കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ ആവശ്യമായ സൗകര്യങ്ങൾ സഹകരണസംഘങ്ങൾക്ക് ചെയ്യാനാകും.

[mbzauthor]

കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ ആവശ്യമായ സൗകര്യങ്ങൾ സഹകരണസംഘങ്ങൾക്ക് ചെയ്യാനാകും. ഉൽപ്പാദിപ്പിക്കുന്ന ഉൽപന്നങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വഴി വിപണി ഉറപ്പാക്കാനും കർഷകർക്ക് അർഹമായ വില സ്ഥിരമായി ലഭ്യമാക്കാനും സഹകരണസംഘങ്ങൾക്ക് സാധിക്കും.കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോക്ക് ഡൗണിനുശേഷം.. ഡോക്ടർ എം. രാമനുണ്ണിയുടെ ലേഖനം-10.

ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ ന്യൂസ് ചാനലുകൾ സംപ്രേഷണം ചെയ്ത പ്രധാനപ്പെട്ട ഒരു വാർത്തയുണ്ട് . നമ്മുടെ നാട്ടിൽ ഉൽപാദിപ്പിക്കുന്ന പാൽ വാങ്ങുന്നതിന് ആവശ്യക്കാർ ഇല്ലാത്തതിനാൽ കർഷകർ പ്രതിഷേധത്തിൻറെ ഭാഗമായി പാൽ റോഡിൽ ഒഴുക്കുന്നു . സാധാരണ നിലയിൽ നാം വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ഒരു വാർത്ത പാലിനും മുട്ടക്കും എല്ലാം നമുക്ക് അയൽസംസ്ഥാനങ്ങ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു എന്നതാണ് .എന്നാൽ സമീപകാലത്തായി പാൽ ഉൽപാദനത്തിൽ നമുക്ക് സ്വയംപര്യാപ്തത നേടാൻ കഴിഞ്ഞിട്ടുണ്ട് . അധികമായി ഉത്പാദിപ്പിക്കുന്ന പാൽ തമിഴ്നാട്ടിലെ പാൽപ്പൊടി ഉണ്ടാക്കുന്ന ഫാക്ടറി കളിലേക്ക് കൊണ്ടുപോകാറാണ് പതിവ് . എന്നാൽ ലോക്ക് ഡൗൺ കാരണം വാഹനഗതാഗതം നിർത്തിവെച്ചതിനാൽ പാൽ ഉപയോഗശൂന്യമായി .

തുടർന്ന് കേരള മുഖ്യമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയും സംസാരിച്ചതിൻറെ ഭാഗമായി പാൽ ഭാഗികമായി ആയി തമിഴ്നാട് സ്വീകരിക്കാൻതുടങ്ങി . ഇത് പറയാൻ കാരണം നമ്മുടെ സംസ്ഥാനം അഭിമുഖീകരിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളെ കുറിച്ച് സൂചിപ്പിക്കാനാണ്. ഉത്പാദനം വർധിക്കുന്നതോടെ വിപണി കണ്ടെത്തുക എന്നത് അനിവാര്യമായ കാര്യമാണ് . ഒരു പക്ഷേ നാം ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ വിലയെക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ അയൽ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞേക്കും. അതുകൊണ്ടുതന്നെ വിപണി ഉറപ്പാക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട വസ്തുതയാണ് . പാലിൻറെ കാര്യത്തിലാണെങ്കിലും, പച്ചക്കറിയുടെ കാര്യത്തിൽ ആണെങ്കിലും, ആയുർവേദ സസ്യങ്ങളുടെ കാര്യത്തിലാണെങ്കിലും,ഈ വിഷയത്തെ ഗൗരവമായി സമീപിക്കേണ്ടതുണ്ട്. ഇവിടെയാണ് സഹകരണ ബാങ്കുകൾ ഫലപ്രദമായി ഇടപെടേണ്ടത്.

പാശ്ചാത്യ രാജ്യങ്ങളിലെല്ലാം പാലിനോടൊപ്പം യോഗർട്ട്, വെണ്ണ, ചീസ് എന്നീ വിഭവങ്ങൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. പാലിൽ നിന്ന് മാത്രം പതിനഞ്ചിലേറെ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് അറിയുന്നത് . നാം ഉപയോഗിക്കുന്ന പനീർ ഇത്തരത്തിൽപ്പെട്ട ഒന്നാണ്. വിവിധതരം ചീസ്, യോഗർട്ട് എന്നിവ ഉത്പാദിപ്പിക്കുക വഴി പാലിൻറെ മിച്ചം ഒഴിവാക്കാനാകും. ഇത്തരത്തിലുള്ള സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ ആരംഭിക്കാവുന്ന താണ്. സാധാരണ നിലയിൽ ഉത്പാദകർ മൂല്യ വർദ്ധനവിനായി ശ്രമിക്കാറില്ല. മൂല്യ വർദ്ധനവ് പലപ്പോഴും വ്യവസായ സംരംഭത്തിൻറെ ഭാഗമായാണ് ആരംഭിക്കാറുള്ളത്. ഇതിനു പകരമായി ഉൽപാദകർ തന്നെ മൂല്യവർധനവിന് ശ്രമിക്കുന്ന പക്ഷം അവരുടെ ഉൽപ്പന്നത്തിന് ന്യായമായ വിലയും വിപണിയും ഉറപ്പാക്കാൻ സാധിക്കും.

