‍ 30 ലക്ഷവുമായി. ഇതു സഹകരണ സംഘങ്ങളിലെ മാത്രം കണക്കാണെന്നു അന്വേഷണ സമിതി പ്രത്യേകം എടുത്തുപറയുന്നു. അതായതു മൊത്തം ജനസംഖ്യയുടെ ഇരുപതു ശതമാനം മാത്രമേ കടമെടുക്കാന്‍ സഹകരണ സംഘങ്ങളെ സമീപിച്ചിരുന്നുള്ളു. ബാക്കി 80 ശതമാനം കടത്തിനായി മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരാണ്.
നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു ജനങ്ങളെ കരകയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ ഒരു പ്രമേയം തന്നെ അക്കാലത്തു പാസാക്കുകയുണ്ടായി. കടബാധ്യതക്കാര്‍ക്കെതിരായ കോടതിവിധികള്‍ നടപ്പാക്കുന്നതു നിര്‍ത്തിവെക്കണമെന്നതായിരുന്നു ആ പ്രമേയം. സഹകരണാന്വേഷണ സമിതി അധ്യക്ഷന്‍ ജി.കെ. ദേവധാര്‍ ഉദ്ഘാടനം ചെയ്ത മൂവാറ്റുപുഴ താലൂക്ക് സഹകരണ സമ്മേളനത്തില്‍ ബാര്‍ അസോസിയേഷന്റെ ഈ പ്രമേയം അംഗീകരിക്കുകയുണ്ടായി. കടബാധ്യതക്കാര്‍ക്കെതിരായ കേസുകളില്‍ ഉത്തരവിടുമ്പോള്‍ കുറച്ചൊക്കെ ദയ കാട്ടണമെന്നു അക്കാലത്തു ഹൈക്കോടതി കീഴ്‌ക്കോടതികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
കര്‍ഷകരുടെ പെരുകിവരുന്ന കടം എന്ന വലിയ പ്രശ്‌നം നേരിടാന്‍ താത്കാലിക നടപടികളൊന്നും പോരാ എന്ന അഭിപ്രായമാണു സഹകരണാന്വേഷണ സമിതി പ്രകടിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ നീളുന്ന പരിഹാര നടപടികള്‍തന്നെ വേണം അതിന്. ( തുടരും )