സഹകരണ ബാങ്കുകളില്‍ മീനും കിട്ടും

moonamvazhi
അനില്‍ വള്ളിക്കാട്

(2021 മാര്‍ച്ച് ലക്കം)

മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ടുകള്‍ കേരളത്തിലെ 60 സഹകരണ ബാങ്കുകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. മൂന്നു മാസത്തിനകം 140 നിയോജക മണ്ഡലങ്ങളിലും മീന്‍കടകള്‍ തുറക്കും.

മത്സ്യരംഗത്തെയും സാമ്പത്തിക മേഖലയിലെയും സഹകരണ പ്രസ്ഥാനങ്ങള്‍ ഒന്നിച്ചുകൊണ്ട് നാട്ടിന്‍പുറങ്ങളില്‍ ഗുണമേ•യുള്ള മീന്‍ ലഭ്യമാക്കുന്നു. സംസ്ഥാന മത്സ്യ വികസന സഹകരണ ഫെഡറേഷന്റെ ( മത്സ്യഫെഡ് ) ഫിഷ് മാര്‍ട്ടുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹകരണ ബാങ്കുകളില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 140 നിയോജക മണ്ഡലങ്ങളില്‍ ഒരു കട വീതം എന്ന കണക്കിലാണു ആദ്യഘട്ടത്തില്‍ മത്സ്യത്തിന്റെ വിപണന ശ്രുംഖല സൃഷ്ടിക്കുന്നത്. ഇതിനകം അറുപതോളം കടകള്‍ തുടങ്ങിക്കഴിഞ്ഞു. മെയ്, ജൂണ്‍ മാസത്തോടെ മുഴുവന്‍ മണ്ഡലങ്ങളിലും മീന്‍കടകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

സഹകരണ ബാങ്കുകളെ ഫ്രാഞ്ചയ്‌സികള്‍ ആക്കിക്കൊണ്ടാണു ഫിഷ് മാര്‍ട്ടുകള്‍ തുടങ്ങിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലായി നാല്‍പ്പതോളം സഹകരണ ബാങ്കുകളില്‍ ഇതു നേരത്തെ തുടങ്ങി. ഈ ജില്ലകളില്‍ നാല്‍പ്പതിലേറെ ഫിഷ്മാര്‍ട്ടുകള്‍ മത്സ്യഫെഡ് നേരിട്ടു നടത്തുന്നതിനു പുറമെയാണിത്. പാലക്കാട് ജില്ലയില്‍ ഒമ്പതു നിയോജക മണ്ഡലങ്ങളില്‍ സഹകരണ ബാങ്കുകളുടെ ഫിഷ് മാര്‍ട്ടുകള്‍ ഫെബ്രുവരിയില്‍ തുടങ്ങി. അവശേഷിച്ച ഒമ്പതു മണ്ഡലങ്ങളില്‍ സഹകരണ ബാങ്കുകള്‍ സന്നദ്ധരായിട്ടുണ്ട്. കടകളുടെ പ്രവര്‍ത്തനം അധികം താമസിയാതെ തുടങ്ങും.

എറണാകുളത്തും കോട്ടയത്തും തുടക്കം

എറണാകുളത്തും കോട്ടയത്തുമാണ് ആദ്യം ഫിഷ് മാര്‍ട്ടുകള്‍ ആരംഭിച്ചത്. ഇതു വിജയിച്ചതോടെയാണു മറ്റു ജില്ലകളിലേക്കും വിപണി വിപുലീകരിക്കാന്‍ തീരുമാനിച്ചത്. 200 ഹൈടെക് ഫിഷ് മാര്‍ട്ടുകള്‍ കേരളത്തില്‍ തുടങ്ങാനായി 2014-15 ലെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപ നീക്കിവെച്ചിരുന്നു. എല്ലാ ജില്ലകളും ഒരു ബേസ് സ്റ്റേഷന്‍ ( വെയര്‍ ഹൗസ് ) ഉണ്ടാകും. ഇവര്‍ക്കായിരിക്കും മത്സ്യ സംഭരണ – വിതരണച്ചുമതല. ആയിരത്തോളം വനിതകള്‍ക്കു ഇതിലൂടെ പുതുതായി ജോലി കിട്ടുമെന്നും പദ്ധതി വിഭാവനം ചെയ്തിരുന്നു. ഈ പദ്ധതിയുടെ തുടര്‍ച്ചയായാണു സംസ്ഥാനത്തെ സഹകരണ സംഘങ്ങളുമായി ചേര്‍ന്നുകൊണ്ട് ശുദ്ധമായ മത്സ്യം കൂടുതല്‍ ഇടങ്ങളില്‍ എത്തിക്കാനുള്ള ശ്രമം മത്സ്യഫെഡ് ഇപ്പോള്‍ ഊര്‍ജിതമായി നടത്തുന്നത്.

