സഹകരണ മേഖലയെ തകര്‍ക്കാനുളള ആസൂത്രിത ശ്രമത്തിനെതിരെ സഹകാരികളുടെ പ്രതിഷേധ സംഗമം ഒക്ടോബര്‍ 5ന് 

moonamvazhi

സഹകരണ മേഖലയെ തകര്‍ക്കാനുളള ആസൂത്രിത ശ്രമത്തിനെതിരെ സഹകാരികളുടെ പ്രതിഷേധ സംഗമം ഒക്ടോബര്‍ 5ന് കോഴിക്കോട്ട് നടക്കും.

സഹകരണ മേഖലയുടെ വിശ്വാസ്യത ഇല്ലാതാക്കി ഈ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആസൂത്രിത ശ്രമം നടത്തുന്നുവെന്ന് സഹകരണ സംരക്ഷണ സമിതി ആരോപിച്ചു. സംസ്ഥാനത്തെ സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചാരണം വാസ്തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണ്. കേരളത്തിലെ സഹകരണ മേഖലയെ ഇത്തരം കുപ്രചാരണങ്ങളിലൂടെ തകര്‍ത്ത് ഈ മേഖലയിലുള്ള അഞ്ചു ലക്ഷം കോടിയുടെ നിക്ഷേപം സ്വകാര്യ ബാങ്കുകളിലും മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളിലും എത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

 

ഇതിനെ ജയകീയ പ്രതിരോധത്തിലൂടെ ചെറുത്തു തോത്പ്പിക്കാന്‍ സഹകാരികളുടെ പ്രതിഷേധ കൂട്ടായ്മ ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് 2.30ന് നളന്ദ ഓഡിറ്റോറിയത്തില്‍ ചേരും ജില്ലയിലെ സഹകാരികളുടെ പ്രതിഷേധ കൂട്ടായ്മ സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. കക്ഷി രാഷ്ട്രീയത്തിനതീതമായി ജില്ലയിലെ മുഴുവന്‍ സഹകാരികളും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ – ക്രമവിരുദ്ധ നടപടികള്‍ക്കെതിരെയുള്ള ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്ക് രൂപം നല്‍കുമെന്നും സഹകരണ മേഖലയില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ചില്ലിക്കാശുപോലും നഷ്ടപ്പെടാതെ സംരക്ഷിക്കുമെന്നും സഹകരണ സംരക്ഷണ സമിതി കണ്‍വീനര്‍ എം.മെഹബൂബ്, ചെയര്‍മാന്‍ അഡ്വ. ജി,സി പ്രശാന്ത് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

1630 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളും 58 അര്‍ബന്‍ സഹകരണ സംഘങ്ങളുമുള്‍പ്പെടെ 1688 വായ്പാ സംഘങ്ങള്‍ കേരളത്തിലുണ്ട്. കൂടാതെ ഇരുപതിനായിരത്തിലധികം വായ്‌പേതര സഹകരണ സംഘങ്ങളും കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇവയില്‍ വിരലിലെണ്ണാവുന്നതില്‍ നടന്ന ക്രമക്കേടുകള്‍ പര്‍വ്വതീകരിച്ച് കാണിച്ച് സഹകരണ മേഖലയാകെ കുഴപ്പത്തിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തിലെ ജനജീവിതവുമായി ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഡാലോചനയുടെ ഭാഗമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ നടത്തുന്ന പരിശോധനാ നാടകങ്ങള്‍.

കേരളത്തിലെ സഹകരണ മേഖലയില്‍ രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപവും രണ്ടരലക്ഷം കോടി വായ്പയുമുള്‍പ്പെടെ അഞ്ച് ലക്ഷം കോടിയുടെ ഇടപാടുകള്‍ നടന്നു വരുന്നു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സഹകരണ മേഖലയുടെ വിശ്വാസ്യതയും നിലനില്‍പ്പും ഉറപ്പാക്കാന്‍ ശക്തമായ നിയമമുള്ള സംസ്ഥാനം കേരളമാണ്. വാണിജ്യ ബാങ്കുകളുമായി മത്സരിക്കാന്‍ കഴിയുന്ന വിധത്തില്‍ കേരളത്തിലെ സഹകരണ മേഖല വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ജനനം മുതല്‍ മരണം വരെയുള്ള ഏതാവശ്യങ്ങള്‍ക്കും ഏറ്റവും എളുപ്പത്തില്‍ വായ്പ നല്‍കി വരുന്നതും സഹകരണ സ്ഥാപനങ്ങളാണ്. സഹകരണ സ്ഥാപനങ്ങളുടെ തകര്‍ച്ച കേരളത്തിലെ ജീവനാഡിയെയും തളര്‍ത്തുമെന്ന് മെഹബൂബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News