സാധാരണക്കാരൻറെ ആവശ്യങ്ങൾക്കായി പണം നൽകാൻ സഹകരണ സ്ഥാപനങ്ങൾ മുന്നോട്ടുവരണം

adminmoonam

സാധാരണക്കാരൻറെ ആവശ്യങ്ങൾക്കായി പണം നൽകാൻ സഹകരണ സ്ഥാപനങ്ങൾ മുന്നോട്ടുവരണം. എങ്കിൽ മാത്രമേ സഹകരണ പ്രസ്ഥാനത്തിന് നിലനിൽക്കാനും അതിജീവിക്കാനും സാധിക്കൂ.കേരളത്തിൻറെ അതിജീവനം സഹകരണ പ്രസ്ഥാനത്തിലൂടെ.. ഡോക്ടർ എം. രാമനുണ്ണിയുടെ ലേഖനം-23.

കൊറോണ ലോകത്തെമ്പാടും ഒട്ടും കുറവില്ലാതെ തന്നെ നിലനിൽക്കുകയാണ് . ഏതാണ്ട് സെപ്റ്റംബർ മാസം അവസാനം വരെ കൊറോണയുടെ പ്രഭാവം തുടരും എന്ന് തന്നെയാണ് ആരോഗ്യവിദഗ്ധർ അറിയിക്കുന്നത്. ഇതിനു ശാസ്ത്രീയമായ അടിത്തറയായി പറയുന്നത് മാത്തമാറ്റിക്കൽ മോഡലിംഗ് ആണ്. ഇത് എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. ചുരുക്കത്തിൽ കൊറോണയുമായി സമരസപ്പെട്ടു ജീവിക്കുക എന്നത് മാത്രമാണ് നമ്മുടെ മുൻപിലുള്ള പ്രതിവിധി. ഏതാണ്ട് 60 ദിവസത്തിലധികം നമ്മുടെ സമ്പദ് വ്യവസ്ഥ കെട്ടിക്കിടന്ന വെള്ളം പോലെ നിശ്ചലമായിരുന്നു. അതിൽനിന്നും വലിയ വളർച്ചാ സാധ്യത പ്രതീക്ഷിക്കാൻ കഴിയുകയില്ല .

ഭാഗ്യവശാൽ നമ്മുടെ സംസ്ഥാനത്ത് സാമ്പത്തിക വളർച്ചനിരക്ക് മെച്ചപ്പെട്ട് വരുന്നതായാണ് സൂചന ലഭിക്കുന്നത് .കച്ചവട സ്ഥാപനങ്ങൾ തുറന്നതിനു ശേഷം ചെറിയ ഉണർവ് പ്രകടമാണ് . ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ, ടിവി, ലാപ്ടോപ്, ടെലിഫോൺ എന്നിവയുടെ ആവശ്യം ഉടലെടുത്തു. ഇത് ഇത്തരം ബിസിനസിന് സഹായകരമായി. വിള ഇറക്കുന്ന കാലമായതിനാൽ, വിത്ത് ,വളം എന്നിവയ്ക്കും ആവശ്യക്കാർ ഉണ്ടായി. മഴക്കാലമായതിനാൽ, ബാഗ്, കുട, റെയിൻകോട്ട് എന്നിവയ്ക്കും ആവശ്യക്കാർ വർദ്ധിച്ചു. ഭക്ഷ്യവസ്തുക്കളുടെ ആവശ്യത്തിൽ യാതൊരു കുറവും ഉണ്ടായിട്ടില്ല . ആരോഗ്യമേഖലയിലെ ശുഷ്കാന്തി കൂടുതൽ സുരക്ഷാ വസ്തുക്കളുടെ ഉപയോഗത്തിനും, മരുന്നുകളുടെ ആവശ്യത്തിനും കാരണമായി. ആരാധനാലയങ്ങളും മാളുകളും തുറക്കുകയായി. വിവാഹങ്ങൾ ചെറിയതോതിലെങ്കിലും ആഘോഷങ്ങൾ ആയി മാറുന്നു .
വാഹനഗതാഗതം പുന: സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പൊതുഗതാഗത സംവിധാനം കുറഞ്ഞതിനാൽ ഏവരും സ്വന്തം വാഹനം വാങ്ങുന്നതിലും ഉപയോഗിക്കുന്നതിലും ആണ് താല്പര്യം കാണിക്കുന്നത്. ഇതെല്ലാം നമ്മുടെ വിപണിയിൽ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിൻറെ ജിഡിപി വളർച്ച മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ മുൻപിലാണ്.
ഇത് നിലനിർത്തിയേ മതിയാവൂ.

