സഹകരണ വകുപ്പിന്റെ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ്; നിരീക്ഷിക്കാന്‍ നോഡല്‍ ഓഫീസര്‍

[mbzauthor]

സഹകരണ വകുപ്പിന് കീഴിലെ എല്ലാ ഓഫീസുകളിലും സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കുന്നതിന് പ്രത്യേകം നോഡല്‍ ഓഫീസറെ നിയോഗിച്ചു. സഹകരണ വകുപ്പ് ജോയിന്റെ സെക്രട്ടറി പി.കെ.ഗോപകുമാറിനെയാണ് നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുള്ളത്. ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്പാര്‍ക്ക് ബന്ധിത ബയോ മെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കുന്നതില്‍ വകുപ്പ് മേധാവികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍-സ്വയംഭരണ സ്ഥാപനങ്ങള്‍ ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

വകുപ്പ് സെക്രട്ടറിമാരുമായുള്ള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തില്‍ പഞ്ചിങ് നടപ്പാക്കുന്നതില്‍ പുരോഗതി വിലയിരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനാണ് ഓരോ വകുപ്പിലെയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഒരു അഡീഷ്ണല്‍ സെക്രട്ടറിയോ ജോയിന്റ് സെക്രട്ടറിയോ ആയിരിക്കണം നോഡല്‍ ഓഫീസര്‍ എന്നും നിര്‍ദ്ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ വകുപ്പ് ജോയിന്റെ സെക്രട്ടറി പി.കെ.ഗോപകുമാറിനെ നോഡല്‍ ഓഫീസറാക്കിയത്.

ഓരോ വകുപ്പിന് കീഴിലെയും ഓഫീസിലെ ബയോമെട്രിക് പഞ്ചിങ് വിശദാംശങ്ങള്‍ പൊതുഭരണ വകുപ്പിന് ലഭ്യമാക്കേണ്ടതുണ്ട്. ഈ ചുമതലയും നോഡല്‍ ഓഫീസര്‍ക്കായിരിക്കും. കളക്ട്രേറ്റുകളിലും ഡയറക്ടറേറ്റുകളിലും വകുപ്പുമേധാവികളുടെ ഓഫീസിലും 2023 ജനുവരി ആദ്യം ബയോമെട്രിക് പഞ്ചിങ് സംവിധാന നടപ്പാക്കി ഹാജര്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കണം. മറ്റ് എല്ലാ ഓഫീസുകളിലും മാര്‍ച്ച് 31ന് മുമ്പ് ഈ സംവിധാനം നടപ്പാക്കണമെന്നാണ് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

[mbzshare]

Leave a Reply

Your email address will not be published.