സ്വിറ്റ്സർലൻഡിൽ ശൈത്യം ആരംഭിക്കുന്നതോടെ പശു, എരുമ എന്നീ മൃഗങ്ങളുമായി കർഷകർ മലയുടെ മുകളിലേക്ക് യാത്രതിരിക്കും. ഇത്തരത്തിൽ കർഷകരെ യാത്രയാക്കുന്ന ചടങ്ങ് ഗ്രാമീണ ടൂറിസം ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതാണ്. മൃഗങ്ങളുമായി മലകയറുന്ന കർഷകൻ തൻറെ മൃഗങ്ങളെ തിരിച്ചറിയുന്നതിന് അവയുടെ കഴുത്തിൽ കൗ ബെൽ അണിയിക്കാറുണ്ട്. വരിയായി സഞ്ചരിക്കുന്ന മൃഗങ്ങളുടെ പുറകിലായി കർഷകരും യാത്രതിരിക്കും. ഓരോ ദിവസവും കറക്കുന്ന പാൽ കേടുകൂടാതെ സൂക്ഷിക്കുന്നതിന് അവർ അവലംബിക്കുന്നത് ചീസ് ഉണ്ടാക്കുക എന്നതാണ് . ശൈത്യകാലത്തിന് ശേഷം മലയിൽ നിന്നും മൃഗങ്ങളുമായി തിരികെ വരുന്ന കർഷകരുടെ കൈവശം വിവിധതരം ചീസ്കളും ഉണ്ടായിരിക്കും. ചുരുക്കത്തിൽ ഫാക്ടറി സംവിധാനം ഇല്ലാതെ തന്നെ കർഷകർ തങ്ങളുടെ ഉൽപന്നങ്ങളുടെ മൂല്യ വർദ്ധനവ് നടത്തുന്നു എന്നത് ഇതിലൂടെ വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ സ്വിറ്റ്സർലൻഡിൽ കൗ ബെൽ , ചീസ് , യോഗർട് എന്നിവയെല്ലാം വളരെ പ്രധാനപ്പെട്ട ആകർഷണമാണ് . ചുരുക്കത്തിൽ കർഷകർ തന്നെ മൂല്യവർധന ശ്രമിക്കുന്നതിനാൽ വിപണി കണ്ടെത്തുന്നതിനുള്ള പ്രയാസം ഒരുപരിധിവരെ ഒഴിവാക്കാനാകും.

നമ്മുടെ സംസ്ഥാനത്ത് അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുടെ നേതൃത്വത്തിലും ഇത്തരം സംരംഭങ്ങൾ ആരംഭിക്കാവുന്നതാണ്. ഇതുവഴി വിപണി കണ്ടെത്തുക എന്ന പ്രശ്നത്തിന് വലിയതോതിൽ പരിഹാരമാകും. ഇവർക്ക് ആവശ്യമായ പ്രോജക്ട് വായ്പ സഹകരണ ബാങ്കുകൾക്ക് ലഭ്യമാക്കാവുന്നതാണ്. കാർഷിക സർവകലാശാല ,ഡയറി ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് കർഷകരെയും വിദ്യാസമ്പന്നരായ ചെറുപ്പക്കാരെയും സഹായിക്കാനാകും.

ഇതുപോലെതന്നെ പച്ചക്കറികളുടെയും, പഴവർഗ്ഗങ്ങളും കാര്യത്തിൽ സഹകരണ ബാങ്കുകളുടെയും, കാർഷിക സർവകലാശാല അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങളുടെയും, സഹായത്തോടെ ഓരോ പഞ്ചായത്തിലും ഏറ്റവും ചുരുങ്ങിയത് 10 മുതൽ 20 വരെ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ ആയാൽ മൂല്യ വർദ്ധനവ് സാധ്യമാക്കാൻ കഴിയും. ഇത്തരത്തിലുള്ള കൃത്യമായ ആസൂത്രണത്തിലൂടെ മാത്രമേ നമ്മുടെ സംസ്ഥാനത്ത് പുരോഗതി കൈവരിക്കാനാകൂ. പഞ്ചായത്തിൻറെ സഹായത്തോടുകൂടി വ്യവസായ ഇൻകുബേറ്റർ സംവിധാനം ഒരുക്കുന്നതും അവിടെ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതും ഗ്രാമീണ കേരളത്തിൻറെ മുഖച്ഛായ മാറ്റാൻ സഹായകരമാകും. വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങി വരുന്ന മലയാളികൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നപക്ഷം അവരുടെ പുനരധിവാസവും സാധ്യമാകും. ചുരുക്കത്തിൽ കാർഷികമേഖലയിൽ കൃത്യമായ കർമ്മ പദ്ധതിയുടെ പിന്തുണയോടെ വേണം ഇടപെടൽ ആരംഭിക്കാൻ. അല്ലാത്തപക്ഷം ഉത്പാദകർ വിപണി കണ്ടെത്താനാകാതെ വൻതോതിൽ നഷ്ടം നേരിടേണ്ടിവരും . കൂടാതെ ഉൽപ്പന്നങ്ങൾ കേടുപാട് വന്നു പോകുന്നതിനുംകാരണമാകും.ഇവിടെയാണ് സഹകരണ ബാങ്കുകൾ ഫലപ്രദമായി പ്രവർത്തിക്കേണ്ടത്.

[mbzshare]

Leave a Reply

Your email address will not be published.