സഹകരണ പരീക്ഷ ബോര്‍ഡ് പുനസംഘടിപ്പിച്ചു
സംസ്ഥാന സഹകരണ പരീക്ഷ ബോര്‍ഡ് പുനസംഘടിപ്പിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ ചെയര്‍മാനായും സംസ്ഥാന സഹകരണ യൂണിയന്‍ സെക്രട്ടറി ബോര്‍ഡ് സെക്രട്ടറിയുമായാണ് പുതിയ ഭരണസമിതി. രജിസ്ട്രാറും യൂണിയന്‍ സെക്രട്ടറിയും എക്സ് ഒഫിഷ്യോ അംഗങ്ങളാണ്. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍, സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാലന്‍, കെ.കെ.നാരായണന്‍, എന്‍.കെ.രാമചന്ദ്രന്‍ എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍.
സംസ്ഥാന സഹകരണ യൂണിയന്‍ കേന്ദ്ര പരീക്ഷ ചട്ടം ഒന്ന് അനുസരിച്ച് സഹകരണ യൂണിയന്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി പരീക്ഷ ബോര്‍ഡ് രൂപവത്കരിക്കണമെന്നാണ് വ്യവസ്ഥ. സഹകരണ യൂണിയന് പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടത് അടുത്താണ്. അതുകൊണ്ടാണ് പരീക്ഷ ബോര്‍ഡിലും പുനസംഘടന വേണ്ടിവന്നത്.
പരീക്ഷബോര്‍ഡ് പുനസംഘടിപ്പിക്കണമെന്ന് സഹകരണ യൂണിയന്‍ ഭരണസമിതി തീരുമാനമെടുത്ത് സഹകരണ സംഘം രജിസ്ട്രാര്‍ വഴി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.