സഹകരണമേഖലയ്ക്ക് പ്രത്യേക മന്ത്രാലയവുമായി കേന്ദ്രസര്‍ക്കാര്‍

Deepthi Vipin lal

രാജ്യത്തെ സഹകരണമേഖലയെ ശക്തിപ്പെടുത്താന്‍ പ്രത്യേക മന്ത്രാലയം രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. സഹകരണത്തിലൂടെ സമൃദ്ധി എന്ന കാഴ്ചപ്പാടാണ് മന്ത്രാലയം രൂപീകരിക്കുന്നതിന് പിന്നില്‍. നേരത്തെ കൃഷിവകുപ്പിന് കീഴിലായിരുന്നു സഹകരണവകുപ്പ് പ്രവര്‍ത്തിച്ചിരുന്നത്. മന്ത്രിസഭാ പുനസംഘടനയില്‍ ആര്‍ക്കായിരിക്കും ചുമതല നല്‍കുക എന്നത് വ്യക്തമാകും. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ആണ് ഇത്തരം ഒരു ആശയം മുന്നോട്ട് വച്ചത്. അതാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാകുന്നത്.

സാധാരണ ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ സാധിക്കുന്ന തരം പ്രവര്‍ത്തനങ്ങളാകും പുതിയ മന്ത്രാലയം വഴി ഉണ്ടാവുക എന്ന് കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. നിയമപരവും ഭരണപരവുമായ നയരൂപീകരണമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സഹകരണാധിഷ്ഠിത സാമ്പത്തിക വികസനം ഏറെ പ്രസക്ത മാണെന്നാണ് വിലയിരുത്തല്‍. സഹകരണമേഖലയ്ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശവും സാമ്പത്തിക സഹായവും നല്‍കും. ബജറ്റ് വിഹിതം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടേത് ഉള്‍പ്പടെ നിയന്ത്രണം പുതിയമന്ത്രാലയത്തിന് കീഴിലാവും. വകുപ്പിനായി പുതിയ രജിസ്ട്രാറെയും നിയമിക്കും.

കേന്ദ്ര കൃഷിവകുപ്പിന് കീഴിലുള്ള നാഷണല്‍ കോ-ഓപ്പറേറ്റിവ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളാണ് പ്രധാനമായും സഹകരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നത്. നബാര്‍ഡും പല പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്. സബ്‌സിഡി അടക്കം വലിയ ആനുകൂല്യങ്ങള്‍ ഉണ്ടായിട്ടും പലപ്പോഴും ഇത്തരം പദ്ധതികള്‍ താഴേത്തട്ടിലുള്ള സംഘങ്ങളിലേക്ക് എത്തുന്നില്ലെന്ന്
പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ മന്ത്രാലയ രൂപീകരണം , കേന്ദ്രപദ്ധതികളുടെ കൃത്യമായ നടത്തിപ്പിനും ഉപകരിക്കും. സഹകരണ പ്രസ്ഥാനത്തിന് വലിയ വേരോട്ടമുള്ള കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രമന്ത്രാലയരൂപീകരണത്തെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News