സഹകരണ സംഘങ്ങളാണു തുടങ്ങുന്നതെങ്കിലും മീന്‍കടകള്‍ക്കു മത്സ്യഫെഡ് രൂപകല്‍പ്പന ചെയ്ത ഏകീകൃത സ്വഭാവം കാഴ്ചയിലും പ്രവര്‍ത്തനത്തിലുമുണ്ടാകും. മീന്‍പിടിത്ത തുറമുഖങ്ങളില്‍ നിന്നു മീന്‍ മത്സ്യഫെഡ് നേരിട്ടു ജില്ലകളിലെ ബേസ് സ്റ്റേഷനുകളിലേക്കും അവിടെനിന്നു ഫിഷ് മാര്‍ട്ടുകളിലേക്കും എത്തിക്കും. ശീതീകരണ സംവിധാനത്തോടെയുള്ള വലിയ പെട്ടികള്‍ മത്സ്യഫെഡ് കടകള്‍ക്കു നല്‍കും. നേരത്തെ നല്‍കുന്ന ഓര്‍ഡര്‍ അനുസരിച്ചായിരിക്കും കടകള്‍ക്കു മീന്‍ വിതരണം. വില്‍ക്കുന്നതിന്റെ പത്തു ശതമാനത്തില്‍ കൂടുതല്‍ സ്റ്റോക്ക് ചെയ്യരുതെന്നു നിര്‍ദേശമുണ്ട്. ഫ്രഷ് മീന്‍ നാട്ടുകാര്‍ക്കു നല്‍കുന്നതിനുവേണ്ടിയാണിത്. ഒരു കടയില്‍ 100 കി. ഗ്രാമെങ്കിലും പ്രതിദിനം വില്‍പ്പന നടക്കുമെന്ന കണക്കുകൂട്ടലിലാണു മത്സ്യഫെഡ്.

മീന്‍ സംഭരണം ലേലം വഴി

മത്സ്യത്തൊഴിലാളികളുടെ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി കടപ്പുറത്തു നടക്കുന്ന ലേലത്തിലൂടെയാണു് മത്സ്യഫെഡ് മീന്‍ സംഭരിക്കുന്നത്. 248 സംഘങ്ങള്‍ക്കു ലേലത്തില്‍ പങ്കാളിത്തമുണ്ട്. ഇതിലൂടെ മത്സ്യത്തൊഴിലാളികള്‍ക്കു സ്ഥിര വരുമാനം ഉറപ്പാക്കുന്നു. ഈ വരുമാനത്തിന്റെ വര്‍ധന കൂടിയാണു വിപണി വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം ശുദ്ധമായ മത്സ്യം സുഭിക്ഷമായി എല്ലായിടത്തും ലഭിക്കുക എന്നതും.

സഹകരണ ബാങ്കുകളില്‍ മീന്‍കടയെന്ന പദ്ധതി പാലക്കാട് ജില്ലയില്‍ നടപ്പാക്കിയതിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിച്ചു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. പറളി, മണ്ണാര്‍ക്കാട്, ആലത്തൂര്‍, നല്ലേപ്പിള്ളി, കൊല്ലങ്കോട്, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, കൊപ്പം, നാഗലശ്ശേരി എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകളിലാണു ജില്ലയില്‍ ഫിഷ്മാര്‍ട്ടുകള്‍ ആരംഭിച്ചത്.

മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന നാട്ടുചന്തയുടെ ആദ്യഘട്ടമെന്ന നിലയിലാണു ഫിഷ് മാര്‍ട്ട് ആരംഭിച്ചത്. വിവിധയിനം കടല്‍മത്സ്യങ്ങള്‍ക്കു പുറമെ കായല്‍, പുഴ മത്സ്യങ്ങളും മണ്ണാര്‍ക്കാട് ഫിഷ് മാര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കുടുംബശ്രീയുടെ ചിക്കന്‍, മട്ടണ്‍, ബീഫ് സ്റ്റാളുകളും അനുബന്ധമായുണ്ട്. സ്റ്റാളുകളുടെ ഉദഘാടനം സഹകരണ ജോ. രജിസ്ട്രാര്‍ അനിത.ടി. ബാലന്‍ നിര്‍വഹിച്ചു. മുല്ലാസ് ഗ്രൂപ്പ് എം.ഡി. ഷാജി മുല്ലപ്പള്ളി ആദ്യവില്‍പ്പന ഏറ്റുവാങ്ങി. റൂറല്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.സുരേഷ്, സെക്രട്ടറി എം. പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചെര്‍പ്പുളശ്ശേരിയില്‍ ബാങ്കിന്റെ കര്‍ഷക ഭവനിലാണു ഫിഷ് മാര്‍ട്ട് തുടങ്ങിയത്. കേരള ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം പി.എ. ഉമ്മര്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. ഓണ്‍ലൈന്‍ ഉദ്ഘാടനത്തിനു പുറമെ അതതു ബാങ്കുകളില്‍ പ്രാദേശികമായും ഫിഷ് മാര്‍ട്ടുകളുടെ ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News