സഹകരണ സംഘങ്ങളില്‍നിന്ന് ഫണ്ട് ശേഖരിക്കാന്‍ സര്‍ക്കാരിന്റെ ‘കണ്‍സോര്‍ഷ്യം ലെന്‍ഡിങ് സ്‌കീം’

moonamvazhi

സര്‍ക്കാരിന്റെയും മറ്റ് ഏജന്‍സികളുടെയും വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ സഹകരണ സംഘങ്ങളിലേക്ക് ഇറങ്ങുന്നു. സഹകരണ നിയമം അനുസരിച്ച് സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് ഫണ്ട് ശേഖരിക്കാന്‍ സര്‍ക്കാരിന് കഴിയും. ഇതിനായി ‘കണ്‍സോര്‍ഷ്യം ലെന്‍ഡിങ് സ്‌കീം’ തയ്യാറാക്കണം. സഹകരണ നിയമത്തിലെ വകുപ്പ് 57-സി പ്രകാരം ഇത് ഗസറ്റ് വിജ്ഞാപനമാക്കി ഇറക്കിയാല്‍ ഫണ്ട് ശേഖരണത്തിന് തടസ്സമുണ്ടാകില്ല.

പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ 40 ശതമാനത്തോളം ഉപയോഗിക്കപ്പെടാതെ കിടക്കുകയാണെന്നാണ് സഹകരണ വകുപ്പിന്റെ കണക്ക്. ഈ പണം സര്‍ക്കാര്‍ തയ്യാറാക്കുന്ന പദ്ധതി അനുസരിച്ച് ഉപയോഗിക്കാനാണ് ആലോചിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെയും വികസന അതോറിറ്റികളുടെയും അതുപോലുള്ള സ്ഥാപനങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനായി വായ്പകള്‍ നല്‍കേണ്ട ആവശ്യത്തിലേക്ക് കണ്‍സോര്‍ഷ്യം ലെന്‍ഡിങ് സ്‌കീം എന്ന പേരില്‍ ഒരു പദ്ധതി തയ്യാറാക്കാമെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരട്ടുള്ളത്. ഇതനുസരിച്ച് വിശദമായ സ്‌കീം തയ്യാറാക്കാനുള്ള നടപടി സഹകരണ വകുപ്പ് തുടങ്ങി. ഈ പദ്ധതിയില്‍ നിര്‍ദ്ദേശിക്കപ്പെടാവുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും സംഘങ്ങളില്‍നിന്ന് പണം സ്വീകരിക്കുക.

സഹകരണ സംഘങ്ങളിലൂടെ സംരംഭങ്ങള്‍ തുടങ്ങാനുള്ള പദ്ധതിക്കും സഹകരണ വകുപ്പ് രൂപം നല്‍കുന്നുണ്ട്. 2022 സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സഹകരണ വകുപ്പും തദ്ദേശവകുപ്പും മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് ഒരുലക്ഷം എം.എസ്.എം.ഇ. യൂണിറ്റുകള്‍ തുടങ്ങാണ് തീരുമാനം. സംരഭക പദ്ധതികള്‍ക്ക് കേരള സംസ്ഥാന സഹകരണ ബാങ്ക് മുഖേനയും പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ വഴിയും വായ്പകള്‍ നല്‍കുന്നപദ്ധതിയാണ് പരിഗണനയിലുള്ളത്.

സഹകരണ സംഘങ്ങളുടെ ധനം ഉപയോഗിച്ച് സമൂഹത്തിന്റെ വിവിധങ്ങളായ മേഖലകളില്‍ വികസനത്തിനും തൊഴില്‍ അവസങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹകരണ വകുപ്പ് പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. സഹകരണ നിയമത്തിലെ 64 സി, 14 എ.എ., 14 ബി എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം പദ്ധതികള്‍ തയ്യാറാക്കുന്നതിനും പദ്ധതികള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനുമായി നിയമത്തില്‍ ഭേദഗതികള്‍ വരുത്തും. ഇത് കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാങ്കേതിക വിദ്യാധിഷ്ഠിതമായ കൃഷിയില്‍ സഹകരണ മേഖലയുടെ നൂതന പദ്ധതി- ബജറ്റില്‍ പ്രഖ്യാപിച്ച വാര്‍ഷിക പദ്ധതിയാണ്. ഏഴ് ഉപപദ്ധതികളാണ് ഇതിലുള്ളത്. ഇത് നടപ്പാക്കുന്നതിനായി 2250 ലക്ഷം രൂപയാണ് ബജറ്റില്‍ സഹകരണ വകുപ്പിന് നീക്കിവെച്ചിട്ടുള്ളത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ 14 ജില്ലകളിലും ഘട്ടഘട്ടമായി പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 2022-23 വര്‍ഷത്തില്‍ ഏഴ് ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 15 സംഘങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവയില്‍നിന്ന് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പ്രൊജക്ട് തയ്യാറാക്കാന്‍ സഹകരണ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News