സഹകരണമേഖല തകരാനനുവദിക്കരുത്
സഹകരണപ്രസ്ഥാനം വെല്ലുവിളി നേരിടുക മാത്രമല്ല, അതിനെ വെല്ലുവിളിക്കുന്നവരുടെ എണ്ണം പെരുകിവരികയും ചെയ്യുന്ന കാലമാണിത്. ഏതെങ്കിലും സംഘത്തിലെ സാമ്പത്തികക്രമക്കേടുകള്‍ സാമാന്യവല്‍ക്കരിച്ച് അവതരിപ്പിക്കുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്. എങ്ങനെ കേരളം ഇങ്ങനെയായെന്നും എങ്ങനെയാണ് ഈ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തമായി നിലനില്‍ക്കുന്നതെന്നും വിസ്മരിച്ചാണ് ഇത്തരം പ്രചരണം. സഹകരണപ്രസ്ഥാനത്തിനു കോട്ടം സംഭവിക്കുമ്പോള്‍ കേരളത്തെ അത് എങ്ങനെ ബാധിക്കുമെന്ന തിരിച്ചറിവുണ്ടാകുന്നില്ല. അത് അപകടകരമായ അവസ്ഥയാണ്. ഗ്രാമീണ സാമ്പത്തിക ഇടപാടിന്റെ 60 ശതമാനവും സഹകരണസംഘങ്ങളെ ആശ്രയിച്ചാണു നടക്കുന്നത്. പ്രാദേശികജനതയ്ക്കു ജീവനോപാധിയും ജീവിതസാഹചര്യവും മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്തവും സഹകരണപ്രസ്ഥാനം ഏറ്റെടുക്കുന്നുണ്ട്. സഹകരണപ്രസ്ഥാനത്തിനു സംഭവിക്കുന്ന ക്ഷീണം പ്രാദേശികമായി ജനങ്ങളുടെ ജീവിതാവസ്ഥയിലും തകര്‍ച്ചയുണ്ടാക്കുമെന്നു അനുഭവങ്ങളിലൂടെ മനസ്സിലാക്കാനാകും.
ഈ പ്രതിസന്ധിഘട്ടത്തിലും നെല്‍ക്കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നത്തിനു പരിഹാരവുമായി മുന്നിട്ടിറങ്ങുന്നതു സഹകരണസംഘങ്ങളാണെന്ന സത്യം ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഒരു വര്‍ഷത്തിലേറേയായി സംഭരിച്ച നെല്ലിനു കൃത്യമായും സമയത്തും കര്‍ഷകര്‍ക്കു പണം കിട്ടുന്നില്ല. കിട്ടുന്ന പണമാകട്ടെ പി.ആര്‍.എസ്. വായ്പ എന്ന പേരില്‍ വാണിജ്യബാങ്കുകളില്‍നിന്നു കര്‍ഷകരുടെ പേരിലുള്ള വായ്പയായാണു ലഭിക്കുന്നത്. ഈ വായ്പ തിരിച്ചടയ്ക്കുന്നതു സപ്ലൈകോ വഴി സര്‍ക്കാരാണ്. അതു മുടങ്ങുമ്പോള്‍ ആത്യന്തികമായി കര്‍ഷകരാണു കടബാധിതരാകുന്നത്. അധ്വാനമൂല്യം വായ്പയായി മാറുകയും അതിന്റെ പേരില്‍ കടക്കാരനാവുകയും ചെയ്യുന്ന ദുരവസ്ഥ കേരളത്തിലെ നെല്‍ക്കര്‍ഷകര്‍ക്കുണ്ടെന്നതു ലജ്ജാകരമായ സ്ഥിതിയാണ്. നെല്ലിന്റെ പണം കര്‍ഷകരുടെ പേരിലുള്ള വായ്പയായല്ലാതെത്തന്നെ നല്‍കാമെന്നും അതു സര്‍ക്കാര്‍ തിരിച്ചടച്ചാല്‍ മതിയെന്നുമുള്ള കാര്യം ഈ നാട്ടിലെ സഹകരണസംഘങ്ങളാണു മുന്നോട്ടുവെച്ചത്. അധ്വാനത്തിന് ഉടന്‍ പ്രതിഫലം കിട്ടുന്നതിനോളം നീതി കര്‍ഷകര്‍ക്കു നല്‍കാനില്ല. ഈ നാട്ടിലെ ഒരു വാണിജ്യബാങ്കിനും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും, എന്തിനു സര്‍ക്കാരിനുപോലും, നല്‍കാന്‍ കഴിയാത്ത ഉറപ്പാണു സഹകരണപ്രസ്ഥാനം മുന്നോട്ടുവെച്ചത്. സഹകരണമേഖലയുടെ തകര്‍ച്ചയ്ക്കു വഴിവെക്കുന്ന ആരോപണങ്ങളുയര്‍ത്തുന്നവര്‍ ഇതിന് എന്താണു ബദല്‍ കാണുന്നത് എന്നുകൂടി തിരിച്ചറിയുന്നതു നന്നാവും. കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ മുടങ്ങിയപ്പോള്‍ ഏറ്റെടുത്തതു സഹകരണപ്രസ്ഥാനം. കര്‍ഷകര്‍ക്കു പലിശരഹിത വായ്പ നല്‍കാന്‍ മുന്നോട്ടുവന്നതു സഹകരണപ്രസ്ഥാനം. ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ സാമ്പത്തികസഹായം നല്‍കിയതു സഹകരണപ്രസ്ഥാനം. 4000 കോടി രൂപയാണു ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ കൊടുത്തിട്ടുള്ളത്. കര്‍ഷകര്‍ക്കുള്ള മറ്റു സഹായങ്ങള്‍ നല്‍കിയതിനു രണ്ടായിരം കോടിയോളം രൂപ വേറെയുമുണ്ട്. ഇതൊന്നും സര്‍ക്കാരില്‍നിന്നു സഹകരണസംഘങ്ങള്‍ക്കു ലഭിച്ചിട്ടില്ല. പക്ഷേ, ജനങ്ങള്‍ക്ക് അതിന്റെ ആശ്വാസം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ നെല്‍ക്കര്‍ഷകര്‍ക്കും അതേരീതിയില്‍ സഹകരണപ്രസ്ഥാനം ആശ്വാസമാകാന്‍ പോകുന്നു. അത്തരമൊരു സമീപനം സഹകരണ പ്രസ്ഥാനത്തിനു മാത്രമേ സ്വീകരിക്കാന്‍ കഴിയൂവെന്നു വിമര്‍ശകര്‍ തിരിച്ചറിയേണ്ടതുണ്ട്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുപോലും സഹകരണസ്ഥാപനങ്ങളുടെ മാതൃകയിലുള്ള സാമൂഹിക ഉത്തരവാദിത്തം സര്‍ക്കാരിനൊപ്പം ചേര്‍ന്നു നിര്‍വഹിക്കാനാവില്ല. കരുവന്നൂര്‍ സഹകരണബാങ്കിലെ ക്രമക്കേടിന്റെ പേരില്‍ സഹകരണപ്രസ്ഥാനത്തിന്റെ പ്രസക്തിയും സാമൂഹിക ഉത്തരവാദിത്തബോധവും ചോദ്യം ചെയ്യുന്നതു തെറ്റാണ്, അബദ്ധവുമാണ്. സഹകരണം തകരുമ്പോള്‍ ഇല്ലാതാവുന്നത് ഈ നാടിന്റെ ജീവിതസാഹചര്യങ്ങള്‍ കൂടിയാകുമെന്ന് എല്ലാവരും തിരിച്ചറിയുന്നതു നല്ലതാണ്.
– എഡിറ്റര്‍
[mbzshare]