സമത്വം വര്‍ഗീസ് കുര്യന്റെ പ്രഥമമൂല്യം – നിര്‍മല കുര്യന്‍

moonamvazhi

സമത്വമായിരുന്നു ഇന്ത്യയുടെ ക്ഷീരസഹകരണപ്രസ്ഥാനത്തിന്റെ കുലപതി ഡോ. വര്‍ഗീസ് കുര്യന്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളില്‍ പ്രഥമമെന്ന് അദ്ദേഹത്തിന്റെ മകള്‍ നിര്‍മലകുര്യന്‍ പറഞ്ഞു.

നവംബര്‍ 26 ഞായറാഴ്ച മില്‍മ എറണാകുളം അങ്കമാലിയിലെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ദേശീയക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതലഉദ്ഘാടനച്ചടങ്ങില്‍ ഡോ. വര്‍ഗീസ് കുര്യന്‍അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു നിര്‍മല കുര്യന്‍.

തുല്യതയ്ക്കു പ്രാധാന്യം നല്‍കിയതുകൊണ്ട് ആനന്ദ് മാതൃകാക്ഷീരസഹകരണപ്രസ്ഥാനത്തിന്റെ തുടക്കകാലത്തുതന്നെ ക്ഷീരസംഘങ്ങളില്‍ പാല്‍ വില്‍ക്കാന്‍ വരുന്നവരെല്ലാം ജാതിമതഭേദമെന്യേ ഒരേവരിയില്‍ത്തന്നെ നില്‍ക്കണമെന്ന് വര്‍ഗീസ് കുര്യന്‍ കര്‍ശനമായി നിര്‍ദേശിച്ചു. ദളിതരുടെ നിഴല്‍പോലും അശുദ്ധമായി കരുതിയ ഒരു ഗ്രാമത്തലവന്‍ താന്‍ വരിയില്‍ ദളിതന്റെ പിന്നില്‍ നില്‍ക്കണോ എന്നു കുര്യനോടു ചോദിച്ചു. വേണമെന്നും ബുദ്ധിമുട്ടാണെങ്കില്‍ ദളിതരെക്കാള്‍ നേരത്തേ ഉണര്‍ന്നു വരിയില്‍ വന്നു നില്‍ക്കണമെന്നുമായിരുന്നു കുര്യന്റെ മറുപടി. ഇന്ത്യ ലോകശക്തിയായി വളരുമെന്നു കുര്യന് ഉറപ്പായിരുന്നു. പുരോഗതിക്കു ഗ്രാമീണരുടെ ജ്ഞാനവിവേകവും  പ്രൊഫഷണലുകളുടെ വൈദഗ്ധ്യവും സമന്വയിപ്പിക്കണമെന്ന് അദ്ദേഹം മനസ്സിലാക്കി. അതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ് ആനന്ദ് സ്ഥാപിച്ചു. അത് അദ്ദേഹത്തിന്റെ  പ്രിയപദ്ധതികളിലൊന്നായിരുന്നു. സ്വപ്നത്തെ ദൗത്യംകൊണ്ടു പിന്തുടരണമെന്നും ലക്ഷ്യബോധവും സ്ഥിരോത്സാഹവും കൈവിടരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഗോളീകരണത്തില്‍ അദ്ദേഹം സംശയാലുവായിരുന്നു. വളരെ മുതല്‍മുടക്കുവേണ്ടതും അതീവസാങ്കേതികവിദ്യാധിഷ്ഠിതവുമായ വ്യവസായങ്ങളില്‍ വിദേശവ്യാപാരം ആവശ്യമാണെങ്കിലും കര്‍ഷകതാത്പര്യം സംരക്ഷിക്കാനും സഹകരണത്തിലൂടെ കര്‍ഷകരുടെ നിലനില്‍പ് ശക്തമാക്കാനും അതു നല്ലതല്ലെന്ന് അദ്ദേഹം കരുതി. തികഞ്ഞ ദേശാഭിമാനിയും ക്രാന്തദര്‍ശിയും സ്ഥാപനസ്രഷ്ടാവുമായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയും ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു. ഇന്ന് ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ്. മൊത്ത ആഭ്യന്തരോത്പാദനത്തിന്റെ 4.5 ശതമാനം അതില്‍നിന്നാണ്. കാര്‍ഷികജി.ഡി.പി.യുടെ 25 ശതമാനമാണിത്. ജീവിതകാലംമുഴുവന്‍ കര്‍ഷകരുടെ ജീവനക്കാരനായി ജീവിച്ചയാളാണു ഡോ. കുര്യന്‍- നിര്‍മലകുര്യന്‍ പറഞ്ഞു. ചങ്ങിനു തുടക്കംകുറിച്ച് അവര്‍ നിലവിളക്കു കൊളുത്തി.