ഇതിലേക്ക് ആവശ്യമായ പണം കണ്ടെത്താൻ നമുക്ക് കഴിയണം. പൊതുമേഖലാ ബാങ്കുകളിൽ ആവശ്യത്തിലധികം പണം ലഭ്യമാണ്. ഇത് ജനങ്ങൾക്ക് ചുരുങ്ങിയ പലിശനിരക്കിൽ നൽകുന്നതിനായി റിസർവ് ബാങ്ക് SLR/ CRR/ Repo/ Reverse Repo നിരക്കുകളിൽ കുറവ് വരുത്തി . എന്നാൽ പൊതുമേഖലാ ബാങ്കുകൾ വായ്പ നൽകാൻ തയ്യാറാകാതെ, റിസർവ് ബാങ്കിൽ കേവലം 3.5% പലിശ നിരക്കിൽ 8.5 ലക്ഷം കോടി രൂപ നിക്ഷേപിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ഇതിനർത്ഥം സാധാരണക്കാരൻറെ ആവശ്യങ്ങൾക്കായി പണം നൽകാൻ സഹകരണ സ്ഥാപനങ്ങൾ മുന്നോട്ടുവരണം എന്നു തന്നെയാണ്.

ഇവിടെയാണ് കൂടുതൽ ധനസമാഹരണം നടത്തുന്നതിൻറെ ആവശ്യകത . ചെറിയ സമ്പാദ്യങ്ങൾ ശേഖരിക്കാനും അതുവഴി വലിയ തുകൾ ആയി മാറ്റാനും വേണ്ടുന്ന പദ്ധതികൾ സഹകരണ ബാങ്കുകൾ ആരംഭിക്കേണ്ടതാണ്. വിദ്യാർത്ഥികളുടെ സമ്പാദ്യം ശേഖരിക്കുന്ന Pigmy deposit, സ്ത്രീകളുടെ സമ്പാദ്യ മായ Mahila Abhivardhini എന്നു തുടങ്ങിഡെയിലി കളക്ഷൻ അടക്കം വിവിധ മാർഗങ്ങളിലൂടെ കൂടുതൽ നിക്ഷേപം കണ്ടെത്തേണ്ടതുണ്ട് . സഹകരണ സംഘങ്ങളുടെ കൈവശമുള്ള സ്വർണ്ണശേഖരം പ്രയോജനപ്പെടുത്തി ജില്ലാ ബാങ്കിൽ നിന്നും ഓവർ ഡ്രാഫ്റ്റ് വായ്പ വാങ്ങി ജനങ്ങൾക്ക് വിവിധ ഇനം വായ്പയായി എത്തിക്കാൻ ആയാൽ സംസ്ഥാന തലം മുതൽ താഴെ തലം വരെ വായ്പയും, നിക്ഷേപവും സ്വീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പ്രക്രിയ വർദ്ധിപ്പിക്കാൻ കഴിയും.

