സഹകരണമേഖലയ്ക്കു വന്‍സഹായവുമായി യു.പി, ഹരിയാന സര്‍ക്കാരുകള്‍

moonamvazhi

ഉത്തര്‍ പ്രദേശും ഹരിയാനയും സംസ്ഥാന ബജറ്റുകളില്‍ വന്‍തുക നീക്കിവെച്ചുകൊണ്ട് സഹകരണ- കാര്‍ഷികമേഖലകള്‍ക്കു ശക്തി പകര്‍ന്നു. ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളുടെ സാമ്പത്തികാടിത്തറ ശക്തിപ്പെടുത്താന്‍മാത്രമായി സംസ്ഥാന ബജറ്റില്‍ 100 കോടി രൂപയാണു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. 2021-22 സാമ്പത്തികവര്‍ഷം കാര്‍ഷികമേഖലയില്‍ കൊടുത്തതു 7556 കോടി രൂപയുടെ വായ്പയാണ്. ഇതുവഴി സംസ്ഥാനത്തെ 18.76 ലക്ഷം കര്‍ഷകര്‍ക്കു ഗുണം കിട്ടി. 2022-23 സാമ്പത്തികവര്‍ഷത്തിന്റെ 2022 നവംബര്‍ 30 വരെയുള്ള കാലയളവില്‍ കൊടുത്ത കാര്‍ഷികവായ്പ 6936 കോടി രൂപയുടേതാണ്. 15.14 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം കിട്ടി.

ബുധനാഴ്ച ഉത്തര്‍പ്രദേശ് ധനകാര്യമന്ത്രി സുരേഷ്‌കുമാര്‍ ഖന്ന അവതരിപ്പിച്ച ബജറ്റിലാണു നീക്കിയിരുപ്പിന്റെ വിവരങ്ങളുള്ളത്. ജില്ലാ സഹകരണ ബാങ്കുകള്‍ക്കു 100 കോടി രൂപയുടെ സഹായപദ്ധതി പ്രഖ്യാപിച്ചതിനെ സംസ്ഥാന സഹകരണ ബാങ്ക് ചെയര്‍മാന്‍ തേജ്‌വീര്‍ സിങ് അഭിനന്ദിച്ചു. സാമ്പത്തികാടിത്തറ മോശമായ ബാങ്കുകളുടെ പുനരുജ്ജീവനത്തിന് ഇതുപകരിക്കും. കിഴക്കന്‍ യു.പി.യിലെ ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളുടെ അവസ്ഥ പരിതാപകരമാണ് – അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താകെയുള്ള 50 ജില്ലാ സഹകരണ ബാങ്കുകളില്‍ പതിനേഴെണ്ണത്തിന്റെയും സാമ്പത്തികനില മോശമാണ്.

ക്ഷീര മേഖലയെ ശക്തിപ്പെടുത്താനും ബജറ്റില്‍ പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്. നിലവിലുള്ള മില്‍ക്ക് യൂണിയനുകളുടെ പുനരുജ്ജീവനത്തിനായി 86.95 കോടി രൂപയാണു നീക്കിവെച്ചിരിക്കുന്നത്.

2023-24 ലെ സംസ്ഥാന ബജറ്റില്‍ സഹകരണ-കാര്‍ഷിക-അനുബന്ധ മേഖലകള്‍ക്കായി ഹരിയാന സര്‍ക്കാര്‍ 8316 കോടി രൂപയാണു നീക്കിവെച്ചിരിക്കുന്നത്. ധനകാര്യവകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറാണു ബജറ്റവതരിപ്പിച്ചത്. കര്‍ഷകര്‍ക്കു മെച്ചപ്പെട്ട വരുമാനം കിട്ടാനായി കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ചുവടുപിടിച്ച് സഹകരണ പഞ്ചസാരമില്ലുകളില്‍ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി എത്തനോള്‍ ഉല്‍പ്പാദനം തുടങ്ങാന്‍ ഹരിയാന തീരുമാനിച്ചിട്ടുണ്ട്. മില്ലുകളില്‍ എത്തനോള്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ മൂന്നു വര്‍ഷത്തേക്കു 1200 കോടി രൂപ നീക്കിവെക്കും. സഹകരണ പഞ്ചസാരമില്ലുകളില്‍ ബയോഗാസ് പ്ലാന്റുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ( പി.പി.പി ) യായിരിക്കും ഇവ സ്ഥാപിക്കുക.

കഴിഞ്ഞ കൊല്ലത്തെ ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ച് 771 പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളിലെ കമ്പ്യൂട്ടര്‍വത്കരണം അടുത്തുതന്നെ പൂര്‍ത്തിയാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. പുതുതായി 500 പ്രാഥമിക സഹകരണസംഘങ്ങള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ പിന്തുണ നല്‍കും. മൃഗവളര്‍ത്തലിലൂടെ വരുമാനം വര്‍ധിപ്പിക്കുന്ന സാഞ്ചി ക്ഷീര പദ്ധതിക്കും സംസ്ഥാനത്തു തുടക്കം കുറിച്ചിട്ടുണ്ട്. തൊഴുത്തു നിര്‍മിക്കാന്‍ വേണ്ടത്ര ഭൂമിയില്ലാത്ത കര്‍ഷകരെ സഹായിക്കാനാണ് ഈ പദ്ധതി തുടങ്ങിയത്. ഗ്രാമപ്പഞ്ചായത്തുകളുടെയും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെയും സ്ഥലത്തു ഹരിയാന ക്ഷീരവികസന സഹകരണ ഫെഡറേഷന്‍ തൊഴുത്തുകള്‍ നിര്‍മിച്ച് കന്നുകാലികളെ പരിപാലിക്കാന്‍ ഏര്‍പ്പാടുണ്ടാക്കും. ഇവിടേക്കാവശ്യമായ കാലിത്തീറ്റയും ചികിത്സാസൗകര്യവും ഫെഡറേഷന്‍ ഒരുക്കും. ഇതിനു പുറമേ, ഹരിയാന സംസ്ഥാന സഹകരണ അപക്‌സ് ബാങ്കിനു ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി ) പതിനായിരം കോടി രൂപ കുറഞ്ഞ പലിശനിരക്കില്‍ വായ്പയും അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News