സഹകരണ മേഖലയുടെ പ്രശസ്തി ആഗോളതലത്തിലെത്തിച്ചു: മന്ത്രി റിയാസ്
കേരളത്തിന്റെ സമസ്തമേഖലകളിലും ജനങ്ങളുടെ ആശ്രയമായ സഹകരണമേഖലയുടെ പ്രശസ്തി ആഗോളതലത്തില്‍ എത്തിച്ച പ്രസ്ഥാനമാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരുവര്‍ഷം നീളുന്ന ശതാബ്ദി ആഘോഷത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ സംഘം എന്ന നിലയില്‍ പ്രവൃത്തികള്‍ സമയബന്ധിതമായും ഗുണമേന്മയോടെയും പൂര്‍ത്തിയാക്കാന്‍ കഴിയുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വടകര മടപ്പള്ളി ജി.വി.എച്ച്.എസ്.എസി.ല്‍ ചേര്‍ന്ന യോഗത്തില്‍ കെ.കെ.രമ എംഎല്‍എ അധ്യക്ഷയായി. മുന്‍ മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, സി കെ നാണു, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി. മന്ത്രി പി എ മുഹമ്മദ് റിയാസ് ചെയര്‍മാനും ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി ജനറല്‍ കണ്‍വീനറുമായി 1001 അംഗ സമിതിയാണ് രൂപീകരിച്ചത്.
എംഎല്‍എമാരായ കെ.കെ. രമ, കെ പി കുഞ്ഞമ്മദ് കുട്ടി, ഇ കെ വിജയന്‍, കാനത്തില്‍ ജമീല, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി എന്നിവരാണ് വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍. സൊസൈറ്റി വൈസ് ചെയര്‍മാന്‍ വി കെ അനന്തന്‍, എംഡിഎസ് ഷാജു എന്നിവര്‍ കണ്‍വീനര്‍മാരാണ്.
എംഎല്‍എമാരായ കെ പി കുഞ്ഞമ്മത് കുട്ടി, ഇ കെ വിജയന്‍, കാനത്തില്‍ ജമീല, പിടിഎ റഹീം, ലിന്റോ ജോസഫ്, വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, എംഡിഎസ് ഷാജു തുടങ്ങിയവര്‍ സംസാരിച്ചു. രമേശന്‍ പാലേരി സ്വാഗതവും വി കെ അനന്തന്‍ നന്ദിയും പറഞ്ഞു. ‘വാഗ്ഭടാനന്ദഗുരുദേവന്‍ – നവോത്ഥാനത്തിന്റെ അരുണോദയകാഹളം’ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.