നമ്മുടെ ഓരോ പ്രദേശത്തെയും വ്യക്തികളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് Family Credit Plan ന് രൂപം നൽകേണ്ടിയിരിക്കുന്നു. കർഷകർക്ക് സാധ്യതയുള്ള പരമാവധി കാർഷികവായ്പ, ചെറുകിട കച്ചവടക്കാർക്ക് സ്വർണപ്പണയത്തിന്മേൽ വായ്പ, ഭൂമിയുടെ ഈടിൻ മേൽ അനുവദിക്കുന്ന വായ്പ, എന്നിങ്ങനെ പരസ്പര ജാമ്യ വായ്പ അടക്കം കൂടുതൽ വായ്പ അനുവദിക്കേണ്ടതായിട്ടുണ്ട്. ആവശ്യമുള്ള വ്യക്തികൾ അവരുടെ കൈവശമുള്ള സ്വർണ്ണം ബാങ്ക് ലോക്കറിൽ അതിൻറെ അടിസ്ഥാനത്തിൽ അനുവദിക്കുന്ന Over draft എന്ന രീതിയിൽ വായ്പ അനുവദിക്കുന്നത് നന്നായിരിക്കും. ഒരു വ്യക്തി തൻറെ കൈവശമുള്ള മുഴുവൻ സ്വർണവും ബാങ്കിൽ സൂക്ഷിക്കുകയും, ഇത്തരത്തിൽ സൂക്ഷിക്കുന്നതിൻറെ, കണക്ക് പരിശോധിച്ചു ഉറപ്പുവരുത്തുകയും ചെയ്താൽ, അദ്ദേഹത്തിൻറെ അത്യാവശ്യങ്ങൾക്ക് ഈ സ്വർണത്തിൻറെ ഉറപ്പിന്മേൽ വായ്പ അനുവദിക്കാവുന്നതാണ്. ഇങ്ങനെ വരുമ്പോൾ ഓരോ കച്ചവടക്കാരനും ആവശ്യമായ തുക സ്റ്റോക്ക്/ ഈട് എന്നിവയുടെ അടിസ്ഥാനത്തിൽ ഓവർ ഡ്രാഫ്റ്റ് എന്ന നിലയിൽ അനുവദിച്ചാൽ വായ്പ വിതരണം ശക്തിപ്പെടുത്താൻ ആകും. ഇത്തരത്തിൽ ഓൺലൈൻ സ്വർണ്ണ പണയ വായ്പ ആരംഭിക്കാൻ ആയാൽ കച്ചവടക്കാർക്ക് എളുപ്പത്തിൽ അവശ്യം വേണ്ടുന്ന വായ്പ ലഭിക്കും. തന്നെയുമല്ല ഓരോ ദിവസത്തെയും വിറ്റുവരവ്, Overdraft അക്കൗണ്ടിലേക്ക് വരവ് വെച്ചാൽ അവരുടെ വായ്പ ഉപയോഗം കാര്യക്ഷമമാക്കാൻ കഴിയും. ഇതുവഴി ബാങ്കിൻറെ കൈവശം എപ്പോഴും Liquid cash ലഭ്യമാവുകയും ചെയ്യും.

ഇത്തരത്തിൽ നമ്മുടെ സമൂഹത്തിലേക്ക് കൂടുതൽ പണം എത്തിക്കാൻ ആവശ്യമായ വിവിധപദ്ധതികൾ ബാങ്ക് തലത്തിൽ ആവിഷ്കരിക്കാവുന്നതാണ്. ഓരോ വീടിനും ഒരു Familiy Credit Plan തയ്യാറാക്കുകയും ,ഈ പ്ലാൻ പ്രകാരം വിവിധ ഘട്ടങ്ങളിൽ പണം അനുവദിക്കുന്നതിനായി, ലാൻഡ് ബാങ്ക്, സ്വർണശേഖരം എന്നീ നിലകളിൽ സഹകരണ ബാങ്കുകളിൽ സ്വരൂപിക്കാൻ കഴിഞ്ഞാൽ, വ്യക്തികൾക്ക് വായ്പ വിതരണം എളുപ്പത്തിൽ ആക്കുകയും ഇത്തരം ശേഖരങ്ങൾ പ്രയോജനപ്പെടുത്തി സംസ്ഥാന ബാങ്കിൽ നിന്നും , നബാർഡ്, NCDC എന്നിവിടങ്ങളിൽ നിന്നും, കൂടുതൽ പണം അതാതു പ്രദേശങ്ങളിലേക്ക് എത്തിക്കാനും കഴിയുന്നതാണ്. മുൻകാലങ്ങളിൽ സ്വീകരിച്ച ചട്ടപ്പടി നടപടികൾക്ക് പകരമായി, പുതിയ രീതിയിൽ കാര്യങ്ങളെ കാണാനും, ചിട്ടപ്പെടുത്താനും സഹകരണ സ്ഥാപനങ്ങൾ തയ്യാറാകേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ കേരളത്തിൻറെ വികസന പ്രവർത്തനത്തിൽ സഹകരണ സ്ഥാപനങ്ങൾക്ക് ഗണ്യമായ പങ്ക് വഹിക്കാനാകും.
ഡോ. എം. രാമനുണ്ണി 9388555988.

Leave a Reply

Your email address will not be published. Required fields are marked *

Latest News