സ്ത്രീ സംരംഭങ്ങള്‍ക്ക് പ്രത്യേക ഓഫര്‍; സഹകരണ സംഘങ്ങള്‍ക്കും സാധ്യത
സംരംഭകത്വ വര്‍ഷത്തിന്റെ ഭാഗമായി സ്ത്രീ സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായ പദ്ധതിയുമായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്. സ്ഥിര മൂലധനത്തിന്റെ 15 മുതല്‍ 30 ശതമാനം വരെ സബ്‌സിഡി നല്‍കുന്നുണ്ട്. വനിത സംരംഭങ്ങള്‍ക്ക് പത്ത് ശതമാനം അധികസഹായം നല്‍കും. സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ സ്വാശ്രയ കൂട്ടായ്മകളുണ്ടാക്കി സംരംഭങ്ങളിലേക്ക് കടക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സ്ത്രീ കൂട്ടായ്മകള്‍ തുടങ്ങുന്ന സഹകരണ സംരംഭ പദ്ധതികള്‍ക്കും വാണിജ്യ ഡയറക്ടറേറ്റിന്റെ സബ്‌സിഡി പദ്ധതി സഹായകമാകും.
ഉല്‍പാദന സംരംഭങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. വിടിനോട് ചേര്‍ന്ന് തുടങ്ങുന്ന ചെറുസംരംഭങ്ങള്‍ക്കും സഹായം ലഭിക്കും. പരമാവധി 30ലക്ഷം രൂപവരെയാണ് ധനസഹായം നല്‍കുന്നത്. നാനോ ഗാര്‍ഹിക സംരംഭകര്‍ക്കുള്ള പലിശ സബ്‌സിഡി പദ്ധതിയില്‍ അഞ്ചുലക്ഷം രൂപവരെ സ്ഥിരം മൂലധന നിക്ഷേപമുള്ളതും അഞ്ചു എച്ച്.പി.വരെ വൈദ്യുതി ആവശ്യമുള്ളതുമായ യൂണിറ്റുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡപ്രകാരം വൈറ്റ്, ഗ്രീന്‍, എന്നീ വിഭാഗത്തില്‍പ്പെട്ട വീട്ടിലുള്ളതോ വീടിനോട് ചേര്‍ന്ന് നടത്തുന്ന ഉല്‍പാദക ജോബ് വര്‍ക്ക് വിഭാഗത്തിലുള്‍പ്പെടുന്ന നാനോ സംരംഭങ്ങള്‍ക്കുള്ള സ്ഥിര മൂലധന വായ്പയ്ക്ക് വാര്‍ഷിക പലിശയില്‍ സബ്‌സിഡി അനുവദിക്കും. ഇതില്‍ വനിതകള്‍ക്ക് രണ്ടുശതമാനം അധിക സബ്‌സിഡി ഉള്‍പ്പടെ എട്ടുശതമാനം വര സബ്‌സിഡിയായി നല്‍കും.
ചെറുകിട യൂണിറ്റുകള്‍ക്ക് നല്‍കുന്ന മാര്‍ജിന്‍ മണി ഗ്രാന്റ് പദ്ധതിയിലും വനിതകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. സ്ഥിര മൂലധനവും പ്രവര്‍ത്തന മൂലധനവും ഉള്‍പ്പടെ ആകെ പദ്ധതി ചെലവ് 10ലക്ഷം രൂപവരെയുള്ള പദ്ധതികള്‍ക്കാണ് സഹായം ലഭ്യമാകുന്നത്. ഈ പദ്ധതിയുടെ 30ശതമാനം ഗുണഭോക്താക്കളും സ്ത്രീകളാകണമെന്ന വ്യവസ്ഥയുണ്ട്. പദ്ധതിയിലൂടെ നല്‍കാവുന്ന പരമാവധി സഹായം ജനറല്‍ വിഭാഗത്തിന് മൂന്നുലക്ഷവും സ്ത്രീകള്‍ ഉള്‍പ്പെടുന്ന മുന്‍ഗണന വിഭാഗത്തിന് നാലു ലക്ഷവുമാണ്.
വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് വഴി നടപ്പാക്കുന്ന പി.എം.ഇ.ജി.പി.യില്‍ സ്ഥിര മൂലധനത്തിനും പ്രവര്‍ത്തന മൂധനത്തിനും 15മുതല്‍ 30 ശതമാനം വരെ നഗരഗ്രാമ കാറ്റഗറി അടിസ്ഥാനത്തില്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ഈ പദ്ധതിയില്‍ വനിതകളെ പ്രത്യേക കാറ്റഗറിയായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വനിതകള്‍ക്ക് ഗ്രാമ പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ജനറല്‍ കാറ്റഗറിയെ അപേക്ഷിച്ച് 10 ശതമാനം അധിക സബ്‌സിഡി അനുവദിക്കും.ജനറല്‍ കാറ്റഗറിയില്‍ നഗരപ്രദേശത്ത് പരമാവധി 3.75 ലക്ഷവും ഗ്രാമപ്രദേശത്ത് പരമാവധി 6.25 ലക്ഷവും പ്രത്യേക കാറ്റഗറിക്ക് പരമാവധി 8.75 ലക്ഷം രൂപയുമാണ് സബ്‌സിഡി.