സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി പണം സ്വരൂപിക്കാൻ വീണ്ടും കൺസോർഷ്യം: സഹകരണ സംഘങ്ങളിൽ നിന്നും വായ്പയായാണ് തുക സ്വരൂപിക്കുന്നത്.
ഓണത്തോടനുബന്ധിച്ച് സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിനായി പണം സ്വരൂപിക്കുന്നതിനായി പുതിയ കൺസോർഷ്യം രൂപീകരിക്കാൻ ഉത്തരവായി. സഹകരണ സംഘങ്ങളിൽ നിന്നും വായ്പയായാണ് പണം സ്വരൂപിക്കുന്നത് എന്ന് ഉത്തരവിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ സോഷ്യൽ സെക്യൂരിറ്റി പെൻഷൻ വിതരണത്തിന്റെ സുഗമമായ നടത്തിപ്പിനായി കമ്പനി നിയമപ്രകാരം കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന പേരിൽ സർക്കാർ ഒരുപുതിയ കമ്പനി ആരംഭിക്കുകയും, ഓണത്തോടനുബന്ധിച്ച് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തുന്നതിനായി പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നും തുക സമാഹരിച്ച് സർക്കാർ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിക്ക് വായ്പയായി നൽകുന്നതിന് പ്രാഥമിക സഹകരണ സംഘങ്ങളുടെ ഒരു കൺസോർഷ്യം രൂപീകരിക്കുന്നതിന് അനുമതി നൽകുകയും ചെയ്തു. ഇതുസംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങളും വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
പാലക്കാട് മണ്ണാർക്കാട് റൂറൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനെയാണ് സാമൂഹ്യ സുരക്ഷാ പെൻഷനുള്ള കൺസോർഷ്യം ഫണ്ട് മാനേജർ ആയി വീണ്ടും നിയമിച്ച് ഉത്തരവായിട്ടുള്ളത്. വായ്പയുടെ കാലാവധി മുൻവർഷത്തേതുപോലെ 14 മാസവും 9 ശതമാനം വാർഷിക പലിശയും ആയിരിക്കും.
മുൻവർഷങ്ങളിൽ കൺസോർഷ്യത്തിന് പണം നൽകിയ സഹകരണസംഘങ്ങൾ അസംതൃപ്തരാണ്. തുക തിരികെ ലഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വമാണ്
ഇതിന് കാരണമായി അവർ പറയുന്നത്. സി.പി.എം. ഭരിക്കുന്ന സഹകരണ സംഘങ്ങളാണ് കൂടുതലായും ഇതിൽ പണം നൽകിയിരിക്കുന്നത്. കൺസോർഷ്യം സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുള്ളതിനാൽ ആണ് പലരും പണം നൽകാൻ വിമുഖത കാണിക്കുന്നത്. ഇപ്പോൾ പുതിയ ഉത്തരവിൽ വായ്പയാണ് എന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ട്.