സഹകരണ മേഖല കേന്ദ്ര സർക്കാരിന്റെ കൈപിടിയിലേക്ക്..
സഹകരണ മേഖലയുടെ ജനകീയ സ്വഭാവം നഷ്ടപ്പെടുകയും അത് കൂടുതൽ കൂടുതൽ കേന്ദ്രീകൃതം ആകുകയും അതിനുമുകളിൽ റിസർവ് ബാങ്കിന്റെ നിയന്ത്രണം വരുന്നതോടുകൂടി സഹകരണമേഖലയ്ക്ക് ഇന്ന് ചെയ്യാൻ പറ്റുന്ന പല പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് വരുമെന്നതാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ പുതിയ ബില്ല് വരുംനാളുകളിൽ ഉണ്ടാക്കാൻ പോകുന്ന ചലനങ്ങൾ എന്ന് പ്രമുഖ സഹകരണ വിചക്ഷണനും സഹകരണ രംഗത്തെ പരിശീലകനും കൺസ്യൂമർ ഫെഡ് മുൻ മാനേജിങ് ഡയറക്ടറും മുൻ തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജറുമായ എം. രാമനുണ്ണി വിലയിരുത്തുന്നു.
സഹകരണ ബാങ്കുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ സാഹചര്യത്തിൽ മൂന്നാം വഴി ഓൺലൈനുമായി രാമനുണ്ണി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ആശയങ്ങളും ആശങ്കകളും കേന്ദ്രസർക്കാർ നിലപാടുകളും താഴെ..
കേന്ദ്രസർക്കാർ തുടർന്നുവരുന്ന കോർപ്പറേറ്റ് രീതിയുടെ തുടർച്ചയാണ് സഹകരണ മേഖലയിലേക്ക് ഇപ്പോൾ കൊണ്ടുവരുന്നതെന്ന് രാമനുണ്ണി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പുതിയ നയം അനുസരിച്ച് വലിയ സ്ഥാപനങ്ങൾ മാത്രം മതി. ചെറിയവ വേണ്ട. പ്രവർത്തനക്ഷമമല്ലെന്ന് റിസർവ് ബാങ്കിന് തോന്നിയാൽ നല്ല രീതിയിൽ നടക്കുന്ന മറ്റു സ്ഥാപനങ്ങളുമായി ലയിപ്പിക്കാമെന്നതാണ് കേന്ദ്രസർക്കാർ നിർദ്ദേശം. മികച്ച രീതിയിൽ ഡെപ്പോസിറ്റും വായ്പയും ഉള്ള സഹകരണ സ്ഥാപനങ്ങൾക്ക് സ്മാൾ ഫിനാൻസ് ബാങ്ക് ആയി മാറാം. അതിനായി ഒരു പ്രത്യേക വിഭാഗം തന്നെ കേന്ദ്രസർക്കാർ തുറക്കുകയാണ്.
മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട്ന്റെ പരിധിയിലുള്ള സ്ഥാപനങ്ങളെയും അർബൻ ബാങ്കുകളെയും പരിപൂർണ്ണമായി റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടു വരികയാണ് പുതിയ ബില്ല് ലക്ഷ്യമിടുന്നത്. വൈകാതെ “സഹകരണം” എന്നുള്ള കാറ്റഗറിയിൽ വരുന്ന മുഴുവൻ രംഗത്തേക്കും റിസർവ് ബാങ്കിന്റെ നിയന്ത്രണം വരുമെന്ന് രാമനുണ്ണി പറഞ്ഞു. പ്രാഥമിക അഗ്രികൾച്ചറൽ ക്രെഡിറ്റ് സംഘങ്ങൾ ഇപ്പോൾ ബാങ്ക് അല്ലാത്തതുകൊണ്ട് റിസർവ് ബാങ്കിന്റെ പരിധിയിൽ വരുന്നില്ല. അതുകൊണ്ട് തൽക്കാലം ബാധകമല്ല. നാളെകളിൽ ബാങ്കിംഗ് റഗുലേഷൻ ആക്ട് ലെ ഭേദഗതിയും സഹകരണ നിയമത്തിലെ ഭേദഗതിയും മുഴുവൻ സഹകരണ സംഘങ്ങളെയും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഏതു സ്ഥാപനവും, ധനകാര്യ പ്രവർത്തനത്തിൽ ഏർപ്പെടുന്നു എങ്കിൽ അവരെല്ലാം ആർബിഐയുടെ നിയന്ത്രണത്തിൽ വരും.
