സഹകരണ കോളേജ് സംസ്ഥാന കലോത്സവത്തിന് തൃശ്ശൂരിൽ തിരിതെളിഞ്ഞു.
സഹകരണ കോളേജ് സംസ്ഥാന കലോത്സവം “പൂരം 2020″നു തൃശ്ശൂരിൽ തിരി തെളിഞ്ഞു. പാടൂക്കാട് കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിൽ മുൻ മന്ത്രി അഡ്വ കെ.പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ പി.കെ. സുരേഷ്കുമാർ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ സുബ്രഹ്മണ്യൻ, എ.വി. കൃഷ്ണൻ, പ്രോഗ്രാം കൺവീനർ എസ്.ജ്യോതിഷ്, തൃശൂർ കോപ്പറേറ്റീവ് കോളേജ് വൈസ് പ്രസിഡന്റ് ടി.എസ്. സജീവൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ദയാനന്ദൻ എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ 25 കോളേജുകളിൽ നിന്നായി രണ്ടായിരത്തിലധികം പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം രണ്ട് ദിവസങ്ങളിലായാണ് നടക്കുന്നത്. വിവിധ സഹകരണ കോളേജുകളിൽ നിന്നും ഈ വർഷം വിരമിക്കുന്ന 7 അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. സ്റ്റേജിതര മത്സരങ്ങൾ അവസാനിച്ചപ്പോൾ തൃശൂർ കോപ്പറേറ്റീവ് കോളേജ് ഒന്നാംസ്ഥാനത്തും പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് രണ്ടാംസ്ഥാനത്തും ഫാറൂക്ക് കോഓപ്പറേറ്റീവ് കോളേജ് മൂന്നാം സ്ഥാനത്തുമെത്തി. കലോത്സവം നാളെ സമാപിക്കും.