സഹകരണ ബാങ്കുകളുടെ പലിശയും ഇനി കേരള ബാങ്ക് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍
സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും നിക്ഷേപത്തിന്റെ പലിശനിരക്ക് നിശ്ചയിക്കുന്ന സമിതിയില്‍ കേരള ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്‍തൂക്കം. ഇതിനനുസരിച്ച് പലിശ നിര്‍ണയ സമിതി പുനസ്സംഘടിപ്പിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ കണ്‍വീനറായ ആറംഗ സമിതിയാണ് പലിശ നിശ്ചയിക്കാനുള്ള ശുപാര്‍ശ സമര്‍പ്പിക്കാനായി രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടര്‍, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ എന്നിവരാണ് കേരള ബാങ്കിന്റെ പ്രതിനിധികളായി സമിതിയിലുള്ളത്. ഇതിന് പുറമെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും സമിതിയിലുണ്ട്.
വായ്പാ സഹകരണ സംഘങ്ങളുടെ ചുമതലയുള്ള സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ അഡീഷണല്‍ രജിസ്ട്രാര്‍, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍, ജില്ലാ സഹകരണ ബാങ്കുകളിലെ ജനറല്‍ മാനേജരുടെയും പ്രസിഡന്റുമാരുടെയും പ്രതിനിധികള്‍ എന്നിവരും നേരത്തെ സമിതിയിലുണ്ടായിരുന്നു. ഇവരൊന്നും പുതിയ സമിതിയില്‍ അംഗമല്ല. ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ചതിനാലാണ് അവരുടെ പ്രാതിനിധ്യം ഒഴിവായത്. മലപ്പുറം ജില്ലാ ബാങ്കിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടുമില്ല.
പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നല്‍കുന്നതിന് നേരത്തെ കേരള ബാങ്ക് എതിരായിരുന്നു. പ്രാഥമിക ബാങ്കുകള്‍ അവരുടെ അംഗങ്ങള്‍ക്ക് നല്‍കുന്ന പലിശയേക്കാള്‍ ഉയര്‍ന്ന നിരക്ക് പ്രാഥമിക ബാങ്കുകളുടെ നിക്ഷേപത്തിന് കേരള ബാങ്ക് നല്‍കേണ്ടിവരുന്നുവെന്നതാണ് കാരണം. കേരള ബാങ്കിന്റെ ഭരണസമിതിയംഗങ്ങളില്‍ ഭൂരിഭാഗവും പ്രാഥമിക ബാങ്കുകളുടെ പ്രതിനിധികളാണ്. അതുകൊണ്ടുതന്നെ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം പെട്ടെന്ന് എടുക്കാന്‍ കേരള ബാങ്കിന് കഴിയാറില്ല.
നേരത്തെ, പ്രാഥമിക ബാങ്കുകളുടെ നിക്ഷേപത്തിന് പലിശ കുറയ്ക്കുന്ന കാര്യം കേരള ബാങ്കിന്റെ ഭരണസമിതി യോഗത്തില്‍ അജണ്ടയായി വന്നിരുന്നു. അതിനെ ഭരണസമിതി അംഗങ്ങള്‍ എതിര്‍ത്തതിന്റെ അടിസ്ഥാനത്തില്‍ നടന്നില്ല. പിന്നീട് പ്രാഥമിക സഹകരണ ബാങ്കുകള്‍ വാങ്ങുന്ന നിക്ഷേപത്തിന് മൊത്തത്തില്‍ പലിശനിരക്ക് കുറച്ച് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിറക്കുകയാണ് ചെയ്തത്. കേരള ബാങ്കിന്റെ ആവശ്യം കണക്കിലെടുത്താണ് രജിസ്ട്രാര്‍ പലിശ നിരക്ക് കുറച്ചത് എന്ന ആക്ഷേപം സഹകാരികള്‍ ഉയര്‍ത്തിയിരുന്നു.
പുതിയ പലിശ നിര്‍ണയസമിതിയില്‍ കേരള ബാങ്കിന്റെ തീരുമാനത്തിനായിരിക്കും പ്രാധാന്യം. ആറ് അംഗങ്ങളില്‍ മൂന്നുപേരും കേരള ബാങ്കിന്റെ പ്രതിനിധികളാണ്. അവരുടെ നിര്‍ദ്ദേശത്തെ മറികടന്നുള്ള തീരുമാനം സഹകരണ സംഘം രജിസ്ട്രാര്‍ക്കെടുക്കാനും പ്രയാസമാകും. പാക്സ് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാതെ മാര്‍ഗമുണ്ടാവില്ല.
സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്കും നല്‍കുന്ന വായ്പകള്‍ക്കും പലിശ നിരക്ക് നിശ്ചയിക്കുന്നതിനുള്ള ശുപാര്‍ശ സമര്‍പ്പിക്കുകയാണ് ഈ സമിതിയുടെ ചുമതല. ഈ ശുപാര്‍ശകള്‍ സെന്‍ട്രല്‍ ബാങ്ക് കോണ്‍ഫറന്‍സിന്റെ അംഗീകാരത്തിന് വിധേയമായിട്ടാണ് നടപ്പാക്കുക.