സഹകരണമേഖലയുടെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കുന്നു
ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി സംസ്ഥാനത്തെ സഹകരണ മേഖലയിലുണ്ടാക്കുന്ന ആഘാതത്തിന് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുന്നു. ഇതിനൊപ്പം, സംസ്ഥാന സഹകരണ നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങളും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍, നിധി ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം സംസ്ഥാനത്തെ സാമ്പത്തിക ഘടനയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.
ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ സഹകരണ മേഖലയെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഒരറിയിപ്പും കേരള സര്‍ക്കാരിന് ലഭിച്ചിട്ടില്ല. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സംസ്ഥാന സഹകരണ നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന പ്രാഥമിക സംഘങ്ങളെ കേന്ദ്രനിയമത്തിലെ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കണമെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ലഭിക്കുന്ന നിക്ഷേപം ഇവിടുത്തെ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. എന്നാല്‍, കേന്ദ്ര നിയമം അനുസരിച്ചുള്ള സ്ഥാപനങ്ങള്‍ ഇവിടെനിന്ന് നിക്ഷേപം സ്വീകരിച്ച് കേരളത്തിന് പുറത്തുള്ള വന്‍മുതലാളിമാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഉയര്‍ന്ന പലിശയാണ് അവര്‍ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. ഇതുകൊണ്ട് കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ഒരുകുറവും ഉണ്ടായിട്ടില്ല. 2.75ലക്ഷം കോടിരൂപയുടെ നിക്ഷേപം ഇപ്പോള്‍ സഹകരണ മേഖലയിലുണ്ട്. എന്നാല്‍, രജിസ്ട്രാര്‍ നിശ്ചയിക്കുന്നതിനേക്കാളും ഉയര്‍ന്ന നിരക്കില്‍ നിധി പോലുള്ള സ്ഥാപനങ്ങള്‍ നിക്ഷേപത്തിന് പലിശ നല്‍കുന്നത് കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ശ്രദ്ധയില്‍കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.
ബാങ്കിങ് ഭേദഗതി നിയമത്തിലെ ഭേദഗതി അനുസരിച്ച് കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലിന് അയോഗ്യതവരുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഒരേസമയം രണ്ടുബാങ്കുകളുടെ ഡയറക്ടറായി തുടരുന്നത് അയോഗ്യതയാണെന്നാണ് കേന്ദ്രനിയമത്തിലെ വ്യവസ്ഥ. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള അര്‍ബന്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമെന്ന നിലയിലാണ് ഗോപി കോട്ടമുറിക്കല്‍ കേരളബാങ്കിന്റെ ഡയറക്ടര്‍ ആകുന്നത്. ഇത് അയോഗ്യതയാകുമെന്നായിരുന്നു സംശയം. കേരളബാങ്കിന്റെ അംഗസംഘമാണ് അര്‍ബന്‍ ബാങ്ക് എന്നതിനാല്‍, അയോഗ്യത ബാധകമാകില്ലെന്നാണ് കണക്കാക്കുന്നതെന്ന് മന്ത്രി ഇതിന് വിശദീകരണം നല്‍കി.
സഹകരണ നിയമം പരിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ ഒരുസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കാലോചിതമായ ഒട്ടേറെ മാറ്റം സഹകരണ നിയമത്തില്‍ വരുത്തേണ്ടതുണ്ട്. ഇക്കാര്യം സഹകാരികളുമായും ചര്‍ച്ച നടത്തി തീരുമാനമുണ്ടാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ്, സര്‍വകക്ഷിയോഗം വിളിച്ച് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. സര്‍വകക്ഷിയോഗത്തിലെ തീരുമാനമനുസരിച്ചായിരിക്കും നിയമഭേദഗതിക്കുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
[mbzshare]