സഹകരണ എക്സ്പോ 2023 വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
ഏപ്രില്‍ 22 മുതല്‍ എറണാകുളത്തു നടക്കുന്ന സഹകരണ എക്സ്പോ 2023ന്റെ ഔദ്യോഗിക വെബ്സൈറ്റ് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. www.cooperativeexpo.com ആണ് വെബ്സൈറ്റ്.
സഹകരണ മേഖലയിലെ ഉത്പന്നങ്ങളേയും സേവനങ്ങളേയും വിപണിയില്‍ കൂടുതല്‍ പരിചയപ്പെടുത്തുക, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തിലേക്കു കൂടുതല്‍ സഹകരണ സംഘങ്ങളെ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സഹകരണ എക്സ്പോ സംഘടിപ്പിക്കുന്നത്. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ നടത്തിയ ജനകീയ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, അഭിമുഖീകരിച്ച വെല്ലുവിളികള്‍ തുടങ്ങിയവ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയെന്നതും എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്സ്പോയുടെ ലക്ഷ്യമാണ്.
സഹകരണ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ്, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എം.എസ്. ഷെറിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.