സ്വർണ്ണപ്പണയ ഉടമസ്ഥാവകാശം സംബന്ധിച്ച സഹകരണ വകുപ്പിന്റെ സർക്കുലറിന്റെ ഉദ്ദേശശുദ്ധി ചോദ്യംചെയ്യപ്പെടുന്നു.

[mbzauthor]

സഹകരണ സംഘം രജിസ്ട്രാർ സ്വർണ്ണപ്പണയ ഉടമസ്ഥാവകാശം സംബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഇറക്കിയ ഉത്തരവ് സംബന്ധിച് ആശങ്കയും സർക്കുലറിലെ അവ്യക്തതയും ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ച് നിരവധി സംശയങ്ങളും സഹകാരികൾ പങ്കുവയ്ക്കുന്നുണ്ട്. സർക്കുലർ സംശയം ജനിപ്പിക്കുന്നതാണെന്ന് സഹകാരികൾ അടക്കം പറയുന്നു.സഹകരണ മേഖലയുമായി ബന്ധപ്പെട്ട പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ഇത് ഇപ്പോൾ ചർച്ചയാണ്.

കുടിശ്ശിക ആയിട്ടുള്ള സ്വർണ്ണപ്പണയ വായ്പ ഇടപാടിലൂടെ സംഘങ്ങൾക്ക് ഭീമമായ നഷ്ടം ഉണ്ടാകുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിർദേശം എന്നാണ് സർക്കുലറിൽ പ്രധാനമായും പറയുന്നത്. കെവൈസി രേഖകൾ ഓരോ തവണയും വാങ്ങിയാൽ നഷ്ടം കുറയുമോ എന്നാണ് സഹകാരികളുടെ ചോദ്യം. സമയാസമയങ്ങളിൽ സ്വർണ്ണപ്പണയം ലേലം ചെയ്തു കൊടുക്കാത്തതാണ് ഇതിനു പ്രധാന കാരണമായി സഹകാരികൾ പറയുന്നത്. അതിനുള്ള നിർദ്ദേശമാണ് ആർ സി എസ് നൽകേണ്ടത്.

ഈ സർക്കുലർ കൊണ്ട് സഹകരണ സംഘം രജിസ്ട്രാർ എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ് ഒട്ടുമിക്കസഹകാരികളുടെയും പ്രധാന ചോദ്യം. കെവൈസി കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ആളെ തിരിച്ചറിയുക എന്നതാണ്. സ്വർണ്ണം ശുദ്ധമാണോ എന്നുള്ളത് അറിയില്ല. ഏതെങ്കിലും രീതിയിൽ സംഘങ്ങൾ വഞ്ചിക്കപ്പെട്ടാൽ സ്വർണ്ണപ്പണയ വായ്പ ക്കാരെ കണ്ടുപിടിക്കാൻ ഇത് എളുപ്പമാകും. സ്വർണ്ണം വായ്പയായി സ്വീകരിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തി പരിശോധിക്കുകയാണ് ഇതിൽ വേണ്ടതെന്ന് സഹകാരികൾ പറയുന്നു. എന്നാൽ അത്തരത്തിലൊരു നിർദ്ദേശമോ മാർഗമോ ഉപാധിയോ സർക്കുലറിൽ പറയുന്നില്ല. പിന്നെ എന്താണ് സർക്കുലർ കൊണ്ട് സഹകരണ സംഘം രജിസ്ട്രാർ ഉദ്ദേശിച്ചതെന്ന ചോദ്യമാണ് ബാക്കിയാവുന്നത്.

സ്വർണ്ണ പണയ വായ്പ യുമായി വരുന്ന പലരും അവരുടെയോ ബന്ധുമിത്രാദികളുടെയോ സുഹൃത്തുക്കളുടെയോ സ്വർണം ആയിരിക്കും വായ്പക്കായി കൊണ്ടുവരുന്നത്. കൊണ്ടുവരുന്ന ആളുടെ തിരിച്ചറിയൽ രേഖകൾ എല്ലാം തന്നെ സഹകരണസംഘം ശേഖരിക്കുന്നുണ്ട്. സമയാസമയങ്ങളിൽ ലേലം ചെയ്തു കൊടുത്താൽ നഷ്ടം വരില്ല എന്ന് സഹകാരികൾ സാക്ഷ്യപ്പെടുത്തുന്നു. അപൂർവ്വം ചില സാഹചര്യങ്ങളിൽ സ്വർണ്ണവില ഇടിഞ്ഞാൽ മാത്രമാണ് നഷ്ടം സംഭവിക്കുക. അത് അപൂർവ്വങ്ങളിൽ അപൂർവമായിരിക്കും.സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലറുമായി ബന്ധപ്പെട്ട് സഹകാരികൾ പല രീതിയിൽ വ്യാഖ്യാനങ്ങൾ നടത്തുന്നുണ്ട്.സഹകരണ വകുപ്പിലെ കുറച്ചെങ്കിലും ചില ഉദ്യോഗസ്ഥർക്ക് വ്യക്തമായ ഹിഡൻ അജണ്ട ഉണ്ടെന്നാണ് കുറച്ച് സഹകാരികളുടെ നിഗമനം.

എന്തായാലും 77/ 2020 സർക്കുലർ മറ്റ് സർക്കുലറുകളെക്കാൾ ഇതിനകം തന്നെ കൂടുതൽ ശ്രദ്ധ നേടിക്കഴിഞ്ഞു. സർക്കുലറിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടത് വരുംദിവസങ്ങളിൽ ഗുണകരമായ തീരുമാനത്തിലേക്ക് നയിക്കും എന്ന പ്രതീക്ഷയിലാണ് സഹകാരികൾ.

[mbzshare]

Leave a Reply

Your email address will not be published.