സഹകരണം എന്നത് വൈകാതെ സംസ്ഥാന വിഷയം അല്ലാതാകും. കേന്ദ്ര സർക്കാരിന്റെ പരിധിയിൽ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ധനകാര്യ പ്രവർത്തനങ്ങൾ നടത്തുന്ന മുഴുവൻ സഹകരണ സ്ഥാപനങ്ങളെയും കേന്ദ്ര സർക്കാരിന്റെ കീഴിലാക്കും. വരാൻ പോകുന്ന സഹകരണ നിയമഭേദഗതി ബില്ലിലൂടെ ഇത് കൊണ്ടുവരും. ബി.ആർ ആക്റ്റിന്റെയും സഹകരണ നിയമത്തിന്റെയും ഭേദഗതികളിൽ ഇതെല്ലാമാണ് വരുകയെന്നു അദ്ദേഹം പറഞ്ഞു. സഹകരണം എന്നത് ധനമന്ത്രാലയത്തിന് കീഴിൽ വരികയും ചെയ്യും.
സഹകരണ മേഖലയിൽ സാങ്കേതിക വൽക്കരണം കൊണ്ടുവരികയും ചെറിയ സ്ഥാപനങ്ങൾക്ക് സാങ്കേതിക വൽക്കരണത്തിന്റെ അപ്ഗ്രഡേഷൻ സാമ്പത്തിക ചിലവ് താങ്ങാൻ സാധിക്കാതെ വരുമെന്നതിനാൽ വലിയ സ്ഥാപനങ്ങൾ മാത്രം മതി എന്ന നിലപാടിലേക്കും ചെറിയ സ്ഥാപനങ്ങളെ വലിയ സ്ഥാപനങ്ങളിലേക്ക് ലയിപ്പിക്കുന്ന നടപടിയിലേക്ക് ഈ മേഖല മാറുകയും ചെയ്യും. സഹകരണ മേഖലയിലെ ജീവനക്കാരും ഭരണസമിതിയും ജനങ്ങളോട് ആഭിമുഖ്യമുള്ളവരായതിനാൽ അത് ഒഴിവാക്കി കൊണ്ട് റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പ്രവർത്തനത്തിന് കീഴിൽ സഹകരണ ബാങ്കുകളെ മാറ്റും. നിലവിലുള്ള ഭരണ സമിതികളുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ റിസർവ് ബാങ്കിന് ഭരണസമിതിയെ പിരിച്ചുവിടാം എന്നതും ബില്ലിൽ പറയുന്നുണ്ട്. ധനകാര്യസ്ഥാപനങ്ങൾ ആയ സഹകരണബാങ്കുകളിൽ എല്ലാം തന്നെ ബോർഡ് ഓഫ് മാനേജ്മെന്റ് ആയിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
ചുരുക്കത്തിൽ, വികേന്ദ്രീകൃതമായി സംസ്ഥാന സർക്കാരുകളുടെ കീഴിൽ പോയിരുന്ന സഹകരണമേഖലയെ തച്ചുടച്ചു വാർക്കുകയും പ്രാദേശികമായ സാധ്യതകൾക്ക് അനുസരിച്ച് പ്രവർത്തിച്ചിരുന്ന സഹകരണ സ്ഥാപനങ്ങളെ മുഴുവൻ വൈകാതെ കേന്ദ്ര സർക്കാരിന്റെ കീഴിലേക്ക് കൊണ്ടുവരുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. മറ്റു മേഖലകൾ എന്നതുപോലെതന്നെ സംസ്ഥാന സർക്കാരിന്റെ കീഴിൽ നിന്നും സഹകരണ മേഖല കേന്ദ്ര സർക്കാരിന്റെ കീഴിലേക്ക് വൈകാതെ വരും. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങളാണ് 22% ടാക്സ് എന്ന ഫോർമുല യിലൂടെ ബജറ്റിൽ കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.