മൃഗസംരക്ഷണ-ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. കുര്യന്‍ വിഭാവന ചെയ്ത പങ്കാളിത്താധിഷ്ഠിതസംവിധാനമാണു മില്‍മ നടപ്പാക്കിയിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. കര്‍ഷകര്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ മില്‍മ നടപ്പാക്കുന്നുണ്ട്. തീറ്റച്ചെലവ് അടക്കം കര്‍ഷകര്‍ക്കുണ്ടാകുന്ന അനുബന്ധച്ചെലവുകള്‍ കുറയ്ക്കാന്‍ മില്‍മ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു.

മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അധ്യക്ഷനായിരുന്നു. രാജ്യത്തിനുതന്നെ മാതൃകയാവുന്ന ക്ഷീരസഹകരണസംഘങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് പുല്‍പ്പള്ളി ക്ഷീരസംഘത്തിനു ദേശീയഗോപാല്‍രത്‌നപുരസ്‌കാരം ലഭിച്ചതു ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.  ലുലു ഇന്റര്‍നാഷലുമായി ചേര്‍ന്നു മില്‍മഉത്പന്നങ്ങള്‍ ലോകവിപണിയിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. മില്‍മ എറണാകുളം മേഖലായൂണിയന്റെ കീഴില്‍ കന്നുകാലികള്‍ക്കുള്ള സമ്പൂര്‍ണഇന്‍ഷുറന്‍സ് പദ്ധതി  ബെന്നി ബെഹനാന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും വലിയ സഹകരണപ്രസ്ഥാനമായി അമുലിനെ വളര്‍ത്തിയ ഡോ. വര്‍ഗീസ് കുര്യന്‍ ലക്ഷക്കണക്കിനു കുടുംബങ്ങളുടെ പട്ടിണി മാറ്റിയെന്നു റോജി എം. ജോണ്‍ എം.എല്‍.എ. പറഞ്ഞു. കാലിത്തീറ്റിവില നിയന്ത്രിച്ചാലേ പാല്‍വിലവര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്കു കിട്ടുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

പ്രീമിയത്തില്‍ 500 രൂപ സബ്്‌സിഡിയോടെയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയും രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന ടെലി-വെറ്ററിനറി മെഡിസിന്‍ പരിപാടിയും ക്ഷീരകര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാവുമെന്ന് മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. ചാലക്കുടിയിലെ ബേക്കറി ആന്റ് കണ്‍ഫെക്ഷണറി യൂണിറ്റില്‍ വൈകാതെ ഡാര്‍ക്ക് ചോക്കലേറ്റും മറ്റും ഉത്പാദിപ്പിക്കാന്‍ കഴിയുംവിധം ആധനികീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ക്ഷീരകര്‍ഷകക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ വി.പി. ഉണ്ണിക്കൃഷ്ണന്‍, മില്‍മ തിരുവനന്തപുരം മേഖലായൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ മണി വിശ്വനാഥ്, മില്‍മ എം.ഡി. ആസിഫ് കെ. യൂസഫ്, കറുകുറ്റി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ലതിക ശശികുമാര്‍, വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി തുടങ്ങിയവര്‍ സംസാരിച്ചു. മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ത്രിതലപഞ്ചായത്തംഗങ്ങള്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.